കൊച്ചി: നിർമ്മാതാവ് രാജൻ സക്കറിയയെ കേസിൽ പ്രതിചേർത്തത് തിരക്കഥാകൃത്തായ യുവതിയെ നടൻ ഉണ്ണിമുകുന്ദനൊപ്പം ചേർന്ന് ഭീഷിണിപ്പെടുത്തിയതായുള്ള പരാതിയിലെന്ന് പൊലീസ്. നടൻ ഉണ്ണി മുകുന്ദന്റെ ഇടപെട്ടത് മൂലം എം ടൗൺ എന്റർടെയ്ന്റ്‌മെന്റ് എന്ന വെബ് പോർട്ടലിൽ തന്റെ മകളുടെ ചിത്രം ഉപയോഗിച്ച് വാർത്ത നൽകിയെന്ന് തിരക്കഥാകൃത്തായ യുവതിയുടെ പിതാവ് നൽകിയ പരാതിയിലാണ് അൻവർ ചിത്രത്തിന്റെ നിർമ്മാതാവായ രാജൻ സക്കറിയയെ പ്രതിചേർത്തിരിക്കുന്നതെന്ന് തൃക്കൊടിത്താനം എസ് ഐ മറുനാടനോട് വ്യക്തമാക്കി. അൻവർ സിനിമയുടെ നിർമ്മാതാവാണ് രാജൻ സക്കറിയ.

കോട്ടയം എസ് പിക്കാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുത്ത്് അന്വേഷണം നടത്താൻ എസ് പി മുഹമ്മദ് റഫീക്ക് തൃക്കൊടിത്താനം എസ് ഐക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഈ സ്റ്റേഷൻ പരിധിയിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. പരാതിയിൽ പരാമർശിക്കപ്പെട്ട യുവതിയുടെ പശ്ചാത്തലം എല്ലാത്തരത്തിലും ഭേദപ്പെട്ടതാണെന്നാണ് പ്രാഥമിക അന്വേഷമത്തിൽ വ്യക്തമായിട്ടുള്ളതെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും വ്യക്തമായതെളിവുകൾ ലഭിച്ചാൽ മേൽനടപടി സ്വീകരിക്കുമെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.

വെബ്‌പോർട്ടൽ പുറത്ത് വിട്ട വാർത്തയുടെ പ്രിന്റ് കോപ്പിയും ലിങ്കും മറ്റും പരിശോധനകൾക്കായി പരാതിക്കാർ സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സൈബർ പൊലീസിൽ നിന്നും വിവരങ്ങൾ കിട്ടിയാൽ ഉടൻ പൊലീസ് എം ടൗൺ എന്റർടെയ്‌മെന്റ് പ്രതിനിധിയെ പൊലീസ് ചോദ്യം ചെയ്യും. ഈ വെബ് സൈറ്റിന് ഈ ചിത്രങ്ങൾ നൽകിയത് ആരെന്നതാകും പൊലീസ് പ്രധാനമായും പരിശോധിക്കുക. കുറ്റം തെളിഞ്ഞാൽ നടനെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. നടൻ രാജൻ സകറിയയ്ക്കെതിരേയും സമാന നടപടി വരും. ഇത് സംഭവിച്ചാൽ ദിലീപിന് ശേഷം അകത്താകുന്ന സിനിമാക്കാരനായി ഉണ്ണി മുകുന്ദൻ മാറും.

അതിനിടെ കേസിലെ പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയുടെ വാദത്തിനിടയിലാണു യുവതിയുടെ അഭിഭാഷകൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. കേസിലെ ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി പ്രതി വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്നും അഭിഭാഷകൻ ആരോപണം ഉന്നയിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങൾ ബോധിപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. 27നു കേസ് വീണ്ടും പരിഗണിക്കുമ്പോൾ പരാതിക്കാരി നേരിട്ടു ഹാജരാകണം. ഭീഷണിയുള്ളതിനാലാണു പരാതിക്കാരിക്കു കോടതിയിലെത്താൻ കഴിയാത്തതെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

എന്നാൽ, എല്ലാ പരാതിക്കാർക്കും പൊലീസ് സംരക്ഷണം നൽകുക പ്രായോഗികമല്ലെന്നു കോടതി നിരീക്ഷിച്ചു.എന്നാൽ തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ ബോധിപ്പിച്ചു. കള്ളക്കേസിൽ കുടുക്കി സൽപേരു നശിപ്പിക്കാനും പണം തട്ടാനുമാണു പരാതിക്കാരിയുടെ ശ്രമമെന്നു നടൻ ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു. പരാതിക്കാരിക്കു പൊലീസ് സംരക്ഷണം നൽകുന്നതിൽ എതിർപ്പില്ലെന്നും ഉണ്ണി മുകുന്ദൻ ബോധിപ്പിച്ചു. ഇതിനിടെയാണ് പുതിയ കേസും ഉണ്ണി മുകുന്ദനെതിരെ വരുന്നത്.

പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയും അഭിഭാഷകനും ചേർന്ന് 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചതായി ആരോപിച്ച് നടൻ ഉണ്ണിമുകുന്ദൻ നൽകിയ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടനെതിരെ യുവതി കോടതിയിൽ വളരെ നേരത്തെ ഹർജി നൽകിയിരുന്നു. ഈ കേസിൽ നടൻ ജാമ്യത്തിലുമാണ്. ഈ സാഹചര്യത്തിലാണ് നടന്റെ പരാതിയിൽ എടുത്തു ചാട്ടങ്ങൾക്ക് പൊലീസ് മുതിരാത്തത്. കൂടുതൽ തെളിവുകൾ ഉണ്ണിമുകുന്ദൻ നൽകാത്തതും ഇതിന് കാരണമാണ്. പരാതിയിൽ ചേരാനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ട് ഒരുമാസത്തോളമെത്തുകയാണ്.

കൈവശമുള്ള തെളിവുകൾ ഹാജരാക്കാൻ പൊലീസ് നേരത്തെ താരത്തോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ പരാതി നൽകിയ അവസരത്തിൽ നൽകിയ വിവരങ്ങൾക്കപ്പുറം കൂടുതൽ തെളിവുകളൊന്നും ഇതുവരെ ഉണ്ണിമുന്ദൻ ഹാജരാക്കിയിട്ടില്ലന്നാണ് ചേരാനല്ലൂർ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. താരത്തിന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ള വസ്തുതകളിൽ കൃത്യമായ വിവരശേഖരണം നടത്തിയ ശേഷം മാത്രം എതിർകക്ഷിയായ യുവതിയെയും മറ്റ് മൂന്നുപേരെയും ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വിധേയമാക്കിയാൽ മതിയെന്നാണ്് ഇപ്പോഴത്തെ പൊലീസ് നിലപാട്.

പരാതിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കോട്ടയം സ്വദേശിനിയായ യുവതിയും മറ്റ് ചിലരും കൊച്ചിയിലെ താമസസ്ഥലത്തെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും റിക്കോർഡ് ചെയ്ത ഫോൺ സംഭാഷങ്ങളും തന്റെ കൈവശമുണ്ടെന്ന് നടൻ വെളിപ്പെടുത്തിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഒറ്റപ്പാലം സ്റ്റേഷനിലാണ് താരം ഇത് സംമ്പന്ധിച്ച് ആദ്യം പരാതിയുമായി എത്തിയത്. പിതാവിന്റെ സ്വദേശം ഈ സ്റ്റേഷൻ പരിധിയിലായതിനാലാണ് ഉണ്ണിമുകുന്ദൻ ഇവിടെ പരാതിനൽകിയത്. എന്നാൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള സംഭവം ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിലാണെന്ന് ബോദ്ധ്യപ്പെട്ട ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിനായി ഫയൽ ഇവിടേക്ക് കൈമാറുകയായിരുന്നു.

യുവതിയുൾപ്പെടെ നാല് പേരെക്കുറിച്ച് പരാതിയിൽ പരാമർശമുണ്ടെന്നും ഉണ്ണിമുകന്ദുൻ നേരിലെത്തി കാര്യങ്ങൾ വിശദമാക്കിയാണ് പരാതി സമർപ്പിച്ചതെന്നും ഒറ്റപ്പാലം എസ് ഐ ആദംഖാൻ മറുനാടനോട് വ്യക്തമാക്കിയിരുന്നു. തിരക്കഥ കേൾക്കണമെന്നാവശ്യപ്പെട്ട് തന്നേ സമീപിച്ച പാലക്കാട് സ്വദേശിനി 25 ലക്ഷം രൂപ രൂപ ആവശ്യപ്പെട്ടെന്നും നൽകിയല്ലങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേർന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്റെ പരാതിയുടെ ഉള്ളടക്കം. എന്നാൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കോടതിയിൽ യുവതി നൽകിയ പരാതിയിലുള്ളത്.

അതുകൊണ്ട് തന്നെ പീഡന കേസിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് ഉണ്ണിമുകുന്ദൻ തിരക്കഥാകൃത്തായ യുവതിക്ക് എതിരെ നൽകിയ പരാതി താൻ നാല് മാസം മുമ്പ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി കേസ് എടുത്തതാണെന്നും യുവതിയുടെ വെളിപ്പെടുത്തലാണ് ഇതിന് കാരണം. ഉണ്ണി മുകുന്ദൻ കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നൽകിയതെന്നും യുവതി പറഞ്ഞു. ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാൻ വേണ്ടി ഞാൻ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്.

തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോൺ വിളിച്ചാണ് കാണാൻ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി. സിനിമാ മേഖലയിൽ ഇത്രയും നല്ല പയ്യൻ ഇല്ലെന്നും തനിച്ച് പോയാൽ മതിയെന്നും സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇത്രയും ഇമേജുള്ള പയ്യൻ ഇല്ല. അങ്ങോട്ട് പെൺകുട്ടികൾ ചെന്നാൽ പോലും ഒഴിഞ്ഞുമാറുന്നയാൾ എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച് ചില പരാതികൾ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോൾ അയാൾ അൽപ്പം ക്ഷോഭത്തിലായിരുന്നു.

കഥ കേൾക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത് ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാൻ എഴുന്നേറ്റപ്പോൾ അയാൾ എന്നെ കയറിപ്പിടിച്ചു. ഞാൻ ബഹളം വെച്ചപ്പോൾ അയാൾ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാൻ പോകുന്നുവെന്ന് പറഞ്ഞു. കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത് മിനിറ്റ് സമയമേ ഞാൻ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ടപ്പോൾ തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അതോ പൊലീസിൽ പോകണോ എന്ന് അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.

ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസിൽ പരാതി നൽകിയില്ല. സെപ്റ്റംബർ 15ന് ഉള്ളിൽ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവർ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ് ഞാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ഒക്ടോബർ ഏഴിന് കോടതിയിൽ എത്തി രഹസ്യമൊഴിയും നൽകി. പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എന്റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നൽകിയത്.

ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണി രണ്ടാൾ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.