കൊച്ചി: പീഡന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരെയാ കുരുക്കു മുറുകുന്നു. പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയതോടെ കേസിൽ ഉണ്ണിക്കെതിരായ നടപടികൾ കൂടുതൽ ഊർജ്ജിതമായേക്കും. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി പ്രതിഭാഗം വക്കീലിന് ക്രോസ് വിസ്താരം നടത്താനുള്ള അവസരം നിഷേധിച്ചതും ഉണ്ണിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തുന്നവരുണ്ട്.

പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദനും പൊലീസ് സംരക്ഷണം വേണമെന്നു പരാതിക്കാരിയായ യുവതിയും നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതേ തുടർന്നാണു പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചത്.

കേസിൽ ഉണ്ണി മുകുന്ദനു ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരി ഹാജരായിരുന്നില്ല. പ്രതിയുടെ ഭാഗത്തുനിന്നുള്ള ഭീഷണിയാണ് ഇതിനു കാരണമായി കോടതിയെ അറിയിച്ചത്. കോടതിയുടെ നിർദ്ദേശപ്രകാരം ശനിയാഴ്ച നേരിട്ടെത്തി മജിസ്‌ട്രേറ്റ് മുൻപാകെ മൊഴി നൽകി.

ഉണ്ണിമുകുന്ദൻ യുവതിയെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് യുവതിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. അടച്ചിട്ട കോടതിയിൽ നടപടിക്രമങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു. യുവതിയെ വിസ്തരിക്കാൻ പ്രതിഭാഗം അനുവാദം ചോദിച്ചെങ്കിലും കോടതി ഇതംഗീകരിച്ചില്ല.

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയത്. സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടർന്ന് ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തിയ തന്നെ നടൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി നൽകിയ പരാതിയെ തുടർന്ന് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. കേസിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ ജാമ്യത്തിലാണ്. നടന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഉണ്ണി മുകുന്ദനെക്കുറിച്ച് നല്ലത് മാത്രമാണ് കേട്ടിരുന്നതെന്നും എന്നാൽ, അദ്ദേഹത്തിന്റെ പ്രവൃത്തി മകൾക്ക് കടുത്ത ആഘാതമുണ്ടാക്കിയെന്നും പരാതിക്കാരിയായ യുവതിയുടെ പിതാവ് പറഞ്ഞു. ഇവരുടെ കുടുംബം വർഷങ്ങളായി വിദേശത്താണ്. ആറാം വയസു മുതൽ യുവതി പഠിച്ചതും വളർന്നതുമെല്ലാം വിദേശത്താണ്. സംഭവത്തെ തുടർന്നാണ് താനടക്കമുള്ള കുടുംബാംഗങ്ങൾ നാട്ടിലെത്തിയതെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി.

എച്ച്ആർ മേഖലയിൽ ജോലി ചെയ്തിരുന്ന യുവതി താനെഴുതിയ തിരക്കഥ സിനിമയാക്കുന്നതിന് വേണ്ടിയാണ് ഓഗസ്റ്റിൽ കേരളത്തിലെത്തിയത്. 'അവൾ രണ്ടു തിരക്കഥകൾ എഴുതിയിരുന്നു. ദുബായിലെ ഒരു പ്രൊഡക്ഷൻ കമ്പനിക്ക് അതിഷ്ടമായതിനെ തുടർന്ന് സിനിമയാക്കാമെന്ന് സമ്മതിച്ചു. സിനിമയിലേക്ക് ഉണ്ണി മുകുന്ദന്റെ ഡേറ്റ് കിട്ടുമോ എന്നറിയാനാണ് അവൾ അദ്ദേഹത്തെ കാണാനെത്തിയത്' -യുവതിയുടെ പിതാവ് പറഞ്ഞു.

അതേസമയം, യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസിൽ കുടുക്കാതിരിക്കാൻ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടൻ പരാതിയിൽ പറഞ്ഞിരുന്നു. കേസ് ഫെബ്രുവരി 24 നു വീണ്ടും പരിഗണിക്കും.സിനിമയുടെ ചർച്ചയ്ക്കായി ഉണ്ണിമുകുന്ദന്റെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. എന്നാൽ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഉണ്ണി മുകുന്ദൻ കോടതിയെ ബോധിപ്പിച്ചത്.