നിലമ്പൂർ: ബിറ്റ്കോയിന് സമാനമായ ന്യൂജനറേഷൻ ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിനിന്റെ പേരിൽ വൻ പണപ്പിരിവ് നിലമ്പൂരിൽ നടന്നിരുന്നു. മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ചതിന് ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന് എതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണവും നടത്തുന്നുണ്ട്. പൊലീസും കേസെടുത്തു. അതിനിടെ നിഷാദുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കിട്ടിയെന്നാണ് സൂചന.

പരിച്ച പണം ചില സിനിമകളിൽ നിഷാദ് മുടക്കിയിട്ടുണ്ടത്രേ. ഈ പണം സിനിമയിലേക്ക് ഒഴുക്കാൻ ശതകോടീശ്വരനായ വ്യവസായിയുടെ വിശ്വസ്തൻ ഇടനില നിന്നുവെന്നാണ് സൂചന. ശതകോടീശ്വരൻ അറിയാതെയാണ് ഈ ഇടപാടുകൾ നടന്നത്. പല സിനിമാക്കാർക്കും ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. നിഷാദിന്റെ സാമ്പത്തിക ക്രമക്കേട് അന്വേഷണത്തിൽ പല പ്രമുഖ സിനിമാക്കാരിൽ നിന്നും വരും ദിവസങ്ങളിലും ഇഡി മൊഴി എടുക്കാനാണ് സാധ്യത. നിഷാദ് മൗറീഷ്യസിലേക്ക് കടന്നുവെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശതകോട്വീശ്വര ബന്ധമുള്ള ഉന്നതനാണ് നിഷാദിന് വേണ്ടി സിനിമാക്കാരുമായി സംസാരിച്ചിരുന്നതെന്നാണ് മറുനാടന് ലഭിച്ച സൂചന. നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടന്നിരുന്നു. യഥാർത്ഥത്തിൽ മേപ്പടിയാൻ എന്ന ചിത്രത്തിലെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് ചോദിച്ചറിയുകയാണ് ഇഡി ചെയ്തത്. ഇതെല്ലാം വിശദപരിശോധനയ്ക്ക് ഇഡി വിധേയമാക്കും. അഞ്ചു കോടിയുടെ കണക്കാണ് ഉണ്ണി മുകുന്ദനോട് ചോദിച്ചതെന്നാണ് സൂചന. ഇതിനെല്ലാം നടൻ കൃത്യമായ ഉത്തരവും നൽകി.

നിഷാദ് കളിയിടുക്കിലിന് സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. മണി ചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പു നടന്നു. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും നിക്ഷേപകരോടു നിഷാദ് കളിയിടുക്കിൽ പറഞ്ഞിരുന്നു.

വൻതോതിൽ നിക്ഷേപം സ്വീകരിച്ച കമ്പനിക്കെതിരേ പരാതികൾ ഉയർന്നതോടെ വിശദീകരണവുമായി കമ്പനി സിഇഒ നിഷാദ് കിളിയിടുക്കിൽ രംഗത്തെത്തിയിരുന്നു, പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവർക്ക് റീഫണ്ട് ഓപ്ഷൻ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെവാങ്ങാമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നിഷാദ് പറഞ്ഞിരുന്നു. 2018ൽ പ്രവർത്തനമാരംഭിച്ചുവെന്ന് പറയുന്ന കമ്പനിയുടെ വെബ് സൈറ്റിൽ തങ്ങളുടേത് ഓൺലൈൻ പഠന സംരംഭമാണെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെല്ലാം ഇഡി തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയതോടെയാണ് നിഷാദ് രാജ്യം വിട്ടത്. എങ്കിലും രാജ്യത്തെ നിക്ഷേപങ്ങൾ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.

ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കേരളാ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പും കേസിൽ ഒരാൾകൂടി പിടിയിലായിരുന്നു. ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷിനെയാണ് കണ്ണൂർ സിറ്റി അസി. കമ്മിഷണർ പി.പി.സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഇറനീഷിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.

തട്ടിപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയതിന്റെ മുഖ്യസൂത്രധാരൻ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദാണെന്ന് (നിഷാദ് കളിയിടുക്കിൽ)പൊലീസും കണ്ടെത്തിയിരുന്നു. മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് നേരത്തേ രജിസ്റ്റർചെയ്ത കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യമെടുത്ത ഇയാൾ രാജ്യം വിടുകയായിരുന്നു. സൗദി വഴി മൗറീഷ്യസിൽ എത്തിയെന്നാണ് സൂചന. ബെംഗളൂരുവിലെ ലോങ്‌റിച്ച് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. കമ്പനിയിൽ നിക്ഷേപം നടത്തുന്നവർക്ക് ദിവസവും രണ്ടുമുതൽ അഞ്ചുശതമാനംവരെ പലിശ വാഗ്ദാനംചെയ്തും ക്രിപ്‌റ്റോ കറൻസി വാഗ്ദാനംചെയ്തും 1,265 കോടി പിരിച്ചെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്ത് മണിചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്. ബാങ്ക് അക്കൗണ്ടുകളിൽ അവശേഷിച്ച 36 കോടി രൂപ മരവിപ്പിച്ചതായി പൊലീസ് പറഞ്ഞു. അനിയന്ത്രിത നിക്ഷേപപദ്ധതി നിരോധനനിയമം പ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടും.