- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊഡക്ഷൻ കമ്പനിയുടെ ഫണ്ടിങും സോഴ്സും അറിയാൻ എത്തിയതാണ് അവർ; കണക്കുകൾ നൽകിയെന്ന് ഉണ്ണി മുകുന്ദൻ; കൊച്ചിയിലെ അൻസാരി നെക്സ്ടെൽ, ട്രാവൻകൂർ ബിൽഡേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളിലും ഇഡി പരിശോധന; പരിശോധന മോറിസ് കോയിൻ തട്ടിപ്പിൽ 1200 കോടി പോയ വഴികൾ തേടി
കോഴിക്കോട്: തന്റെ ഓഫീസിലും വീട്ടിലും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എത്തിയത് പുതുതായി തുടങ്ങിയ നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ടാണെന്ന് സ്ഥിരീകരിച്ചു നടൻ ഉണ്ണി മുകുന്ദൻ. താൻ ആദ്യമായി നിർമ്മിക്കുന്ന 'മേപ്പടിയാൻ' സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അറിയാൻ ആയിരുന്നു ഇഡി പരിശോധന നടത്തിയതെന്ന് ഉണ്ണി വ്യക്തമാക്കി. 'ഞാനൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു. അതിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് 'മേപ്പടിയാൻ'. അതിന്റെ ഫണ്ടിങും സോഴ്സും ഒക്കെ അറിയാൻ എത്തിയതായിരുന്നു അവർ. കണക്കുകളൊക്കെ കൃത്യമായി നൽകി. ഞങ്ങളും സഹകരിച്ചു. പോസിറ്റിവായിരുന്നു എല്ലാം.'ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസിൽ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് എന്നായിരുന്നു ഇഡിയുടെ വിശദീകരണം. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി തന്നെയാണ് ചിത്രത്തിലെ നായകൻ. കോട്ടയം, എറണാകുളം ജില്ലകളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ മേപ്പടിയാൻ റിലീസ് കോവിഡ് പ്രതിസന്ധിയോടെയാണ് നീണ്ട് പോയത്. നവാഗതനായ വിഷ്ണു മോഹനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ജനുവരി 14 ന് റിലീസ് ചെയ്യാനിരിക്കയാണ് ഇ ഡി റെയ്ഡ് ഉണ്ടായിരിക്കുന്നത്.
അതേസമയം ഉണ്ണി മുകുന്ദന്റെ വീട്ടിൽ പരിശോധന നടത്തിയത് കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. പരിശോധനയിൽ കറൻസിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തു. 1200 കോടിരൂപയുടെ മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലാണ് ഇന്നലെ ഇഡി പരിശോധന നടത്തിയത്.
മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരിൽ നിന്നായി തട്ടിച്ച സംഭവത്തിൽ കണ്ണൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മലപ്പുറം സ്വദേശിയായ കെ നിഷാദാണ് കേസിലെ പ്രധാന പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. സംഭവത്തിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഉണ്ണി മുകുന്ദൻ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടന്റെ വീട്ടിലും ഓഫീസിലും ഇഡി പരിശോധന നടത്തിയത്.
കൊച്ചിയിൽ അൻസാരി നെക്സ്ടെൽ, ട്രാവൻകൂർ ബിൽഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിങ്, സ്റ്റോക്സ് ഗ്ലോബൽ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകൾ നടന്നു. തമിഴ്നാട്ടിൽ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വിവിധ ആളുകളുടെ അറസ്റ്റടക്കം ഉടനുണ്ടാകുമെന്നാണ് ഇഡി നൽകുന്ന സൂചന. മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 6 പേരെയാണ് കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേരളത്തിൽ വിവിധ ജില്ലകളിൽ മോറിസ് കോയിൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വിവിധ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിന് ഇരയായവർ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അന്വേഷണം ഗൗരവമായി ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഇഡിയുടെ രംഗപ്രവേശം. ഇഡി ഉദ്യോഗസ്ഥർക്കു മുന്നിലും ഒട്ടേറെ പേർ പരാതിയുമായി എത്തിയിരുന്നു. കണ്ണൂർ സ്വദേശിയായ നിഷാദ് അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാളുടെ ഓരോ ഇടപാടുകളും പുറത്തുവരാൻ തുടങ്ങിയത്.
മോറിസ് കോയിൻ വഴി പിരിച്ച ഫണം ചില സിനിമകളിൽ നിഷാദ് മുടക്കിയിട്ടുണ്ടത്രേ. ഈ പണം സിനിമയിലേക്ക് ഒഴുക്കാൻ ശതകോടീശ്വരനായ വ്യവസായിയുടെ വിശ്വസ്തൻ ഇടനില നിന്നുവെന്നാണ് സൂചനകൾ വ്യക്തമായിട്ടുണ്ട്. ശതകോടീശ്വരൻ അറിയാതെയാണ് ഈ ഇടപാടുകൾ നടന്നത്. പല സിനിമാക്കാർക്കും ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. നിഷാദിന്റെ സാമ്പത്തിക ക്രമക്കേട് അന്വേഷണത്തിൽ പല പ്രമുഖ സിനിമാക്കാരിൽ നിന്നും വരും ദിവസങ്ങളിലും ഇഡി മൊഴി എടുക്കാനാണ് സാധ്യത. നിഷാദ് മൗറീഷ്യസിലേക്ക് കടന്നുവെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.
കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശതകോട്വീശ്വര ബന്ധമുള്ള ഉന്നതനാണ് നിഷാദിന് വേണ്ടി സിനിമാക്കാരുമായി സംസാരിച്ചിരുന്നതെന്നാണ് മറുനാടന് ലഭിച്ച സൂചന. നിഷാദ് കളിയിടുക്കിലിന് സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. മണി ചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പു നടന്നു. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും നിക്ഷേപകരോടു നിഷാദ് കളിയിടുക്കിൽ പറഞ്ഞിരുന്നു.
വൻതോതിൽ നിക്ഷേപം സ്വീകരിച്ച കമ്പനിക്കെതിരേ പരാതികൾ ഉയർന്നതോടെ വിശദീകരണവുമായി കമ്പനി സിഇഒ നിഷാദ് കിളിയിടുക്കിൽ രംഗത്തെത്തിയിരുന്നു, പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവർക്ക് റീഫണ്ട് ഓപ്ഷൻ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെവാങ്ങാമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നിഷാദ് പറഞ്ഞിരുന്നു. 2018ൽ പ്രവർത്തനമാരംഭിച്ചുവെന്ന് പറയുന്ന കമ്പനിയുടെ വെബ് സൈറ്റിൽ തങ്ങളുടേത് ഓൺലൈൻ പഠന സംരംഭമാണെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെല്ലാം ഇഡി തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയതോടെയാണ് നിഷാദ് രാജ്യം വിട്ടത്. എങ്കിലും രാജ്യത്തെ നിക്ഷേപങ്ങൾ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ