കൊച്ചി: ഓൺലൈൻ പോർട്ടൽ വഴി നടൻ ഉണ്ണിമുകുന്ദൻ അപകീർത്തികരമായ വാർത്ത നൽകിയെന്നുള്ള കോട്ടയം സ്വദേശിനിയും തിരക്കഥാകൃത്തുമായ യുവതി നൽകിയ പരാതിയിൽ നടപടിവൈകുന്നത് സൈബർ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലെന്ന് സൂചന.

കോട്ടയം എസ് പി ക്ക് നൽകിയ പരാതിയിൽ തൃക്കൊടിത്താനം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്. പരാതിക്കാർ സമർപ്പിച്ച വിവരങ്ങൾ പ്രകാരം ഐ പി സി 119 ബി വകുപ്പനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നാണ് നിയമ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

നിർമ്മാതാവ് രാജൻ സക്കറിയ, നടൻ ഉണ്ണിമുകുന്ദൻ, ഓൺലൈൻ പോർട്ടലിന്റെ നടത്തിപ്പുകാരൻ എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഓൺലൈൻ പോർട്ടൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് അമേരിക്കയിലാണെന്നും വാർത്ത പോസ്റ്റുചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്നും ഇതിനകം തന്നെ പൊലീസിന് വിവരം ലഭിച്ചിതായും അറിയുന്നു.

എന്നാൽ ഇക്കാര്യത്തിൽ സൈബർ സെൽ വിഭാഗം നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും നടപടികൾ പുരോഗമിക്കുക എന്നാണ് പൊലീസ് സ്ഥിരീകരണം. രാജൻ സക്കറിയയെ കേസിൽ പ്രതിചേർത്തത് തിരക്കഥാകൃത്തായ യുവതിയെ നടൻ ഉണ്ണിമുകുന്ദനൊപ്പം ചേർന്ന് ഭീഷിണിപ്പെടുത്തിയതായുള്ള പരാതിയിലെ പരാമർശത്തെത്തുടർന്നാണെന്നാണ് പൊലീസ് വെളിപ്പെടുത്തൽ.

നടൻ ഉണ്ണി മുകുന്ദന്റെ ഇടപെട്ട് മൂലം വെബ് പോർട്ടലിൽ തന്റെ മകളുടെ ചിത്രം ഉപയോഗിച്ച് അപകീർത്തി കരമായ വാർത്ത നൽകിയെന്നാണ്് തിരക്കഥാകൃത്തായ യുവതിയുടെ പിതാവ് നൽകിയ പരാതിയിലെ പ്രധാന ആരോപണം.

പരാതിയിൽ പരാമർശിക്കപ്പെട്ട യുവതിയുടെ കുടുംമ്പപശ്ചാത്തലം എല്ലാത്തരത്തിലും ഭേദപ്പെട്ടതാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും വ്യക്തമായതെളിവുകൾ ലഭിച്ചാൽ മേൽനടപടി സ്വീകരിക്കുമെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.