- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്കയുടെ ആത്മഹത്യ: അറസ്റ്റിലായ ഭർത്താവ് ഉണ്ണി രാജൻ പി ദേവ് റിമാന്റിൽ; 14 ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ട് നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി
തിരുവനന്തപുരം: അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്കൂളിലെ കായികാദ്ധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും സിനിമാതാരവുമായ ഉണ്ണി രാജൻ. പി. ദേവിനെ നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ 14 ദിവസത്തേക്ക് തിരുവനന്തപുരം ജില്ലാ ജയിലിലേക്കാണ് റിമാന്റിൽ വയ്ക്കാൻ ഉത്തരവായത്. അങ്കമാലി കറുകുറ്റി സ്വദേശിയും അന്തരിച്ച സിനിമാ താരം രാജൻ. പി. ദേവന്റെ മകനുമാണ് ഉണ്ണി.
മെയ് 12 ഉച്ചയ്ക്ക് 2 മണിക്കാണ് വെമ്പായം തേക്കട കാരംകോട് കരിക്കകം വിഷ്ണുഭവനിൽ ജയ മകൾ ജെ. പ്രിയങ്ക വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തലേദിവസം ഭർത്താവും ഭർതൃ മാതാവും ചേർന്ന് തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം റൂറൽ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയുടെ മരണശേഷം സഹോദരൻ വിഷ്ണുവും പൊലീസിൽ പരാതി നൽകി. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ അടയാളങ്ങൾ അടക്കമുള്ള തെളിവുകൾ ഉൾപ്പടെയാണ് പരാതി നൽകിയത്.
ആദ്യം അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം രജിസ്റ്റർ ചെയ്ത് കേസിന്റെ എഫ്.ഐ.ആർ. തിരുവനന്തപുരം സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് ആയ ആർ.ഡി.ഒ.കോടതിയിലാണ് വട്ടപ്പാറ പൊലീസ് ഹാജരാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ പ്രേരണ , സ്ത്രീധന പീഡന മരണം എന്നിവ ചുമത്തിയുള്ള അഡീഷണൽ റിപ്പോർട്ട് ,ആർ.ഡി.ഒ കോടതിയിൽ നിന്ന് തിര്യെ വാങ്ങിയ കേസ് റെക്കോർഡുകൾ എന്നിവ നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഉണ്ണിയെയും ഉണ്ണിയുടെ മാതാവ് ശാന്തമ്മയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്.
മെയ് 25 നാണ് ഉണ്ണിയെ അങ്കമാലി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവർ വാടകക്ക് താമസിച്ചിരുന്ന കാക്കനാട് ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേ സമയം പ്രിയങ്ക തന്റെ മാതാവിനെ അകാരണമായി മർദ്ദിച്ചതിനാലാണ് താൻ പ്രിയങ്കയെ ഉപദ്രവിച്ചതെന്ന കുറ്റസമ്മത മൊഴിയാണ് ഉണ്ണി അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പിക്ക് നൽകിയിരിക്കുന്നത്.
അങ്കമാലി സ്കൂളിൽ കായിക അദ്ധ്യാപികയായിരുന്നു പ്രിയങ്ക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമാണ് പ്രിയങ്ക. അച്ഛന്റെ മരണശേഷം അമ്മ വീട്ടുജോലികൾ ചെയ്താണ് മകളെ പഠിപ്പിച്ചു. സ്പോർട്ട്സിൽ സജീവമായിരുന്ന പ്രിയങ്കക്ക് അദ്ധ്യാപികയായി ജോലി കാട്ടിയാണ് അങ്കമാലി സ്കൂളിലെത്തിയത്. ഇവിടെ വച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. സൗഹൃദം പതിയെ പ്രണയത്തിലേക്കും തുടർന്ന് മിന്നുകെട്ടിലും കലാശിച്ചു.
2019 നവംബർ 21ന് ഇരു വീട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ ജാതി മതാചാരപ്രകാരം വിവാഹം നടന്നു. വിവാഹവുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാർ 30 പവൻ സ്വർണം വധുവിനെ അണിയിക്കുകയും ഭർത്താവിന് പണവും നൽകിയിരുന്നു. ആറുമാസത്തിന് ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികവും ശാരീരികമായും പീഡിപ്പിച്ച് പ്രിയങ്കയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് കേസ്.