തൃക്കാക്കര : ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് ഉണ്ണിമേരി. കോളിവുഡിലും മോളിവുഡിലും കൈനിറയെ സിനിമകൾ. ആദ്യകാലത്ത് മാദകനടി എന്ന ലേബലിലായിരുന്നു. ക്രമേണ നായിക പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു തുടങ്ങി. വയസ്സ് അമ്പത് പിന്നിട്ടതോടെ അഭിനയം നിർത്തിയെന്ന് പ്രഖ്യാപിച്ചു. പിന്നെ ആത്മീയ ശാന്തി തേടിയായി യാത്രയും തുടങ്ങി. അതിനിടെയിലും സർക്കാരിന്റെ ഭൂമി കൈവശം വച്ചു. പല ന്യായങ്ങൾ പറഞ്ഞ് വിട്ടുകൊടുത്തില്ല. ഇപ്പോഴിതാ റവന്യൂ വകുപ്പ് ഈ വസ്തു തിരിച്ചുപിടിച്ചു.

ഉണ്ണിമേരിയും കുടുംബവും അനധികൃതമായി കൈവശം വച്ച സർക്കാർ ഭൂമി റവന്യൂ അധികൃതർ തിരിച്ചുപിടിച്ചു. സീ പോർട്ട് എയർ പോർട്ട് റോഡിൽ ഓലിമുകൾ ജംഗ്ഷനിലെ എയർമാൻ സെന്ററിന് സമീപത്തെ എട്ടര കോടിയോളം രൂപ വിലമതിക്കുന്ന 46 സെന്റ് സ്ഥലമാണിത്. ഉണ്ണിമേരിയുടെയും ഭർത്താവ് റിജോയ് അലക്‌സിന്റെയും പേരിലുള്ള മൂന്നരയേക്കർ ഭൂമിയോട് ചേർന്നാണ് കൈയേറ്റഭൂമി.

ഇന്നലെ കാക്കനാട് വില്ലേജ് ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിൽ ഇത് അളന്നെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചു. 1959 മുതൽ ഇവർ കൈവശം വച്ച് മൊത്തം ഭൂമിയിൽ റബർ കൃഷി നടത്തി വരികയായിരുന്നു. കാക്കനാട് വില്ലേജിൽ സർക്കാർ ഭൂമി കൈയേറിയ നിരവധി പേരുണ്ട്. പത്ത് സെന്റിന് പട്ടയം കിട്ടിയവർ പോലും ഒരേക്കർ മുതൽ രണ്ടര ഏക്കർ വരെ കൈവശപ്പെടുത്തിയിട്ടുണ്ട്. അനധികൃത കൈയേറ്റങ്ങൾ മുഴുവൻ ഒഴിപ്പിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.

കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, ഏപ്രിൽ 18 തുടങ്ങിയ മലയാള സിനിമകളിലേയും ജാണി, മുന്താണൈ മുടിച്ച്, ചിപ്പിക്കുൾ മുത്ത് തുടങ്ങിയ തമിഴ് സിനിമകളിലേയും കഥാപാത്രങ്ങളിലൂടെയാണ് ഉണ്ണിമേരി ശ്രദ്ധേയായത്. അന്തരംഗം എന്ന സിനിമയിലൂടെയാണ് തമിഴിലെത്തിയത്. അതിനിടക്ക്, കോളേജ് അദ്ധ്യാപകനായ റെജോയ്യുമായുള്ള വിവാഹം നടന്നു. വിവാഹശേഷം വെള്ളിത്തിരയിൽ ഉണ്ണിമേരി സജീവമായിരുന്നില്ല