ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയതോടെ, ഉത്തർപ്രദേശിലെ ഗുണ്ടാരാജ് പതുക്കെ അവസാനിക്കുന്നു. പൊലീസിന്റെ തോക്കിനിരയാകുമെന്ന് ഭയന്ന ഗുണ്ടകൾ, ക്ഷമിക്കണമെന്നും ഇനി ഒന്നും ചെയ്യില്ലെന്നുമുള്ള പ്ലക്കാർഡുമായി രംഗത്തെത്തിയ ചിത്രം ഇതിനകം വൈറലാവുകയും ചെയ്തു. മീററ്റി കൈറാന പട്ടണത്തിലുള്ള രണ്ട് കുറ്റവാളികളാണ് ജീവൻ രക്ഷിക്കാൻ പരസ്യമാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

സലിംഅലി, ഇർഷാദ് അഹമ്മദ് എന്നീ കുറ്റവാളികളാണ് പരസ്യമായി രംഗത്തുവന്നത്. ഇനി താനൊരു കുറ്റകൃത്യത്തിലും പങ്കെടുക്കില്ലെന്നും കഠിനാധാനം ചെയ്ത് ജീവിച്ചോളാമെന്നും പ്ലക്കാർഡിൽ പറയുന്നത്. കൊള്ളയും കൊലപാതകവുമായി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാമ് ഇരുവരും. അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരും ഇക്കാര്യം വ്യക്തമാത്തി ഷംലി എസ്‌പി. അജയ് പൈ ശർമയ്ക്ക് സത്യവാങ്മൂലവും നൽകി.

ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് കടുത്ത നടപടികളെടുക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശമാണ് ഇരുവരെയും മര്യാദരാമന്മാരാക്കിയത്. കുറ്റവാളികളെന്ന നിലയിൽ പൊലീസിന്റെ തോക്കിനിരയാകേണ്ടെന്ന തീരുമാനത്തിന്റെ പുറത്താണ് മാപ്പപേക്ഷയുമായി രംഗത്തുവന്നതെന്ന് സലീം അലിയും ഇർഷാദ് അഹമ്മദും പറയുന്നു. സമാധാനത്തോടെ കുടുംബത്തോടൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും ഇവർ മാപ്പപേക്ഷയിൽ പറയുന്നു.

ഇരുവരുടെയും പേരിൽ ഒമ്പത് കേസുകൾ വീതമുണ്ടെന്ന് കൈരാന സ്റ്റേഷൻ ഓഫീസർ ഭഗവത് സിങ് പറഞ്ഞു. ഒരുമാസം മുമ്പാണ് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇരുവരും തന്നെ നേരിട്ട് കണ്ടിരുന്നുവെന്ന് എസ്‌പി. ശർമയും വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽനിന്ന് പിന്മാറാനുള്ള അവരുടെ തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ അവരുടെ കുറ്റകൃത്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസിന് പൂർണ സ്വാതന്ത്ര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയതോടെ യുപി ഗുണ്ടാരാജിൽനിന്ന് പതുക്കെ മോചിതമാകുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ, 12-ഓളം ഗുണ്ടകളെ ഷംലിയിൽമാത്രം പൊലീസ് വെടിവെച്ചുകൊന്നു. നിരവധിപേർക്ക് പരിക്കേറ്റു. ഗുണ്ടകളെ കൊലചെയ്യുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്തമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.