രു റോഡ് അപകടത്തിന്റെ രൂപത്തിലാണ് ഹർസ്വരൂപ് മൗര്യയുടെ ജീവിതത്തെ വിധി കടന്നാക്രമിച്ചത്. അരയ്ക്ക് താഴോട്ട് തളർന്നുപോയ ഈ 25-കാരന് എഴുന്നേറ്റുനിൽക്കണമെങ്കിൽ വിദഗ്ധ ചികിത്സ വേണം. ജോലിക്ക് പോകാനാകാതെ വന്നതോടെ വീടിന്റെ കടവും വർധിച്ചു. ഭാര്യയും മാതാപിതാക്കളുമടങ്ങുന്ന അഞ്ചുപേർ മുഴുപ്പട്ടിണിയിൽ. ഇതിനിടെ, ദുരിതജീവിതത്തിലേക്ക് പിറന്നുവീണ കുഞ്ഞിനെ വിൽക്കുകയല്ലാതെ ഹർസ്വരൂപിന് വേറെ മാർഗമുണ്ടായിരുന്നില്ല.

15 ദിവസം പ്രായമായ ആൺകുഞ്ഞിനെ വിൽക്കുകയല്ലാതെ തനിക്കുമുന്നിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ലെന്ന് ഹർസ്വരൂപ് പറയുന്നു. 42,000 രൂപയുടെ വിൽപന വാർത്തയായതോടെ, ഹർസ്വരൂപിനെ ജില്ലാ അധികൃതരെത്തി നവാബ്ഗഞ്ജ് ജില്ലാ ആശുപത്രിയിലെത്തിച്ചു. തന്റെ ചികിത്സയ്ക്കുവേണ്ടി ഭാര്യ അവരുടെ ആഭരണവും വസ്തുക്കളുമെല്ലാം വിറ്റുവെന്ന് ഹർസ്വരൂപ് പറഞ്ഞു. ബന്ധുക്കളിൽനിന്ന് കടംവാങ്ങിയാണ് ഇപ്പോൾ ചികിത്സിച്ചുകൊണ്ടിരുന്നത്.

ലഖ്‌നൗവിലെയോ ന്യൂഡൽഹിയിലെയോ ആശുപത്രിയിൽ കൊണ്ടുപോയാൽ വിദഗ്ധ ചികിത്സ കിട്ടുമെന്ന് കേട്ടതുകൊണ്ടാണ് കു്ട്ടിയെ വിൽക്കുകയെന്ന കടുംകൈയിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് ഹർസ്വരൂപിന്റെ ഭാര്യ സഞ്ജു പറഞ്ഞു. അങ്കിത് എന്നായിരുന്നു കുട്ടിക്കിട്ട പേര്. അവനെ അപരിതരായ ദമ്പതിമാർക്ക് വിൽക്കാതിരുന്നെങ്കിൽ തന്റെ മറ്റു രണ്ടുമക്കൾ പട്ടിണി കിടന്നു മരിക്കുമായിരുന്നുവെന്ന് സഞ്ജു പറയുന്നു.

എന്നാൽ, പണം നൽകിയാണ് കുട്ടിയെ വിറ്റതെന്ന വാർത്ത ജില്ലാ അധികൃതർ നിഷേധിച്ചു. ദത്തെടുക്കൽ നിയമപ്രകാരമാണ് കൈമാറ്റം നടന്നതെന്നും ഹർസ്വരൂപിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അധികൃതർ പറഞ്ഞു. സബ്‌സിഡി ഇനത്തിൽ ഭക്ഷ്യധാന്യം കിട്ടുന്നതിനായി ഹർസ്വരൂപിന്റെ കുടുംബത്തിന്റെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. ഹർസ്വരൂപിന് വികലാംഗനാണെന്ന സർട്ടിഫിക്കറ്റ് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് നവാബ്ഗഞ്ജ് ബ്ലോക്ക് കളക്ടർ കുൻവർ പങ്കജ് പറഞ്ഞു.