ക്രിമിനലുകളെയും സാമൂഹിക വിരുദ്ധരെയും ഇല്ലാതാക്കി സുരക്ഷിതമായ ഉത്തർപ്രദേശ് ഒരുക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. എന്നാൽ, ഇതിനുവേണ്ടി മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുമ്പോൾ പൊലിയുന്നത് നിരപരാധികളുടെ ജീവൻകൂടിയാണ്. ഇന്നലെ വീട്ടുമുറ്റത്ത് കൂട്ടുകാരുമായി കളിച്ചുകൊണ്ടിരുന്ന എട്ടുവയസ്സുകാരൻ മാധവ് ഭരദ്വാജ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത് ഉദാഹരണം. മധുരയിലെ മോഹൻപുര ഗ്രാമത്തിൽ ക്രിമിനലുകളെ നേരിടുന്നതിനിടെയാണ് പൊലീസിന്റെ വെടിയുണ്ട മാധവിന്റെ ജീവനപഹരിച്ചത്.

ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിരവധി തവണ ഇടപെട്ടിട്ടും യുപി പൊലീസ് കൂസലില്ലാതെ മുന്നേറുകയാണ്. ആദിത്യനാഥ് സർക്കാർ അധികാരമേറ്റശേഷം ഇതേവരെ സംസ്ഥാനത്തെമ്പാടുമായി 900-ത്തോളം വെടിവെപ്പുകളാണ് നടന്നത്. 33 പേർ മരിച്ചു 196 പേർക്ക് പരിക്കേറ്റു. വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ട അവസാനത്തെയാളാണ് എട്ടുവയസ്സുകാരൻ മാധവ്. ക്രിമിനലുകളുമായുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ 212 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

അടുത്തിടെ മോഹൻപുര ഗ്രാമത്തിൽ നടന്ന കൊള്ളയിൽ പങ്കെടുത്ത മൂന്ന് ക്രിമനലുകൾ ഗ്രാമത്തിലെത്തിയിട്ടുണ്ടെന്ന വിവരം അനുസരിച്ചാണ് മൂന്ന് പൊലീസുകാർ ഗ്രാമത്തിലെത്തിയത്. ക്രിമനലുകൾ വെടിവെച്ചപ്പോൾ പൊലീസ് തിരിച്ചുവെടിവെക്കുകയായിരുന്നുവെന്നാ്ണ് അധികൃതർ പറയുന്നത്. എന്നാൽ, പൊലീസിന്റെ വെടിയുണ്ടയ്ക്കിരയായത് മാധവാണെന്ന് മാത്രം. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാധവിനെ രക്ഷിക്കാനായില്ല.

പൊലീസ് പറയുംപോലെ ഗ്രാമത്തിൽ ഏറ്റുമുട്ടലൊന്നും ഉണ്ടായില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. ക്രിമിനലുകളെ കണ്ടെത്തിയ പൊലീസ് അവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ലക്ഷ്യം തെറ്റിയ വെടിയുണ്ടകളിലൊന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മാധവിന്റെ തലയ്‌ക്കേൽക്കുകയും ചെയ്തു. സമീപത്തെ ക്ഷേത്രത്തിലൊളിച്ച ക്രിമിനലുകളോട് കീഴടങ്ങാനാവശ്യപ്പെട്ട പൊലീസ് പെട്ടെന്ന് വെടിവെക്കുകയായിരുന്നുവെന്ന് മാധവിന്റെ അപ്പൂപ്പൻ ശിവ ശങ്കർ പറഞ്ഞു.

സംഭവത്തിന് താൻ ദൃക്‌സാക്ഷിയാണെന്ന് ശിവ ശങ്കർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കുറച്ചുനേരത്തേക്ക് മനസ്സിലാക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓടിയെത്തിയ പൊലീസുകാരിലൊരാളാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് പൊലീസുകാരൻ വിളിച്ചുപറഞ്ഞു. എന്നാൽ, കുട്ടിയെ പിന്നീട് അവിടെ കൂടിനിന്ന ഗ്രാമീണരെ ഏൽപിച്ച പൊലീസുകാരൻ, കുട്ടിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നയാതി ആശുപത്രിയിലെത്തിച്ചെങ്കിലും ഏതാനും മിനിറ്റിനുശേഷം കുട്ടി മരിച്ചു.