- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് എതിരെ 'പ്രതിപക്ഷം' ഒന്നിക്കില്ല; മായാവതിയും കോൺഗ്രസും സഖ്യത്തിൽ വേണ്ടെന്ന നിലപാടിൽ സമാജ്വാദി പാർട്ടി; ചെറുപാർട്ടികളുമായി സഹകരിക്കും; 'മോദി ഫാക്ടർ' ഇത്തവണ ഏശില്ലെന്നും അഖിലേഷ് യാദവ്
ലക്നൗ: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ ബിഎസ്പിയുമായോ കോൺഗ്രസുമായോ യാതൊരു സഖ്യത്തിനില്ലെന്ന് സമാജ്വാദി പാർട്ടി. സമാനമനസ്കരായ ചെറുപാർട്ടികളുമായി സഹകരിക്കുമെന്നും ഒരു ദേശീയ മാധ്യമത്തോട് അഖിലേഷ് വ്യക്തമാക്കി. ഇതോടെ ഭരണപക്ഷമായ ബിജെപിക്ക് എതിരെ ശക്തമായ പോരാട്ടത്തിന് പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുമെന്ന പ്രതീക്ഷ പൊലിയുകയാണ്.
കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകൾ അടക്കം ഭരണപക്ഷത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴും പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള ഭിന്നത ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബിജെപിക്ക് ആശ്വാസമായി മാറുകയാണ്. കോവിഡ് പാളിച്ചയിലെ വീഴ്ച മുതലെടുക്കാതെ പ്രതിപക്ഷം തമ്മിലടിച്ചു നിൽക്കുന്നതു തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഗുണമാകും.
അതേസമയം തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നാണ് അഖിലേഷ് യാദവ് അവകാശപ്പെടുന്നത്. ബിജെപിയുടെ തോൽവി ജനം ആഗ്രഹിക്കുന്നു. വികസനം തടഞ്ഞ്, അഴിമതിയെ പ്രോത്സാഹിപ്പിച്ച്, അടിച്ചമർത്തൽ ഭരണം നടത്തുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാറ്റാനാണു ജനങ്ങൾക്കു താൽപര്യം. വലിയ പാർട്ടികളുമായുള്ള എന്റെ അനുഭവങ്ങൾ അത്ര നല്ലതല്ല. ഇപ്പോൾ അവരുമായി സഖ്യത്തിനുമില്ല അഖിലേഷ് യാദവ് പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ സമാജ്വാദി പാർട്ടിയെ പിന്തുണയ്ക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. അതേസമയം ബിഎസ്പിയിലെ ചില നേതാക്കൾ താനുമായി ചർച്ചകൾ നടത്തുന്നതായും മുൻ മുഖ്യമന്ത്രി അവകാശപ്പെട്ടു. കോൺഗ്രസിന് യുപിയിൽ ശക്തി വളരെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഉത്തർപ്രദേശിൽ കോൺഗ്രസ് വളരെ ദുർബലരാണ്. ബിജെപിയെ തോൽപിക്കാനുള്ള കരുത്തില്ല.
2017ൽ അവരുമായി സഖ്യമുണ്ടാക്കിയപ്പോൾ അത്ര നല്ല അനുഭവമായിരുന്നില്ല. 100 ന് മുകളിൽ സീറ്റുകൾ അവർക്കു നൽകി, പക്ഷേ ജയിക്കാൻ സാധിച്ചില്ല. യുപിയിലെ ജനങ്ങൾ കോൺഗ്രസിനെ ഉപേക്ഷിച്ചതായും അഖിലേഷ് അവകാശപ്പെട്ടു. അതേസമയം സംസ്ഥാനത്ത് കോൺഗ്രസിനെ പുനർനിർമ്മിക്കുന്നതിനുള്ള പ്രിയങ്കാ ഗാന്ധിയുടെ പദ്ധതികളെക്കുറിച്ച് സമാജ്വാദി പാർട്ടി നേതാവ് പ്രതികരിച്ചിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 403 സീറ്റുകളിൽ 350 എണ്ണമാണ് സമാജ്വാദി പാർട്ടി ഉന്നമിടുന്നത്. 2024ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ജനവികാരം എങ്ങിനെയായിരിക്കുമെന്നതും യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണു അഖിലേഷ് യാദവ് വിശ്വസിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാരുകൾ രണ്ടു വ്യത്യസ്ത ദിശകളിലേക്കാണു പോകുന്നതെന്നും അഖിലേഷ് യാദവ് അവകാശപ്പെട്ടു. 'മോദി ഫാക്ടർ' ഇത്തവണ യുപിയിൽ ഏശില്ലെന്നും അഖിലേഷ് അവകാശപ്പെട്ടു.
യോഗി ആദിത്യനാഥിനെതിരായ ജനവികാരവും ബിജെപിയിലെ കലാപവും അവർക്കു തിരിച്ചടിയാകുമെന്നും സമാജ്വാദി പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് ബിജെപിയെ ബിജെപി തന്നെ തോൽപിച്ചോളുമെന്നാണു അഖിലേഷിന്റെ വാദം.
ന്യൂസ് ഡെസ്ക്