ന്യൂഡൽഹി: ഉത്തർപ്രദേശ് ബിജെപിയെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിൽ നിന്നും ഉണ്ടായിരിക്കുന്നത്. തുടർച്ചയായി നേതാക്കൾ ബിജെപിയിൽ നിന്നും രാജിവെക്കുന്ന സാഹചര്യം ഉണ്ടായി. ഇതോടെ ഒരു കാര്യം അഖിലേഷ് ഉറപ്പിച്ചു കഴിഞ്ഞു. ഇക്കുറിയും പോരാട്ടം ബിജെപിയും എസിപിയും നേർക്കു നേർ ആയിരിക്കുമെന്നാണത്. ബിജെപിയെ ഞെട്ടിക്കുന്ന വിധത്തൽ തുടർ നീക്കങ്ങളുമായി അഖിലേഷ് കളത്തിലുണ്ട്.

ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധിയെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് അഖിലേഷ് ഇപ്പോൾ നടത്തുന്നത്. മനേക ഗാന്ധിയുമായി അടക്കം ഇതേക്കുറിച്ചു അഖിലേഷ് സംസാരിച്ചതായി സൂചനകൾ പുറത്തുവരുന്നുണ്ട്. അതേസമയം ഉത്തർപ്രദേശിൽ പ്രധാന നേതാക്കൾ ചാടിപ്പോകാതിരിക്കാനും പരമാവധി നേതാക്കളെ പിടിച്ചുനിർത്താനും വേണ്ടിയുള്ള ശ്രമം ബിജെപി കേന്ദ്ര നേതൃത്വം ഊർജിതമാക്കിയിരിക്കയാണ്.

ഇതിനായി ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും യുപി നേതൃത്വത്തെ ബന്ധപ്പെട്ടു. മന്ത്രിമാരുടെയും എംഎൽഎമാരുടെയും കൊഴിഞ്ഞുപോക്ക് ബിജെപിയുടെ സ്ഥാനാർത്ഥി നിർണയത്തെയും ആശയക്കുഴപ്പത്തിലാക്കി. ഇന്നോ നാളെയോ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേരാനിരിക്കെയാണ് കൊഴിഞ്ഞുപോക്കിന്റെ പേരിലുള്ള ആശങ്ക.

ഇതിനിടെ, യോഗി മന്ത്രിസഭയിൽ നിന്നു രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്ന ധരംസിങ് സയ്‌നിയുടെ മുന്നറിയിപ്പും പാർട്ടി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നു. ജനുവരി 20 വരെ ഓരോ ദിവസവും ഒരു മന്ത്രിയും 3 എംഎൽഎമാരും ബിജെപിയിൽ നിന്നു രാജിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ 3 ദിവസവും ഓരോ മന്ത്രിയും എംഎൽഎമാരും രാജിപ്രഖ്യാപിച്ചിരുന്നു.

ഒബിസി വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സ്വാമി പ്രസാദ് മൗര്യ, ദാരാ സിങ് ചൗഹാൻ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ച മറ്റു മന്ത്രിമാർ. സ്വാമി പ്രസാദ് മൗര്യയുടെ വിശ്വസ്തരാണ് പിന്നീടു രാജിവച്ച 2 മന്ത്രിമാരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിഎസ്‌പി വിട്ട് എത്തിയവരാണിവർ. സീറ്റ് നഷ്ടം ഭയന്നുള്ള മാറ്റമായാണ് ഇതിനെ ബിജെപി കാണുന്നത്. പഴയ ബിഎസ്‌പിക്കാരിൽ മാത്രമായി ഇത് നിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം. ഇതിനിടെ, എൻഡിഎ സഖ്യകക്ഷിയും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ പാർട്ടിയുമായ അപ്നാദൾ എംഎൽഎ ചൗധരി അമർ സിങ്ങും എസ്‌പിയിൽ ചേർന്നു.

ഹിന്ദു മുസ്‌ലിം ജനസംഖ്യാനുപാതത്തെ സൂചിപ്പിച്ച് ഇക്കുറി 80 X 20 പോരാട്ടമെന്നു വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അഖിലേഷ് യാദവിന്റെ പരിഹാസം. യോഗി ഉദ്ദേശിച്ചത് 20% ആളുകൾ മാത്രമേ ബിജെപിയെ പിന്തുണയ്ക്കൂവെന്നാണെന്നും ബാക്കി 80% പേരും എസ്‌പിയെ പിന്തുണയ്ക്കുമെന്നും അഖിലേഷ് പറഞ്ഞു. യുപിയിലെ 403 സീറ്റുകളിൽ നാലിൽ മൂന്നും ജയിക്കുമെന്ന പരാമർശത്തിന് മൂന്നോ നാലോ സീറ്റ് ജയിക്കുമെന്നാണ് അദ്ദേഹം അർഥമാക്കിയതെന്നും അഖിലേഷ് കളിയാക്കി. ഇങ്ങനെ അടിച്ചു തിരിച്ചടി എന്ന നിലയിലാണ് യുപിയിലെ കാര്യങ്ങളുടെ പോക്ക്.

യുപിയിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 58 നിയമസഭാ മണ്ഡലങ്ങളിലേക്കു തിരഞ്ഞെടുപ്പു കമ്മിഷൻ വിജ്ഞാപനമിറക്കി. ഫെബ്രുവരി 10നാണ് വോട്ടെടുപ്പ്. 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 27 വരെ പത്രിക പിൻവലിക്കാം. 5 സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു പൂർത്തിയായ ശേഷം മാർച്ച് 10ന് ഒരുമിച്ചാണ് ഫലം പ്രഖ്യാപിക്കുക.

ഇതിനിടെ, യുപിയിൽ പ്രശ്‌നബാധിത സീറ്റുകളുടെ എണ്ണം ഉയർത്തിയതായി പൊലീസ് അറിയിച്ചു. ആകെ 73 സീറ്റുകളാണ് ഇക്കുറി പ്രശ്‌നബാധിതം. 2017 ൽ ഇത് 38 ആയിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കു ടിവി, റേഡിയോ എന്നിവ വഴിയുള്ള പ്രചാരണത്തിന് അനുവദിച്ച സമയം ഇരട്ടിയാക്കിയതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പു പ്രചാരണം കൂടുതലും ഡിജിറ്റലാക്കാൻ കമ്മിഷൻ നിർദേശിച്ചിരുന്നു.