ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിർ നീർണായക സംസ്ഥാനമായ ഉത്തർപ്രദേശിൽ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഫെബ്രുവരി 11ന് നടക്കും. ഗോവ, പഞ്ചാബ്, ഉത്തരാഖണ്ട് എന്നിവിടവങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. അതേസമയം മണിപ്പൂരിൽ രണ്ട് ഘട്ടമായും വോട്ടെടുപ്പ് നടക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷർ അറിയിച്ചു.

രണ്ട് ഘട്ടമായാണ് മണിപ്പൂരിൽ തിരഞ്ഞെടുപ്പ് നടക്കുക. മാർച്ച് നാലിന് ആദ്യഘട്ട തിരഞ്ഞെടുപ്പും എട്ടിന് രണ്ടാംഘട്ടവും നടക്കും. അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് 11നാണ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. 16 കോടി വോട്ടർമാരാണ് അഞ്ച് സംസ്ഥാനങ്ങളിലെ 693 മണ്ഡലങ്ങളിലുമായി ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

403 മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ ഒന്നാം ഘട്ടം വോട്ടെടുപ്പ് ഫെബ്രുവരി 11നാണ്. രണ്ടാം ഘട്ടം ഫെബ്രുവരി 15, മൂന്നാം ഘട്ടം ഫെബ്രുവരി 19, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് 4, ഏഴാം ഘട്ടം മാർച്ച് 8 (ഏഴു ഘട്ടം). പഞ്ചാബിലെ 117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 4നാണ് ഇവിടെ തിരഞ്ഞെടുപ്പ്. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് ഫെബ്രുവരി 15നാണ്. 60 അംഗ മണിപ്പൂർ നിയമസഭയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് മാർച്ച് 4നും, രണ്ടാം ഘട്ടം മാർച്ച് 8നുമാണ് നടക്കുക. 40 അംഗ ഗോവ നിയമസഭയിൽ ഫെബ്രുവരി 4 ഒറ്റഘട്ടമായും തിരഞ്ഞടെുപ്പ് നടക്കും.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള വോട്ടർമാരുടെ പട്ടിക ജനുവരി അഞ്ചു മുതൽ 12 വരെയുള്ള തീയതികളിൽ പുറത്തിറക്കും. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. സ്ഥാനാർത്ഥികൾക്ക് ചെലവാക്കാവുന്ന പണത്തിന്റെ കാര്യത്തിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 20,000 രൂപയ്ക്ക് മേലുള്ള സംഭാവന ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പാടൂവെന്നാണ് ഒരു നിർദ്ദേശം. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിക്ക് 28 ലക്ഷം രൂപവരെ ചെലവഴിക്കാം. ഗോവയിലും മണിപ്പൂരിലും ചെലവാക്കാവുന്ന പരിധി 20 ലക്ഷം രൂപയുമാണ്.

അവസാനവട്ട വിലയിരുത്തൽ നടത്തിയ ശേഷമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചത്. നോട്ട് അസാധുവാക്കൽ ഉൾപ്പെടെ രണ്ടര വർഷത്തിനിടെ കേന്ദ്രസർക്കാർ കൈക്കൊണ്ട നിർണായക തീരുമാനങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഏറ്റവും വലിയ ജനകീയ പരീക്ഷ കൂടിയാകും അഞ്ചുസംസ്ഥാനങ്ങളിലെയും വിധിയെഴുത്ത്. അഞ്ചുസംസ്ഥാനങ്ങളിലും ബിജെപി മൽസരവേദികളിലെ ശക്തമായ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പു ഫലം ഏറെ നിർണായകമാകും. യുപിയിൽ സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും ബിജെപിയും തമ്മിൽ കൊമ്പുകോർത്താണ് പോരാട്ടം.

ഭരണം കൈയാളുന്ന അകാലിദൾ - ബിജെപി സഖ്യവും അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസും തമ്മിലുള്ള ബലാബലത്തിനിടയിലേക്കു ശക്തമായ സാന്നിധ്യമായി ആം ആദ്മി പാർട്ടിയുടെ കടന്നുവരവ് പഞ്ചാബിൽ ത്രികോണ മൽസരത്തിനു വഴിവച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിലൂടെ കോൺഗ്രസ് വീണ്ടും സർക്കാരുണ്ടാക്കാമെന്നു കണക്കുകൂട്ടുന്നുണ്ടെങ്കിലും ബിജെപിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ഗോവയിൽ ബിജെപി വീണ്ടും പ്രതീക്ഷ വെക്കുമ്പോൾ മണിപ്പൂരിൽ കോൺഗ്രസ് അധികാരം നിലനിർത്താനുള്ള പോരാട്ടത്തിലാണ്.