- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിൽ നിന്നുള്ള മലിനമായ വായുവാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണമെന്ന് യു പി സർക്കാർ; പാക്കിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോയെന്ന് ചോദിച്ചു സുപ്രീംകോടതിയുടെ പരിഹാസം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിന് പാക്കിസ്ഥാനെ കുറ്റപ്പെടുത്തി ഉത്തർപ്രദേശ്. സുപ്രിംകോടതിയിലാണ് ഇക്കാര്യം യുപി സർക്കാർ പറഞ്ഞത്. സംഭവത്തിൽ കടുത്ത പരിഹാസവുമായി കോടതി രംഗത്തുവരികയും ചെയതു.
അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ 24മണിക്കൂറിനുള്ളിൽ പരിഹാരം നിർദ്ദേശിക്കണമെന്ന് സുപ്രീം കോടതി വിവിധ സർക്കാരുകൾക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ വിചിത്രമായ മറുപടി നൽകിയിരിക്കുകയാണ് യു പി സർക്കാർ. അയൽരാജ്യമായ പാക്കിസ്ഥാനിൽ നിന്നും എത്തുന്ന മലിനമായ വായുവാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്ന് യു പി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യു പിയിൽ നിന്നുമുള്ള വായുവല്ല ഡൽഹിയിൽ എത്തുന്നത്.
യുപിയിൽ നിന്നും കാറ്റ് ഡൽഹിയിലേക്കല്ല സഞ്ചരിക്കുന്നതെന്നും, താഴേക്കാണ് കാറ്റിന്റെ ഗതിയെന്നും കോടതിയിൽ അറിയിച്ചു. എന്നാൽ ഡൽഹിയിലെ വായുവിൽ കൂടുതലും പാക്കിസ്ഥാനിൽ നിന്നുമാണ് വരുന്നത്.യുപിയുടെ വിചിത്ര ന്യായത്തെ പാക്കിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ? എന്ന ചോദ്യം ഉയർത്തിയാണ് ചീഫ് ജസ്റ്റിസ് എൻവി രമണ പരിഹസിച്ചത്. മലിനീകരണത്തിന്റെ പേരിൽ വ്യവസായങ്ങൾ അടച്ചുപൂട്ടുന്നതിലും യു പി സർക്കാർ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
ഫാക്ടറികൾ പൂട്ടിയാൽ അത് കരിമ്പ്, പാൽ വ്യവസായങ്ങളെ ബാധിക്കുമെന്നും സർക്കാർ ഉത്കണ്ഠ ബോധിപ്പിച്ചു. കേസ് ഡിസംബർ 10ന് വീണ്ടും പരിഗണിക്കും. ഡൽഹി നഗരത്തിൽ മലിനീകരണത്തിന് കാരണമാകുന്ന ഫാക്ടറികളെയും നിർമ്മാണ പ്രവർത്തനങ്ങളും കണ്ടെത്താൻ ഫ്ളൈയിങ് സ്ക്വാഡുകളെ നിയോഗിക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകനായ വികാസ് സിങ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസവും വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരുകളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മുതിർന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ മൂന്നും നാലും വയസുള്ള കുട്ടികളെ സ്കൂളലേക്ക് വിടുന്നതിന്റെ യുക്തി എന്താണെന്ന് വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഡൽഹി സർക്കാരനോട് ചോദിച്ചു.പാഠഭാഗങ്ങൾ തീരുന്നില്ലെന്ന പരാതിയെ തുടർന്നാണ് സ്കൂളുകൾ തുറന്നതെന്നും അതേസമയം ആവശ്യക്കാർക്കായി ഓൺലൈൻ ക്ലാസുകൾ തുടരുന്നുണ്ടെന്നും ഡൽഹി സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി ബോധിപ്പിച്ചു.
മറുനാടന് ഡെസ്ക്