ലക്‌നൗ: യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ ഹജ് ഹൗസിന് കാവിപൂശിയ സംഭവം വിവാദമായതോടെ വീണ്ടും നിറം മാറ്റി. യുപിയിലെ സംസ്ഥാന നിയമസഭാ മന്ദിരത്തിനു എതിർവശത്തുള്ള ഉത്തർപ്രദേശ് ഹജ് ഹൗസിന്റെ പുറംമതിലിനു കാവി പൂശിയതാണ് പഴയപടിയാക്കിയത്. 

പെയിന്റ് കോൺട്രാക്ടറാണ് വിവാദ നിറം പൂശിയതിന് ഉത്തരവാദി എന്നാണ് ഹജ്ജ് സമിതി സെക്രട്ടറി ആർപി സിങിന്റെ ന്യായീകരണം.

വ്യാഴാഴ്ച രാത്രിയാണ് അധികൃതർ ഹജ് ഹൗസിന്റെ പുറം മതിലിൽ പെയിന്റടിച്ചത്. ഹജ് ഹൗസ് അവധിയായിരുന്ന വെള്ളിയാഴ്ചയായിരുന്നു ആരെയും അറിയിക്കാതെയുള്ള കാവിപൂശൽ. എന്നാൽ സംഭവം കൈവിട്ടുപോയതോടെ സർക്കാർ കരാറുകാരനെ ചാരിരക്ഷപെടാനുള്ള ശ്രമത്തിലാണ്.

സംസ്ഥാന നിയമസഭാ മന്ദിരത്തിനു കാവി നിറം നൽകിയതിനു പിന്നാലെയാണ് ഹജ് ഹൗസിനും കാവി നിറം നൽകിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഓഫിസുകൾ പ്രവർത്തിക്കുന്ന ലാൽ ബഹാദൂർ ശാസ്ത്രി ഭവൻ അനെക്‌സിനും സമീപകാലത്തു കാവിയടിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ബിജെപി സർക്കാർ ഗ്രാമീണമേഖലയിൽ ആരംഭിച്ച 50 പുതിയ സർക്കാർ ബസുകൾക്കും കാവിനിറമാണ്.