ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോകുന്നിടത്തെല്ലാം എസിയുമായി പോകുന്നു. മുഖ്യമന്ത്രിയെ കാണാനാഗ്രഹിക്കുന്നവർക്കെല്ലാം സോപ്പും ചീപ്പും കണ്ണാടിയും നൽകുന്നു. അങ്ങനെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ യുപി സർക്കാരിനെ പിടിച്ചുലയ്ക്കുകയാണ് വിവാദങ്ങൾ. ഇതിനൊപ്പമാണ് എന്നും തുടരുന്ന ബലാൽസംഗ വാർത്തകൾ. ക്രമസമാധാന തകർച്ചയ്ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിനിടെയാണ് മന്ത്രിമാരുണ്ടാക്കുന്ന പൊല്ലാപ്പുകൾ. അങ്ങനെ എല്ലാ അർത്ഥത്തിലും യുപി സർക്കാർ വിവാദത്തിലാവുകയാണ്.

യുപിയിലെ എസ് എൻ മെഡിക്കൽ കോളേജ് സന്ദർശനത്തിന് മന്ത്രി എത്തി. ആഗ്രയിലെത്തിയത് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടഠനായിരുന്നു. മന്ത്രി വരുന്നതിന് മുന്നോടിയായി ആശുപത്രിയിലെ വാർഡുകളിലെ രോഗികളെ എല്ലാം ഒഴിപ്പിച്ചു. കിടക്കകൾക്ക് പുറത്തുള്ള രോഗികളെയാണ് മാറ്റിയത്. മന്ത്രി എത്തുമ്പോൾ ആശുപത്രി വാർഡ് തിങ്ങി നിറയുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത് ചെയ്തത്. ഗുരുതര രോഗമുള്ളവരെ പോലും വാർഡിൽ നിന്ന് പുറത്താക്കി. ഓക്‌സിജൻ സിലിണ്ടറുമായി വാർഡിന് പുറത്ത് നിൽക്കേണ്ടവർ പോലും ഉണ്ടായി. ഇതാണ് വിവാദത്തിന് കാരണം.

മന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് ആശുപത്രി ശുചീകരണത്തിനും അധികൃതർ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായും വാർഡിൽ നിന്ന് മാറ്റി നിർത്തിയവരുണ്ട്. അത്യാഹിത വിഭാഗത്തിലെ രോഗികളോടായിരുന്നു ക്രൂരത. ചിലരോട് മറ്റ് വാർഡുകളിലേക്ക് മാറാനും ആവശ്യപ്പെട്ടു. ചിലർക്ക് പുറത്തും കാത്ത് നൽക്കേണ്ടി വന്നു. പുറത്ത് ചൂട് 45 ഡിഗ്രിയായിരിരുന്നു. പൊരി വെയിലിൽ രണ്ടര മണിക്കൂറോളം പുറത്ത് രോഗികളും കൂട്ടിരിപ്പുകാരും കാത്തിരുന്നു. കടുത്ത പനി മൂലം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചവർക്കും ഈ ഗതി വന്നു. മന്ത്രി പോയ ശേഷം എല്ലാവർക്കും തിരിച്ച് വാർഡിൽ പ്രവേശനവും ഒരുക്കി. അങ്ങനെ രോഗികളെ ബുദ്ധിമുട്ടിച്ചു.

രാവിലെ പത്തരയോടെയാണ് മന്ത്രി എത്തിയത്. എല്ലാം പരിശോധിക്കുകയും ചെയ്തു. രോഗികളെ ദ്രോഹിച്ച് സൗകര്യങ്ങൾ ഒരുക്കിയിട്ടും മന്ത്രി തൃപ്തരായില്ല. രോഗികൾക്ക് കുടിവെള്ള സൗകര്യം പോലുമില്ലെന്ന് മന്ത്രിക്ക് മനസ്സിലായി. മരുന്നുകളുടെ ദൗർല്ലഭ്യം രോഗികൾ തന്നെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വേഗത്തിൽ മെച്ചപ്പെടുത്താൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയാണ് മന്ത്രി മടങ്ങിയത്.