ന്യൂ ഡൽഹി:ആത്മാർഥതയും തന്റേടവുമുള്ള വനിതാ പൊലീസ് ഓഫീസർമാരെ സിനിമകളിൽ ധാരാളം കണ്ടിട്ടുണ്ടെങ്കിലും യഥാർത്ഥ പൊലീസ് സേനയിൽ അത്തരക്കാരെക്കുറിച്ച് അപൂർവമായിട്ടേ നമ്മൾ കേട്ടിട്ടുള്ളൂ.എന്നാൽ അങ്ങനെയൊരു മിടുക്കിയുടെ കഥയാണ് ഇപ്പോൾ യു പിയിൽ നിന്ന് വരുന്നത്.

ശ്രേഷ്ഠ താക്കൂർ എന്ന വനിതാ സി ഐ ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ താരമാകുന്നത്.വേണ്ടത്ര രേഖകളില്ലാതെ റോഡിലിറക്കിയ ബിജെപി നേതാവിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തു.ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പൊലീസ് നടപടിയിൽ പ്രകോപിതരായ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ പൊലീസ് വീണ്ടും രംഗത്തെത്തി.എന്നാൽ ബിജെപി പ്രവർത്തകർ പിന്മാറാൻ തയ്യാറാകാതിരുന്നതോടെ സ്ഥലത്തെ സി ഐ ആയിരുന്ന ശ്രേഷ്ഠ സ്ഥലത്തെത്തുകയായിരുന്നു.സി ഐ യെ കണ്ടതും ബിജെപിക്കാർ കൂട്ടത്തോടെ വന്ന് അവരോട് കയർത്തു.

ആദ്യം ബിജെ പിക്കാരെ ശാന്തരാക്കാൻ ശ്രേഷ്ഠ ശ്രമിച്ചെങ്കിലും ബിജെപിക്കാർ നിലപാട് കടുപ്പിച്ചതോടെ അവരുടെ മട്ടും മാറി.'നിങ്ങൾ ഇവിടെക്കിടന്ന് ബഹളം വയ്ക്കുന്നതിന് പകരം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകൂ...എന്നിട്ട് വാഹനം പരിശോധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടു വരൂ.എങ്കിൽ ഞങ്ങൾ ഈ തീരുമാനം പിൻവലിക്കാം.നിങ്ങളെപ്പോലുള്ളവരാണ് നിങ്ങളുടെ പാർട്ടിയുടെ വില കളയുന്നത്.ജനങ്ങൾ നിങ്ങളെ ബിജെപിയുടെ ഗുണ്ടകളെന്നു വിളിക്കുന്നത് കേൾക്കേണ്ടി വരും'ശ്രേഷ്ഠയുടെ കിടിലൻ ഡയലോഗ് കേട്ട ബിജെപി പ്രവർത്തകർ അമ്പരന്നു പോയി.

സംസ്ഥാനത്തെ പൊലീസ് സംവിധാനം അഴിച്ചുപണിയാനും അഴിമതി മുക്തമാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴാണ് പാർട്ടിപ്രവർത്തകർ തന്നെ നിയമം കയ്യിലെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.എന്തായാലും നിയമപാലനത്തിൽ വിട്ടുവീഴ്ച കാണിക്കാതെ തന്റേടത്തോടെ നിന്ന ശ്രഷ്ഠയെ അഭിനന്ദനം കൊണ്ട് മൂടുകയാണിപ്പോൾ വീഡിയോ കണ്ട ലക്ഷക്കണക്കിനാളുകൾ.