റിയാദ്: ബജറ്റ് കമ്മി മറികടക്കുന്നതിന് സൗദിയിൽ പെട്രോൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ വില വർധിപ്പിക്കുന്നു. പെട്രോളിന് 50% വില വർധിപ്പിക്കാനാണ് തീരുമാനം. പെട്രോളിനെ കൂടാതെ വൈദ്യുതി, വെള്ളം, മണ്ണെണ്ണ, പ്രകൃതി വാതകം, ഡീസൽ എന്നിവയുടെ വിലയും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ പെട്രോൾ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി. കുറഞ്ഞ നിരക്കാണ് സൗദിയിൽ ഇതുവരെ പെട്രോളിന് ഈടാക്കിയിരുന്നത്. യുഎഇക്കു പിന്നാലെയാണ് സൗദിയിൽ പെട്രോളിന്റെ വില വർധിപ്പിക്കാൻ തീരുമാനിച്ചത്.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് സൗദിയുടെ സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. 2015ൽ 135 ബില്ല്യൺ കമ്മിയാണ് സൗദി നേരിടുന്നത്. ഇത് മറികടക്കാനാണ് സൗദിയുടെ നീക്കം. സൈദിക്കു പിന്നാലെ മറ്റ് ഗൾഫ് രാജ്യങ്ങളും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കും.

ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. 45 ഹലാലയുണ്ടായിരുന്ന പെട്രോൾ ഒക്ടേയ്ൻ 91 ന് 75 ആയി വർധിക്കും. പെട്രോൾ ഒക്ടേയ്ൻ 95 വാതകത്തിന് 60 ഹലാലയിൽ നിന്നും 90 ആയി വർധിക്കും. സാമ്പത്തിക മന്ത്രാലയം നിർദ്ദേശിച്ച് പുതിയ നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം.
.
വില വർധന പ്രഖ്യാപിച്ചതോടെ അരാംകോ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച അർധരാത്രിയോടെ അടച്ചിട്ടു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നശേഷമാകും ഇനി വിൽപ്പന.