ബെംഗളൂരു: കർണാടക പ്രജ്ഞാവന്ത ജനതപക്ഷ പാർട്ടിയിൽ (കെ.പി.ജെ.പി.) നിന്ന് കന്നഡ സൂപ്പർതാരം ഉപേന്ദ്ര പാർട്ടി വിട്ടു. എന്നാൽ പാർട്ടി വിട്ടങ്കിലും താൻ ബിജെപി ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു. താൻ ഉടൻ പുതിയ പാർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിൽ തുടരുമെന്നും താരം പറഞ്ഞു.

പാർട്ടി അംഗങ്ങളോടും ആരാധകരോടും കൂടിയാലോചിച്ച ശേഷമാണ് താൻ രാജി വെക്കുന്നത്. എന്നാൽ ചില മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽനിന്ന് വ്യതിചലിച്ചതിനാലാണ് രാജിവെയ്ക്കുന്നതെന്നും എന്നാൽ, തങ്ങളുടെ ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, സുതാര്യത എന്നിവയിൽ മാറ്റമുണ്ടാകില്ലെന്നും ഉപേന്ദ്ര രാജി പ്രഖ്യാപനം നടത്തവേ പറഞ്ഞു.

കഴിഞ്ഞ നവംബറിലായിരുന്നു കർണാടകത്തിലെ പരിജ്ഞാനമുള്ളവരുടെ പാർട്ടിയെന്ന് അർഥമുള്ള കർണാടക പ്രജ്ഞ്യാവന്ത ജനതപക്ഷ എന്ന പേരിൽ പാർട്ടി രൂപവത്കരിച്ചത്. അഴിമതിക്കും കുടുംബരാഷ്ട്രീയത്തിനും എതിരാണ് താനെന്നായിരുന്നു പാർട്ടി രൂപീകരണ വേളയിൽ ഉപേന്ദ്രയുടെ പ്രഖ്യാപനമെങ്കിലും പാർട്ടിയുണ്ടാക്കി അടുത്ത ദിവസം തന്റെ ഭാര്യയേയും സഹോദരനേയും പാർട്ടിയുടെ ഉന്നതപദവിയിൽ ഉപേന്ദ്ര നിയമിച്ചത് അണികളെ നിരാശപ്പെടുത്തിയിരുന്നു.

താൻ ഏറെ വിശ്വസിച്ചിരുന്ന ചില മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങളെയും നിലപാടുകളെയും വഞ്ചിച്ചു. യോഗ്യരായവർക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് താൻ വാഗ്ദാനം ചെയ്തപ്പോൾ ചില നേതാക്കൾ സീറ്റിന് പണമാണ് ആവശ്യപ്പെട്ടത്. പണംവാങ്ങി സീറ്റ് നൽകാനാണ് പാർട്ടിയിലെ ചില നേതാക്കൾ ശ്രമിക്കുന്നത്. സീറ്റിന് വേണ്ടി നേതാക്കൾക്ക് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോകൾ താൻ കണ്ടിട്ടുണ്ട്. എന്നാൽ, പാർട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവർക്ക് സീറ്റ് നൽകണമെന്നാണ് തന്റെ നിലപാടെന്ന് ഉപേന്ദ്ര പറഞ്ഞു.പാർട്ടി ജനറൽ സെക്രട്ടറി മഹേഷ് ഗൗഡയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെയാണ് ഇപ്പോൾ പാർട്ടി വിടാൻ തീരുമാനിച്ചത്.