കൊച്ചി: കുടുംബ പ്രേക്ഷകരെ ചിന്തിപ്പിക്കുകയം ചിരിപ്പിക്കുകയും ചെയ്യുന്ന സീരിയലാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ടിവിയുടെ ഏറ്റവും ജനപ്രിയമായ പരിപാടി. അത് തട്ടിയെടുക്കാൻ മറ്റൊരു ചാനൽ ചതിപ്രയോഗം പോലും നടത്തി. ഇത് പൊളിയുകയും ചെയ്തു. ഇതിനിടെയിൽ ഉപ്പും മുളകും ആരാധകരെ വേദനിപ്പിക്കുന്ന വാർത്തയെത്തുന്നു. ഇനി ഋഷി ഉപ്പും മുളകിലും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ തേനിച്ച കൂടുപോലുള്ള മുടിയുള്ള പുതിയ നടനെ തേടുകയാണ് അണിയറ പ്രവർത്തകർ.

ബാലു (ബിജു സോപാനം) അച്ഛനും, നീലു (നിഷ) എന്ന അമ്മയും മക്കളായ മുടിയൻ വിഷ്ണു (ഋഷി എസ് കുമാർ), ലക്ഷ്മി (ജൂഹി റസ്തോഗി), കേശവ് (അൽസാബിത്ത്), ശിവാനി (ശിവാനി) എന്നിവരടങ്ങിയ കുടുംബത്തിന്റെ രസകരമായ നിമിഷങ്ങളാണ് സീരിയലിന്റെ പശ്ചാത്തലം. ഇതിൽ തന്നെ അമ്മമാരുടെയും കൊച്ചു കുട്ടികളുടെയും പ്രിയതാരമാണു വിഷ്ണു എന്ന റിഷി. മികച്ച ഡാൻസർ കൂടിയായ ഋഷിയെ വ്യത്യസ്തനാക്കുന്നതും മുടിയാണ്. അതുകൊണ്ടു സീരിയൽ കഥാപാത്രത്തെ പോലും മുടിയൻ വിഷ്ണു എന്നു തന്നെയാണു വിളിക്കുന്നത്.

ഉപ്പും മുളകും പരമ്പരയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണു വിഷ്ണു. ഇപ്പോഴിത ബാലുവിന്റെയും നീലൂവിന്റെയും മൂത്ത മകനായ മുടിയൻ വിഷ്ണു സീരിയലിൽ നിന്നു പുറത്തു പോകുന്നു. സീരിയിലിൽ മകനെ വിദേശത്ത് വിടാനാണ് അച്ഛന് താൽപ്പര്യം. എന്നാൽ മകൻ വഴങ്ങുന്നില്ല. ഇതും ഉപ്പും മുളകും സീരിയിലിൽ പ്രമേയമായി. എന്നാൽ ജീവിതത്തിൽ ലോകം ചുറ്റാനാണ് ഋഷിക്ക് താൽപ്പര്യം.

ഡാൻസ് ഷോകൾ അവതരിപ്പിക്കുന്ന ഋഷി ഇന്ത്യയ്ക്കു പുറത്തും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ഋഷി തന്റെ ടീമിനൊപ്പം ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങിളിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരിപാടികൾക്കായി പോകുന്നുള്ളതു കൊണ്ടാണു പരമ്പരയിൽ നിന്നു പിന്മാറുന്നത് എന്നു പറയുന്നു. എന്നാൽ ഋഷിക്കു പകരം ആര് എത്തുമെന്ന ആകാംഷയിലാണു പ്രേക്ഷകർ.

സുരേഷ് ബാബുവിന്റെ തിരക്കഥയിൽ ആർ ഉണ്ണികൃഷ്ണനാണ് പരമ്പര സംവിധാനം ചെയ്യുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും നാനൂറിലധികം എപ്പിസോഡുകളിലൂടെ ഇപ്പോഴും മുന്നിൽ നിൽക്കുകയാണ് 'ഉപ്പും മുളകും'. കുടുംബത്തിന്റെ രസകരമായ നിമിഷങ്ങളാണ് സീരിയലിന്റെ പശ്ചാത്തലം. പരമ്പരയിൽ നിന്ന് എസ് പി ശ്രീകുമാർ ഉൾപ്പടെ പലരും വിട്ടു പോയെങ്കിലും, പ്രധാന താരങ്ങളുടെ സാന്നിധ്യം പ്രേക്ഷകരെ ഹരം കൊള്ളിച്ചു.

മഴവിൽ മനോരമയിലെ ഡി4 ഡാൻസിലൂടെയാണ് ഋഷി ശ്രദ്ധേയനായത്. നീരജ് മാധവ് നായകനാകുന്ന ''പൈപ്പിൻ ചുവട്ടിലെ പ്രണയം'' എന്ന സിനിമയിയിലൂടെയാണ് ഋഷി കുമാർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ നീരജ് മാധവിന്റെ സുഹൃത്ത് കഥാപാത്രമായാണ് ഋഷി അഭിനയിക്കുന്നത്. എറണാകുളം പനമ്പിള്ളി നഗറിൽ താമസിക്കുന്ന ഋഷിക്ക് അഭിനയം വലിയ ലക്ഷ്യമൊന്നും ആയിരുന്നില്ല, ഋഷി തന്നെ അത് പറയുന്നു. ഉപ്പും മുളകിലെ അതെ ഗെറ്റപ്പിലാണ് പൈപ്പിൽ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലും ഋഷി എത്തുന്നത്.