- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ധവിശ്വാസവും അയിത്തവും കൊടികുത്തി വാണ കാരക്കാട്ടെ സാമൂഹിക പരിഷ്കരണത്തിന് കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം തുടങ്ങിയത് വാഗ്ഭടാനന്ദൻ; ഈ അതിജീവന പ്രസ്ഥാനത്തിന് 88 കൊല്ലം കൊണ്ടുണ്ടായത് വിസ്മയിപ്പിക്കുന്ന വളർച്ച; 'മിനി മുഖ്യനെ' തളയ്ക്കാൻ ഇഡി ചൂണ്ടയിൽ കുരുക്കുന്നത് സഹകരണത്തിലെ അതികായനെ; ഊരാളുങ്കലിന് ഈ അന്വേഷണം നിർണ്ണായകമാകും
കോഴിക്കോട്: വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളെപ്പോലും വിസ്മയിപ്പിക്കുകയാണ്, കൂലിവേലക്കാരുടെ സഹകരണസംഘത്തിന്റെ വളർച്ച. 1925ൽ വേലികെട്ടും കൂലിവേലയുമായി പതിനാല് പേരുടെ ബലത്തിൽ തുടങ്ങിയ സൊസൈറ്റി വിസ്മയിപ്പിക്കുന്ന വളർച്ചയുടെ വഴിത്താരയിലേക്ക് കടന്നിരിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക് പറയാനുള്ളത് നേട്ടങ്ങളുടെയും, പ്രതികൂല സാഹചര്യങ്ങളെ അതിവിദഗ്ധമായി മറികടന്നതിന്റെയും അത്ഭുതകഥകൾ. ഈ കഥകളിലേക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം.
സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ബാങ്ക് രേഖകളും കൂടി ഹാജരാക്കാനാണ് അസി.ഡയറക്ടർ പി. രാധാകൃഷ്ണൻ നിർദേശിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണു രേഖകൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ ഇന്റലിജൻസ് വിവര ശേഖരണത്തിനിടെയാണ് ഊരാളുങ്കൽ സഹകരണ സംഘവുമായി രവീന്ദ്രനുള്ള സാമ്പത്തിക ഇടപാടുകളുടെ സൂചന ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാണ് രവീന്ദ്രൻ. മിനി മുഖ്യൻ എന്നാണ് സെക്രട്ടറിയേറ്റിൽ രവീന്ദ്രനുള്ള വിളിപ്പേര്.
രവീന്ദ്രനെ 10 ന് ചോദ്യം ചെയ്യും മുൻപു രേഖകൾ ഊരാളുങ്കൽ കൈമാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇല്ലെങ്കിൽ ഊരാളുങ്കൽ ആസ്ഥാനം റെയ്ഡ് ചെയ്യാനാണു നീക്കം. സൊസൈറ്റി ഭാരവാഹികൾ, ഉപകരാർ കമ്പനി ഉടമകൾ എന്നിവർ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ്. ഊരാളുങ്കലിലെ ടിപ്പർ ലോറികളും സംശയത്തിൽ. രവീന്ദ്രന്റെ ഭാര്യ ചില യന്ത്രങ്ങൾ സൊസൈറ്റിക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു. അങ്ങനെ കേരളത്തിലെ സുശക്തമായ സഹകരണ പ്രസ്ഥാനത്തിലേക്കാണ് ഇഡിയുടെ പരിശോധന എത്തുന്നത്.
88 വർഷങ്ങൾ പൂർത്തിയാക്കികഴിഞ്ഞ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിൽ 1415ഓളം അംഗങ്ങളുണ്ട്. ഇവർ തന്നെയാണ് മുതലാളിയും തൊഴിലാളിയും. ഇവരോടൊപ്പം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ പ്രാദേശികമായി കണ്ടെത്തുന്നവരും, അംഗങ്ങളല്ലാത്ത എഴുന്നൂറോളം തൊഴിലാളികളുമുണ്ട്. ഇതിനിടെയിലേക്ക് കള്ളപ്പണക്കാർ എത്തിയോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിലാണ് അന്വേഷണം. പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ ചോദിച്ചതെല്ലാം ഇവർക്ക് നൽകി. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്ന് തെളിഞ്ഞാൽ പിന്നെ ഭാവി പ്രവർത്തനം പോലും പ്രതിസന്ധിയിലാകും. ടെൻഡറിലൂടെ അല്ലാതെ പദ്ധതികൾ നേടിയെടുക്കാൻ പറ്റാത്ത സ്ഥിതിയും വരും.
വളരെ മുമ്പ് തന്നെ സിപിഎം നേതാക്കളുടെ ബിനാമിയാണ് ഊരാളുങ്കൽ എന്ന ആരോപണം സജീവമായിരുന്നു. സഹകരണ സംഘത്തിന്റെ മറവിൽ പലതും നടക്കുന്നുവെന്ന സംശയവും സജീവമായി. ഇതിനിടെയാണ് സ്വർണ്ണ കടത്ത് ചർച്ചയാകുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസലെത്തിയപ്പോൾ രവീന്ദ്രനും സംശയ നിഴലിലായി. രവീന്ദ്രന് പിന്നാലെ കൂടിയ ഇഡി അവസാനം എത്തിയത് ഊരാളുങ്കലിലാണ്. വെറുമൊരു സിപിഎം അനുഭാവിയായി മന്ത്രിമാർക്കൊപ്പം പ്രവർത്തിച്ച രവീന്ദ്രന്റെ സ്വത്തിലേക്കുള്ള അന്വേഷണമാണ് ഊരാളുങ്കലിനെ കുടുക്കുന്നത്. ഈ അന്വേഷണത്തെ അതിജീവിക്കാൻ ഊരാളുങ്കലിനായാൽ പിന്നേയും കേരളത്തിൽ അതിശക്തമായ സാന്നിധ്യമായി തുടരാനാകും.
അന്ധവിശ്വാസവും അയിത്തവും കൊടികുത്തി വാണ സ്ഥലമായിരുന്നു ഊരാളുങ്കൽ. ഇക്കാലത്ത് വാഗ്ഭടാനന്ദ ഗുരുദേവൻ മാഹിയിൽ പ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഈ പ്രസംഗം കേൾക്കുകയും, വാഗ്ഭടാനന്ദനെ ഊരാളുങ്കലിലേക്ക് കൊണ്ടുവരുകയുമായിരുന്നു. കാരക്കാടെന്നാണ് ഈ പ്രദേശം അന്നറിയപ്പെട്ടിരുന്നത്. പിന്നീട് വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തനങ്ങൾ നടന്നു. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി 1917ൽ കേരള ആത്മവിദ്യാസംഘവും രൂപീകരിച്ചു. എന്നാൽ ആത്മവിദ്യാസംഘത്തിൽ പ്രവർത്തിച്ചിരുന്നവർക്ക് ഭൂപ്രഭുക്കന്മാർ ജോലി നിഷേധിച്ചു.
ജോലിയില്ലാത്ത അവസ്ഥ വന്നപ്പോൾ മദ്രാസ് 1912 ആക്ട് പ്രകാരം 1925ൽ ഊരാളുങ്കലിൽ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം പിറവിയെടുത്തു. സംഘത്തിലുള്ളവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും ഇക്കാലത്ത് നിഷേധിച്ചിരുന്നു. എന്നാൽ ആത്മവിദ്യാസംഘം എൽപി സ്‌കൂൾ ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസത്തിനുള്ള വാതിൽ തുറന്നിട്ടു. അംഗങ്ങൾക്കെല്ലാം ഭക്ഷണം നൽകുന്നതിന് ഐക്യനാണയ സംഘവും രൂപീകരിച്ചിരുന്നു. ഇതിന്റെയെല്ലാം നിയന്ത്രണം 14 പേരടങ്ങുന്ന പ്രമോട്ടിങ് കമ്മിറ്റിക്കായിരുന്നു. ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരിക്കളായിരുന്നു ആദ്യകാല പ്രസിഡന്റ്.
1974ൽ കേരള സർക്കാർ ലേബർ കോൺട്രാക്ട് സൊസൈറ്റികളെ തരംതിരിച്ചു. എ ക്ലാസ് സൊസൈറ്റിക്ക് 200 അംഗങ്ങൾ വേണമെന്നത് നിർബന്ധമാക്കുകയും ചെയ്തു. ഇതായിരുന്നു സംഘത്തിന്റെ വളർച്ചയിലെ വലിയൊരു കാൽവെയ്‌പ്പ്. മണ്ണ്, മെറ്റൽ, പൂഴി എന്നിവയ്ക്കായി സ്വന്തമായി സ്ഥലവും സ്വന്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതിക നില വർദ്ധിപ്പിച്ച് ആസ്തി വർദ്ധിപ്പിക്കാനും സൊസൈറ്റിക്ക് കഴിഞ്ഞു. 1925 ഫെബ്രുവരി 13നാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ 1926 മെയ് 26 വരെ സംഘത്തിന് യാതൊരുവിധ പ്രവൃത്തിയും ലഭിച്ചില്ല. ഇതുകൊണ്ടുതന്നെ സംഘം പിരിച്ചുവിടാനുള്ള ആലോചന വരെ സഹകരണ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ നിന്നും പിഡബ്ലിയുവിൽ നിന്നും പ്രവൃത്തികൾ കിട്ടിയതോടെ സൊസൈറ്റി വളരുകയായിരുന്നു.
തൊഴിലാളികൾക്ക് വർഷം മുഴുവനും തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി കണ്ണൂർ, മലപ്പുറം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ കിണർ, ചാപ്പ, കനാൽ, വേലികെട്ടൽ ജോലികൾ ഏറ്റെടുത്തു. എത്ര ദൂരം വേണമെങ്കിലും പോയി പ്രവൃത്തിയെടുക്കാൻ അംഗങ്ങളും തയ്യാറായിരുന്നു. ഇത്രയും നാളുകൾക്കുള്ളിൽ സംഘം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയത് നാലായിരത്തിലധികം വർക്കുകൾ. കോഴിക്കോട് സരോവരം പദ്ധതി, കാപ്പാട് ബീച്ച് നവീകരണം, എഡിബി സഹായത്തോടെ 39കോടി രൂപയുടെ കോഴിക്കോട് അരയിടത്തു പാലം മേൽപ്പാലം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, എടശ്ശേരിക്കടവ് പാലം, ആലപ്പുഴ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് തുടങ്ങി നൂറ് കോടിയിലേറെ വരുന്ന പദ്ധതികളെല്ലാം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ഏറ്റെടുത്ത് നടത്തിയതാണ്.
ചെറിയ രീതിയിൽ തുടങ്ങിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി വൈവിധ്യവത്കരണത്തിന്റെ പാത സ്വീകരിച്ചതോടെ വളർച്ചയുടെ പടവുകൾ കാത്തിരിക്കുകയായിരുന്നു. കാർഷികമേഖലയിലും സൊസൈറ്റി സാന്നിദ്ധ്യം അറിയിച്ചു. പ്രധാനമായും ഇരിങ്ങൽ താരാപറമ്പ്, മരുതോങ്കര മുള്ളൻ കുന്ന്, മുക്കം എന്നിവിടങ്ങളിലാണ് സംഘത്തിന്റെ കൃഷിത്തോട്ടങ്ങൾ. മാമ്പഴം, വാഴ, പച്ചക്കറികൾ, കുരുമുളക്, ഇഞ്ചി, അടയ്ക്ക തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. സംഘത്തിന്റെ ഉപസ്ഥാപനമായാണ് യുഎൽസിഎസ് ചാരിറ്റബിൾ ഫൗണ്ടേഷൻ ആരംഭിക്കുന്നത്. സംഘത്തിൽ തൊഴിൽ അന്വേഷിച്ചെത്തുന്ന അഭ്യസ്തവിദ്യരായവർക്ക് പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താൻ വേണ്ടിയാണ് യുഎൽ ടെക്നോളജി സൊലൂഷൻസ്. സൈബർ പാർക്ക് പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ സ്വപ്ന പദ്ധതിയാണ്.
മറുനാടന് മലയാളി ബ്യൂറോ