മലപ്പുറം: പൊന്നാനി ഫിഷിങ് ഹാർബറിലെ പുനർഗേഹം ഭവന സമുച്ചയത്തിൽ 29 വീടുകൾക്ക് വിള്ളൽ ഉണ്ടായതിന് പിന്നിൽ പിഴവ് കണ്ടെത്താൻ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. ഹാർബർ എൻജിനീയറിങ് വകുപ്പ് കരാറുകാരോട് വിശദീകരണം തേടി കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ വിശദപരിശോധന വേണമെന്നാണ് ആവശ്യം. എന്നാൽ അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്.

128 കുടുംബങ്ങൾക്കായുള്ള ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തത് 8 മാസം മുൻപാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതിക്ക് ഡിപിആർ തയാറാക്കിയതും കരാർ ഏറ്റെടുത്ത് നിർമ്മാണം പൂർത്തീകരിച്ചതും. 12.8 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഇതിനു പുറമേ കൺസൽറ്റൻസി ചാർജായി 4% തുകയും നൽകിയിട്ടുണ്ട്. നിർമ്മാണത്തിൽ വീഴ്ചയുണ്ടായി എന്നതാണ് പ്രാഥമിക നിഗമനം.

2 നിലകളിലായുള്ള 16 ബ്ലോക്കുകളിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. താഴെയും മുകളിലുമുള്ള വീടുകളിൽ വിള്ളൽ വീണിട്ടുണ്ട്. വീടുകൾക്കകത്ത് മുറിയിലും അടുക്കളയിലും വലിയ വിള്ളലുകളാണ് രൂപപ്പെട്ടുവരുന്നത്. വീടുകൾക്ക് പുറത്തുള്ള ചുമരിലും മതിലിലും വിള്ളലുണ്ട്. എത്രയും വേഗം പരിഹാര മാർഗം കാണണമെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് കരാറുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഊരാളുങ്കൽ അനങ്ങാതെ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വിഷയം വിജിലൻസിന് വിട്ടേക്കും.

കേരളത്തിന്റെ തീരദേശ മേഖലയിൽ വേലിയേറ്റ പരിധിയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെ സുരക്ഷാ കാരണങ്ങളാൽ മാറ്റി പാർപ്പിക്കുകയാണ് പുനർഗേഹം പദ്ധതിയുടെ ലക്ഷ്യം. 18655 പേരെ മൂന്നുവർഷത്തിനുള്ളിൽ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. വ്യക്തിഗത ഭവനനിർമ്മാണം, ഭവനസമുച്ചയ നിർമ്മാണം, ഗുണഭോക്താവ് നേരിട്ട് വീടും സ്ഥലവും വാങ്ങൽ എന്നീ രീതികളാണ് സ്വീകരിക്കുന്നത്.

ഗുണഭോക്താവിന് ഭൂമി വാങ്ങുന്നതിനും ഭവന നിർമ്മാണത്തിനും കൂടി പരമാവധി 10 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകുന്നത്. ഭൂമിയും വീടും വിലയ്ക്കുവാങ്ങുന്നതിന് നിലവിൽ 500 സ്‌ക്വയർ ഫീറ്റ് വീടാണ് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്. ഇത് 400 സ്‌ക്വയർ ഫീറ്റാക്കി നിജപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഈ പദ്ധതിയിലെ ഫ്‌ളാറ്റിലാണ് വിള്ളൽ. കുളിമാട് പാലത്തിലെ ബീം തകർച്ച ചർച്ചയാകുമ്പോഴാണ് പുതിയ വിവാദം.

പൊന്നാനിയിലെ പഴയ എംഎൽഎ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനാണ്. ശ്രീരാമകൃഷ്ണന്റെ മകൾക്ക് ഊരാളുങ്കൽ ഉയർന്ന ശമ്പളത്തിന് ജോലി നൽകിയും ചർച്ചകളിലുണ്ട്. ഇതിനൊപ്പമാണ് പൊന്നാനി ഫിഷിങ് ഹാർബറിലെ പുനർഗേഹം ഭവന സമുച്ചയത്തിൽ 29 വീടുകൾക്ക് വിള്ളൽ ഉണ്ടായതും ചർച്ചയാകുന്നത്.