പുരുഷനു ബാല്യമില്ല. സ്ത്രീക്കാകട്ടെ അതാണേറ്റവും പ്രിയപ്പെട്ട കാലവും ജീവിതവും. എഴുതപ്പെട്ടിട്ടുള്ള സ്ത്രീ, പുരുഷ ആത്മകഥനങ്ങൾ സാമാന്യമായൊന്നു നോക്കൂ. പുരുഷൻ കൗമാരത്തിലോ യൗവനത്തിലോ പിറവിയെടുത്തവനാണെന്നു തോന്നും. സ്ത്രീയങ്ങനെയല്ല. അവളുടെ ഭാഷയും ഭാവനയും മാത്രമല്ല ഓർമയും ജീവിതവും ഏറ്റവും ആർജ്ജവത്തോടെ പുനഃസൃഷ്ടിക്കുന്നത് ബാല്യത്തെയാവും.

ലിയോ ടോൾസ്റ്റോയ്, 'childhood' എന്ന പേരിൽ എഴുതി അയച്ച രചന 'My childhood' എന്നു തിരുത്തിയ പത്രാധിപരോട് അദ്ദേഹം നടത്തിയ കലഹം പ്രസിദ്ധമാണ്. അത് 'തന്റെ' ബാല്യമല്ല എന്നായിരുന്നു ടോൾസ്റ്റോയിയുടെ നിലപാട്. ആത്മകഥയെഴുതിയ പുരുഷന്മാർ പൊതുവെ ബാല്യം മറന്നുകളഞ്ഞപ്പോൾ സ്ത്രീകൾ ഏറ്റവും തീവ്രവും തീക്ഷ്ണവുമായി ഓർമിച്ചെടുത്തത് ബാല്യമാണ്. ബാല്യകാലജീവിതത്തെ തങ്ങളുടെ ആയുസ്സിന്റെതന്നെ അർഥവും സാക്ഷാത്കാരവും നഷ്ടസ്വർഗവുമായി പൂരിപ്പിച്ചെഴുതിയ സ്ത്രീകൾ എത്രയെങ്കിലുമുണ്ട്. മലയാളത്തിലുമുണ്ട് നിരവധി ഉദാഹരണങ്ങൾ, മാധവിക്കുട്ടിയുൾപ്പെടെ.

മിത്തുകളിലാകട്ടെ, ചരിത്രത്തിലാകട്ടെ, അക്ഷരകലയിൽ പെൺബാല്യങ്ങൾ ക്ലാസിക്കുകളായപ്പോൾ (സിൻഡ്രല്ലയും ആലീസും മുതൽ ആൻഫ്രാങ്ക് വരെ) ആധുനിക സാഹിത്യത്തിൽ ആൺബാല്യങ്ങൾ പ്രാധാന്യം നേടി. സിനിമയിലും ആൺബാല്യങ്ങൾക്കാണ് ആ പദവി കൈവന്നത്. ദ കിഡും ബൈസിക്കിൾ തീവ്‌സും പാഥേർ പാഞ്ചലിയും മുതൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ വരെ - മജീദ് മജീദി സൃഷ്ടിച്ച അതുല്യമായ പെൺബാല്യം മറക്കുന്നില്ല. മലയാളത്തിൽ ചെറുകഥകളിലും നോവലുകളിലും കവിതയിലുമൊക്കെ പ്രായേണ ആൺബാല്യങ്ങൾക്ക് വൈകാരികമായ മൂല്യപദവിയും പ്രാതിനിധ്യവും കൂടുതൽ ലഭിച്ചുവെങ്കിലും ആത്മകഥകളിൽ പുരുഷൻ പൊതുവെ തന്റെ ബാല്യത്തെ കൈവിട്ടു. സ്ത്രീകളാകട്ടെ, ആത്മത്തിന്റെ ഉടലുയിർ സ്വരൂപങ്ങളൊന്നടങ്കം തങ്ങളുടെ ബാല്യത്തിൽ പ്രതിഷ്ഠിക്കുകതന്നെ ചെയ്തു. ഭാവനയിൽ പുരുഷനും യാഥാർഥ്യത്തിൽ സ്ത്രീയും പുനഃസൃഷ്ടിച്ച ബാല്യങ്ങളുടെ ഈ സൗന്ദര്യകലയ്ക്ക് നിശ്ചയമായും നരവംശശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും മനഃശാസ്ത്രപരവുമൊക്കെയായ മാനങ്ങളുണ്ട്. (അക്കാദമികമായി ഈ വിഷയം പഠിക്കാനാഗ്രഹമുള്ളവർ ആസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാലാ പ്രൊഫസർ പി.ജെ. ഡേവിസിന്റെയും മറ്റും ഗവേഷണങ്ങൾ നോക്കുക).

എന്തുകൊണ്ടാണ് മിക്കവാറും ആഖ്യാനങ്ങളിൽ ബാല്യം പുരുഷന് വെറും ഭാവനയും സ്ത്രീക്ക് കൊടിയ യാഥാർഥ്യവുമായി മാറിയത്? ബാല്യത്തിന്റെ പുനഃസൃഷ്ടിയിലൂടെ സ്ത്രീ തന്നെത്തന്നെയാവിഷ്‌കരിക്കുന്നതിന്റെ വൈവിധ്യമാർന്ന രീതികളേതൊക്കെയാണ്? മുതിർന്ന കാലത്തെഴുതുമ്പോഴും, മുതിർച്ചയുടെ സ്പർശവും ഗന്ധവുമില്ലാതെ ബാല്യത്തിലേക്കു കൂടുവിട്ടു കൂടുമാറാൻ സ്ത്രീകളുടെ ആഖ്യാനത്തിനു കഴിയുന്നതെന്തുകൊണ്ടാണ്? ആത്മത്തെ അക്ഷരത്തിൽ എഴുതാൻ സ്ത്രീ സ്വീകരിക്കുന്ന വേറിട്ട വഴികളുടെ കലയും സൗന്ദര്യവുമെന്താണ്? ഓർമ്മയെയും സ്മൃതിയെയും വർത്തമാനകാലത്തേക്കു കൊണ്ടുവരുന്നതിനുപകരം ഭൂതത്തിലേക്കു സ്വയം സഞ്ചരിച്ചെത്താൻ സ്ത്രീക്കു കഴിയുന്നതെങ്ങനെയാണ്?

ഈ ചോദ്യങ്ങൾക്കൊന്നും വസ്തുനിഷ്ഠമായ ഉത്തരങ്ങളല്ല, ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങളേ സാധ്യമാകൂ. വിവേചനങ്ങളും സങ്കടങ്ങളും ചൂഷണങ്ങളും താരതമ്യേന കുറഞ്ഞ സ്വന്തം ബാല്യത്തിലേക്കുള്ള രക്ഷപെടലാവാം ഓരോ സ്ത്രീക്കും ആത്മകഥനം. അഥവാ മുതിരുമ്പോഴും കൺമുന്നിൽ തങ്ങൾ പുനഃസൃഷ്ടിക്കുന്ന ബാല്യങ്ങളോടുണ്ടാകുന്ന അസാമാന്യമായ ആത്മബന്ധമാകാം. വർത്തമാനത്തിനു പകരം ഭൂതവും വരമൊഴിക്കുപകരം വാമൊഴിയും കല്പിതങ്ങൾക്കു പകരം ഓർമകളും തങ്ങളുടെ അഭയസ്ഥാനങ്ങളായി സ്ത്രീകൾ കാണുന്നതുകൊണ്ടുപോലുമാകാം, സ്വത്വാവിഷ്‌ക്കാരത്തിന്റെ മാന്ത്രികപ്പരവതാനിയെ നോക്കി വിടർന്ന കണ്ണുകളോടെയുള്ള ഈ നിൽപ്പ്. ഒന്നുറപ്പാണ്, ഓർമകൾപോലുമുണ്ടാകും മുൻപേ തങ്ങളനുഭവിച്ച ജീവിതത്തിന്റെ ഈ ഓർമ്മിച്ചെടുക്കലുകളാണ് ഓരോ സ്ത്രീ ആത്മകഥയെയും ഏറെ ഭാവാത്മകവും അനുഭവാത്മകവും ആ അർഥത്തിൽ തന്നെ കൂടുതൽ ചരിത്രാത്മകവുമാക്കുന്നത്.

മലയാളസാഹിത്യത്തിലോ സാംസ്‌കാരിക മണ്ഡലത്തിലോ എഴുത്തിലും സാഹിത്യത്തിലും അത്രമേൽ പരിചിതയൊന്നുമല്ലാത്ത രമ പൂങ്കുന്നത്ത് എഴുതിയ, 'ഉറവ' വായിക്കൂ. ഒരു പെൺകുട്ടിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പേരിൽ രമ എഴുതിയ തന്റെ ബാല്യകാലസ്മരണകളുടെ ഈ പുസ്തകം അസാധാരണമായ ഒരു ആത്മകഥാഖ്യാനമാണ്. എത്രയും ചെറിയ ഒരു കാലഘട്ടത്തിൽ, എത്രയും ചെറിയ ഒരു ഭൂമിശാസ്ത്രത്തിൽ, എത്രയും ചെറിയ ഒരു ജീവിതത്തിൽ ഒരു പെൺകുട്ടി തന്റെ വിങ്ങുന്ന അനുഭവങ്ങളോടും വിറങ്ങലിപ്പിക്കുന്ന ചുറ്റുപാടുകളോടും നടത്തിയ ആത്മാവിന്റെ കൊടുക്കൽ വാങ്ങലുകളുടെ ഒന്നാന്തരം ഒരോർമ്മപ്പുസ്തകം.

പതിനേഴ് ഓർമ്മക്കുറിപ്പുകൾ. കഥകളെന്നും പറയാം. അനുഭവങ്ങളുടെ ആവിഷ്‌ക്കാരങ്ങളുമാണവ. വേണമെങ്കിൽ സമാനമായ നൂറുകണക്കിന് കഥകളിലേക്ക് ഇനിയും വികസിപ്പിക്കാവുന്ന ജീവിതചിത്രങ്ങൾ. തനിക്കു മാത്രം മനസ്സിലാകുന്ന ഒരു ലോകവും അതു നൽകുന്ന അനുഭൂതികളും ചേർന്നു സൃഷ്ടിക്കുന്ന, തന്റേതുമാത്രമായ അവസ്ഥകൾ. അഞ്ചോ ആറോ വയസ്സിനുള്ളിൽ ഒരു പെൺകുഞ്ഞിന്റെ അകക്കണ്ണും പുറംകാഴ്ചകളും തമ്മിലുണ്ടാകുന്ന, എക്കാലത്തേക്കും രഹസ്യമായി തുടരുമായിരുന്ന, ഒരുപറ്റം ഉടമ്പടികളുടെ കാവ്യലോകമാണ് 'ഉറവ'. മനസ്സിന്റെ കാലിഡോസ്‌കോപ്പ്.

അവിലുകാരത്തി ഉപേക്ഷിച്ചുപോയതാണ് തന്നെയെന്ന് രമയ്ക്കു പറഞ്ഞുകൊടുത്തത് അച്ഛമ്മയാണ്. അവൾക്കതു കേട്ടു സങ്കടമായി. പിന്നീട് അച്ഛനാണ്, രമയെ ആദ്യം താൻ പ്രസവിച്ചുവെന്നും പിന്നെ അമ്മ പ്രസവിച്ചുവെന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചത്.

ഇനിയുള്ളതോരോന്നും ഓരോ കഥകളാകുന്നു. കാലവും സ്ഥലവും വ്യക്തികളും ബന്ധങ്ങളുമൊക്കെ കുഴമറിഞ്ഞു വരും. പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും മഴയും കാറ്റും തൊടിയും വീട്ടകവും കൂടിക്കുഴഞ്ഞുവരും. കുഞ്ഞുങ്ങളുടെ ഓർമയും സ്വപ്നവും പോലെ. പേക്കിനാവുകളിലാണ് തുടക്കം. പുളിങ്കുരു വിഴുങ്ങിയാൽ അവ വയറ്റിൽ കിടന്നു മുളച്ച് പുളിമരമാകുമെന്നു കേട്ടു ഭയന്ന കുഞ്ഞിന്റെ രാപകലുകളുടെയും കിനാവുകളുടെയും പേക്കഥ. സ്‌നേഹത്തിനു നാലുകാലും വാലും മുളച്ചുണ്ടായ കുഞ്ഞാണിയെന്ന പൂച്ചയുടെയും അതിനുണ്ടായ ദാരുണമായ അന്ത്യത്തിന്റെയും സങ്കടക്കഥയാണ് അടുത്തത്. അമ്മ പിണങ്ങി സ്വന്തം വീട്ടിൽ പോയ കാലത്ത് തന്നെ നോക്കാൻ വന്ന ദേവുച്ചേച്ചിയെ സ്‌നേഹിക്കാൻ വന്ന കുണ്ടൻ കറുമൂസയുടെ പ്രണയകഥയാണ് മറ്റൊന്ന്. സുഖവും ദുഃഖവും കുളിരും കിനാവും ഒപ്പം പകരുന്ന കർക്കിടകത്തിലെ മഴദിനങ്ങളെക്കുറിച്ചാണ് വേറൊരു കഥ. ആരോ നൽകിപ്പോയ സ്വന്തം മകൻ സർക്കസുകാരുടെ കൂടെ നാടുവിട്ടതും ഏതോ നാട്ടിൽ വച്ചു പനിപിടിച്ചു മരിച്ചതും മറക്കാതെ അനാഥപ്പൂച്ചകൾക്ക് അന്നവും അഭയവും കൊടുത്തു ജീവിക്കുന്ന പാത്തുമ്മയുടെ കഥയാണ് 'പൂച്ചകളുടെ ഉമ്മ'. മുതിർന്ന കളിക്കൂട്ടുകാരായി ബാല്യത്തെ കൊഴുപ്പിച്ച അയൽവീട്ടിലെ ബന്ധുക്കളെക്കുറിച്ചുള്ളതാണ് മറ്റൊരു ഓർമ. ഒരു മധ്യവേനലവധിക്കാലത്ത് പേപ്പട്ടി കടിച്ചതിന്റെയും അതെത്തുടർന്ന് പേയിളകലിനെയും മരണത്തെയും കുറിച്ചുണ്ടായ ഭയത്തിന്റെയും കഥയാണ് 'പേപ്പട്ടി'. കാവതിക്കാക്കക്കുണ്ടായ അപകടവും അതുണ്ടാക്കിയ സങ്കടങ്ങളും പകരുന്ന നൊമ്പരക്കഥയാണ് 'അടുത്തത്'. വേനൽക്കാലത്ത് വെള്ളംവറ്റിയ കിണറ്റിൽ പാറപൊട്ടിച്ചാഴം കൂട്ടിയിട്ടും വെള്ളം കിട്ടാതെ വന്ന നാളുകളിൽ ആ കിണറ്റിലിറങ്ങി ഭൂമിയുടെ ആഴം കണ്ട അനുഭവം പങ്കിടുന്നു, 'കിണർ'. താനും ചേച്ചിയും ജനിക്കും മുൻപ് അമ്മയുടെ വയറ്റിലുണ്ടായി മൂന്നാം മാസം അലസിപ്പോയ ചേട്ടനെ സ്‌നേഹിച്ചും ഭയന്നും അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥയാണ് ഇനിയൊന്ന്'. കുറെക്കാലത്തേക്കു വളർത്താൻ കിട്ടിയ തത്തമ്മയെ, കൂടുതുറന്നു പറത്തിവിട്ടതിന്റെയും മറ്റു കിളികൾ കൂട്ടത്തിൽ ചേർക്കാതായപ്പോൾ അതു തിരിച്ചുവന്ന് കൂട്ടിൽതന്നെ കയറിയതിന്റെയും ഓർമ മറ്റൊരു കഥ. തെക്കെപ്പറമ്പിലെ മുതുമുത്തച്ഛൻ ചേലന്മാവിന്റെ മരണം തന്റെ ബാല്യത്തിന്റെ അവസാനമായി തിരിച്ചറിയുന്നു, മറ്റൊരു ഓർമ്മക്കുറിപ്പിൽ രമ. ആരും ചെന്നടുക്കാത്ത കുട്ടിച്ചാത്തൻപാറയും അതിന്റെ മുകളിലെ വെള്ളക്കുഴിയും ഓർമകളിൽ നിന്നുപോലും അപ്രത്യക്ഷമായതിന്റെ കഥ പറയുന്നു മറ്റൊരു രചന. അങ്കണവാടിയിൽനിന്ന് സ്‌കൂളിൽചേർന്ന ആദ്യവർഷത്തെ ചില ഓർമകളും അനുഭവങ്ങളുമാണ് 'താരയുടെ അനുജത്തി'യിൽ. അമ്മയുടെ അഭാവം, കണ്ണീരും കിനാവും പെയ്തും നെയ്തും കൂട്ടിയ ബാല്യത്തിന്റെ തീരാക്കഥകളിലൊന്നാണ് അവസാന രചന.

ഒരു മരം. ഒരു കിളി. ഒരു മൃഗം. ഒരു ചെടി. ഒരു മഴ. ഒരു കാറ്റ് - ഒരായിരം ചിറകുമായി പറന്നുയരുകയാണ് രമയുടെ ഓരോ കഥയും അനുഭവവും. ഒന്നിനൊന്നു ഭിന്നമായ മർത്യഭാഗധേയങ്ങൾ പങ്കുവയ്ക്കുന്ന ഈ പതിനേഴുസ്മൃതിചിത്രങ്ങളിലും അങ്ങേയറ്റം ആർജ്ജവത്തോടെ രമയവതരിപ്പിക്കുന്ന ബാല്യത്തിന്റെ ജീവിതക്കാഴ്ചകളുണ്ട്. ആത്മാവിന്റെ പരകായപ്രവേശം കൊണ്ടുമാത്രം സാധ്യമാകുന്ന അനുഭൂതികളുടെ ആഖ്യാനമാണ് ഇവയിൽ ഏറ്റവും പ്രധാനം. തന്റെ ബാല്യത്തെ, ഭാഷയിലും ഭാവനയിലും നോട്ടത്തിലും പരിവർത്തനത്തിലും പനഃസൃഷ്ടിക്കാൻ രമയ്ക്കുള്ള വൈഭവം അസാധാരണമാണ്. ഈ പുസ്തകത്തിലെ ഏതു രചനയും ഇതിനുദാഹരണവുമാണ്. തന്നെത്തന്നെ വിവരിക്കുന്നതിലും മറ്റുള്ളവരെ വീക്ഷിക്കുന്നതിലും ഇതിങ്ങനെതന്നെ. നോക്കുക:

'മഞ്ഞുവീണ തണുത്ത പ്രഭാതത്തിൽ പാലുവാങ്ങി അച്ഛനോടൊപ്പം തിരിച്ചുവരുമ്പോൾ അപ്പക്കാട്ടിലെ ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടവഴിയിൽ നിന്നും കിട്ടിയതാണ് കുഞ്ഞാണിപ്പൂച്ചയെ. പാലുമായി ബാലേട്ടന്റെ ഓട്ടോറിക്ഷ വലിയ നിരത്തിൽ രാവിലെ ഏഴേമുക്കാലോടെ എത്തും. കാലത്ത് നേരിയ തണുപ്പ്. ഇടവഴിയിലൂടെ ഒരോട്ടമാണ്. വഴിയിൽ കാണുന്ന രസങ്ങളെല്ലാം ഒഴിവാക്കി ഒരു പോക്ക്. മൂസാക്കായുടെ ഓലമേഞ്ഞ വീടും മൊയ്തീന്മാമന്റെ മണ്ണുതേച്ച തിണ്ണയുള്ള ഓലവീടും അദ്രുമാനാജിയുടേയും തേങ്ങാക്കാരൻ കുട്ടുസമാമന്റേയും വീടുകളും താണ്ടി കിതച്ചു വിയർത്ത് റോഡിലെത്തും. ഇടയ്ക്കു കാണുന്ന താത്തമാരും ഉമ്മമാരും, 'വേഗം, പോട്.... ഓട്ടോർശ ബന്നിറ്റ്ണ്ടാകും' എന്നു പറയും. പാലു വാങ്ങി കഴിഞ്ഞാൽ ക്ഷീണമാണ്. നിരത്തിൽ നിന്നും ഇടവഴിവരെയുള്ള കയറ്റം ബുദ്ധിമുട്ടി കയറും. എത്ര വേഗത്തിൽ വീട്ടിൽ എത്തണമെന്ന് ആഗ്രഹിച്ചാലും മെല്ലെയായിപ്പോകും. അപ്പോഴാണ് ഇടവഴിക്ക് അരികിലുള്ള പുല്ലു നിറഞ്ഞ മതിലുകളിലെ വിശാലമായ കാഴ്ചകളിലേക്ക് അറിയാതെ ഊളിയിട്ടു പോകുന്നത്. മഴ പെയ്തു കുതിർന്ന മതിലുകളിൽ പടർന്നുകിടന്ന പുല്ലിലെ എണ്ണ പറിച്ചെടുത്ത് കൺപോളകളിൽ പുരട്ടും. ഇണചേർന്നുമല്ലാതെയും പുല്ലിലൂടെ പറക്കുന്ന നാരൻ തുമ്പികളെ പിടിക്കാൻ ശ്രമിക്കും. പറക്കുന്ന പലനിറങ്ങളിലുള്ള പൂമ്പാറ്റകളെ നോക്കി നിൽക്കും... ചിലപ്പോൾ ഓടും. അപ്പോൾ തുളുമ്പിപ്പോകുന്ന പാലിന്റെ പാത്രം നോക്കി വഴിപോക്കരായ നാട്ടുകാർ വാത്സല്യത്തോടെ വഴക്കു പറയും. വീടിന് അടുത്തെത്തുമ്പോൾ ദോശമൊരിയുന്ന മണം വിശപ്പിനെ ആളിക്കത്തിക്കും. അമ്മ ചൂടോടെ ചമ്മന്തി ചേർത്തു തരുന്ന ആ പലഹാരത്തിന്റെ രുചി മറക്കാൻ കഴിയില്ല.

അങ്ങനെപോകുന്ന ഒരു ദിവസം നനഞ്ഞ പുല്ലിൽ അടഞ്ഞുപോയ ശബ്ദത്തോടെ തണുത്തുവിറച്ച് വിശന്ന് കാറിക്കരയുന്ന ഒരു പൂച്ചയെ കണ്ട് ഞാനും ചേച്ചിയും സങ്കടപ്പെട്ടു. അതിനെ കൊണ്ടുപോയി വളർത്താം എന്ന് പറഞ്ഞപ്പോൾ അച്ഛൻ സമ്മതിക്കുകയും ചെയ്തു. അടുത്തുകണ്ട ഉപ്പൂത്തി മരത്തിന്റെ ഇല പൊട്ടിച്ച് കുമ്പിളു കുത്തി കുറച്ച് പാൽ അതിൽ ഒഴിച്ചുകൊടുത്തപ്പോൾ ആർത്തിയോടെ അതു മുഴുവനും കുടിച്ചു. ഒരാണിയെപോലെ നേർത്ത ശരീരമുള്ള അവനെ ഞങ്ങൾ 'കുഞ്ഞാണി' എന്നു വിളിച്ചു. ആ ദിവസം മുതൽ ഞാനും ചേച്ചിയും അവന്റെ അമ്മമാരും കൂട്ടുകാരും കൂടപ്പിറപ്പുകളുമായി. മീൻ വാങ്ങാത്ത ഞങ്ങളുടെ വീട്ടിൽ സസ്യഭക്ഷണം മാത്രം കഴിച്ച് കുഞ്ഞാണി വളർന്നു. പാലും തേങ്ങാ ചിരവിയതും ചോറും തൈരും അവൻ സന്തോഷത്തോടെ കഴിച്ചു.

'കുഞ്ഞാണി....മ്യാവു...' എന്ന ഒറ്റവിളിക്ക് എത്ര ദൂരെയാണെങ്കിലും അവൻ ഓടിയെത്തും. ഉമ്മറത്തെ സിമന്റ് തറയിൽ അവന്റെ വീതം പാൽ ഒഴിച്ചുകൊടുക്കും. അതിനുശേഷം മാത്രമേ പാൽപാത്രം അടുക്കളയിൽ എത്തിച്ചിരുന്നുള്ളൂ. ദേഷ്യം വന്ന് അമ്മ വഴക്കു പറയും. എന്തായാലും കുഞ്ഞാണിക്ക് കൊടുത്തുകഴിഞ്ഞേ ആ വീട്ടിൽ മറ്റാർക്കും പാൽ കിട്ടിയിരുന്നുള്ളു'.

ബാല്യത്തിന്റെ കൂടപ്പിറപ്പായ കൊച്ചുദുഃഖങ്ങളുടെ എത്രയെങ്കിലും കണ്ണീരിറ്റുന്ന സ്മൃതിചിത്രങ്ങൾ ഈ കഥകളിലെമ്പാടുമുണ്ട്. മുതിരുമ്പോഴും ജീവിതത്തിൽ ബാക്കിയാകുന്ന കണ്ണീരിന്റെ ഉപ്പുരസത്തിൽ ഓർമകൾ ചാലിച്ചെഴുതിയ ജനിതകസൂത്രങ്ങളാണിവ. ഒരു സന്ദർഭം വായിക്കുക: 'അമ്മ വീട്ടിലില്ലാത്ത ആ മഴക്കാലം എനിക്ക് വിഷമം പിടിച്ചതായിരുന്നു. അടുക്കളപ്പുറത്തെ ഉമ്മറപ്പടിയിൽ അമ്മയുടെ മടിയിൽ ചാരിയിരുന്ന് മഴകാണാൻ ഞാനതിയായി ആഗ്രഹിച്ചു. ഇടയ്ക്ക് കനലിൽ വെച്ച് ചുട്ടെടുത്തുതരുന്ന ഗോതമ്പട തിന്നാൻ കൊതിച്ച് തൊണ്ടയിടറി. ഇഡ്ഢലിയും ദോശയും ചമ്മന്തിയും പുട്ടും കടലയും ചൂടോടെ അടുക്കളപ്പലകയിലിരുന്ന് ആസ്വദിച്ച് കഴിക്കുന്നത് ഓർമ മാത്രമായി. ഉപ്പിച്ച കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും ചെറുപയർതോരനും മുടങ്ങാതെ മൂന്നു നേരവും വിളമ്പി അച്ഛമ്മ ഞങ്ങളുടെ വിശപ്പകറ്റി. അമ്മയില്ലാതെ വിരസമായ അടുക്കള സ്വകാര്യദുഃഖമായി ഞാൻ കൊണ്ടുനടന്നു. മഞ്ചയിട്ട കലവറയിലെ അയയിൽ തൂക്കിയിട്ട അമ്മയുടെ സാരികളിൽ മണം പിടിച്ച് ഞാൻ കണ്ണുനീരുണ്ട് അവിടവിടെ പതറിനടന്നു.

അന്നൊരു അവധി ദിനമായിരുന്നു. പതിനൊന്നു മണിയോടെ മഴ ശക്തമായി. ഉമ്മറത്തിട്ട കട്ടിലിൽ കമ്പിളി മൂടിപ്പുതച്ച് അച്ഛൻ കൂർക്കം വലിക്കുന്നു. അച്ഛമ്മയും ദേവുചേച്ചിയും അടുക്കളയിലും. ആ ഏകാന്തതയിൽ കുഞ്ഞാണിപൂച്ചയേയും മടിയിലിരുത്തി മഴയുടെ വേഷപ്പകർച്ചകൾ നോക്കി ഞാൻ പടിക്കട്ടിലിൽ ചാരിയിരുന്നു. ഒരുവേള മഴ തേങ്ങിക്കരയുകയാണെന്ന് എനിക്കു തോന്നി. എന്റെ സങ്കടത്തിൽ പങ്കുചേരാനെത്തിയ മഴപ്പെണ്ണിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഞാനുറക്കെ പാടി:

'അമ്മേ വരൂ വരൂ വെക്കംവെളിയിലേ-
ക്കില്ലെങ്കിലീമഴ തോന്നുപോമേ........' 

അമ്മയുടെ വീട്ടിലും ഇപ്പോൾ മഴ പെയ്യുന്നുണ്ടാകും. അമ്മ എന്നെ ഓർമിക്കുന്നുണ്ടാവുമോ... ഇറവെള്ളം വീണ് ഉടുപ്പ് നനഞ്ഞു. പാട്ടുപാടി തൊണ്ടയിടറിയത് കോരിച്ചൊരിയുന്ന മഴയിൽ ശ്രുതി ചേർന്നതിനാൽ ആരും കേട്ടില്ല. കണ്ണിൽനിന്നും ധാരധാരയായി ഒഴുകിയ കണ്ണീർ പുറം കൈകൊണ്ട് തൂത്തുകളയാതെ ഇറവെള്ളത്തിൽ ഇറങ്ങിനിന്നു. ആകാശത്തിന്റെ വിശുദ്ധജലവും എന്റെ കണ്ണുനീരും കൂട്ടിച്ചേർച്ച് മുറ്റത്തൊഴുകി. പടിക്കട്ടിലിൽ ചുരുണ്ട് മയങ്ങുന്ന കുഞ്ഞാണി മാത്രം ഇടയ്ക്കിടെ തലപൊക്കി എന്നെ നോക്കി. പതുക്കെ മഴ പിൻവാങ്ങി, ഞാനും. കരഞ്ഞു തിണർത്ത എന്റെ മുഖം കണ്ട് അച്ഛമ്മ പനിക്കുന്നുണ്ടോയെന്ന് തൊട്ടുനോക്കി. ആകെ നനഞ്ഞു കുതിർന്ന ഉടുപ്പു മാറ്റി. ശീതക്കാറ്റ് എന്റെ നേർത്ത മേനിയെ കിടുകിടാ വിറപ്പിച്ചു. പനിച്ചൂടിൽ പല്ലുകടിച്ച് ഞെളിപിരി കൊണ്ട് കൈകാലുകൾ കിടക്കയിൽത്തല്ലി, ഗതികിട്ടാത്ത ആ കിടപ്പ് ദിവസങ്ങളോളം നീണ്ടു. അച്ഛമ്മയുടെ ചൂടുനെഞ്ചിൽ പറ്റിക്കിടന്ന് ഞാനെന്തൊക്കെയോ പിറുപിറുത്തു. ഉറക്കത്തിനും ഉണർവിനുമിടയിൽ പറന്നുനടക്കുന്ന സ്വപ്നത്തിന്റെ അപ്പൂപ്പൻതാടികൾ. അതിനിടയിലെപ്പോഴോ അമ്മ എത്തിച്ചേർന്നിരുന്നു. സന്തോഷവും സങ്കടവും ഒന്നിച്ചുവന്ന നിമിഷത്തിൽ എഴുന്നേൽക്കാനാവാതെ ഞാൻ തളർന്നുകിടന്നു. അടുത്ത മഴയിൽ ഞാൻ ആത്മവിശ്വാസത്തോടെ അടുക്കളയിലേക്കിടം കണ്ണിട്ട് നോക്കി ഉച്ചത്തിൽ പാടി:

'അമ്മേ വരൂ വരൂ വെക്കം വെളിയിലേ
ക്കല്ലെങ്കിലീമഴ തോർന്നുപോമേ.....'.'

കൊടുവള്ളി എന്ന ഗ്രാമത്തിന്റെ മാനുഷികവൈവിധ്യം മാത്രമല്ല, പ്രകൃതിയുടെ മാരിവിൽ ലാവണ്യവുമുണ്ട് 'ഉറവ'യിലുടനീളം. ഭൂമിയിലുള്ള ഒന്നും കാണാതെ പോകുന്നില്ല, മണ്ണിനോടു പറ്റിച്ചേർന്നു നടക്കുന്ന രമയുടെ കുഞ്ഞിക്കണ്ണുകൾ. മറ്റു മനുഷ്യരോടെന്നതിനെക്കാൾ മരങ്ങളോടും കിളികളോടും മൃഗങ്ങളോടും പൂക്കളോടും മഴയോടും മണ്ണിനോടും സംസാരിച്ചു വളർന്നവൾ. 'കണിക്കൊന്ന, മാവ്, പ്ലാവ്, കുടംപുളി, വാളൻപുളി, പറങ്കിമാവ് എന്നിങ്ങനെ ഒട്ടേറെ വൃക്ഷങ്ങൾ ആ വീടിനെ മറച്ചുകൊണ്ട് പച്ചപുതച്ച് കിടന്നു. വീടിന്റെ പിന്നാമ്പുറത്തെ തൊടിയിലാകട്ടെ ഇലയില്ലാതെ പൂത്തുനിൽക്കുന്ന പെൺപൂളമരവും ഒരുപാട് കാട്ടുമരങ്ങളും തിങ്ങിക്കിടന്നു. പാതിരാവുകളിൽ കൂവിയും ബഹളം വെച്ചും അർമാദിച്ചു നടന്ന കള്ളക്കുറുക്കന്മാർ പകൽവെളിച്ചത്തിൽ തൊടിക്കപ്പുറമുള്ള കുറ്റിക്കാടുകൾക്കിടയിൽ മയങ്ങാൻ കിടന്നു. വല്യമ്മയ്ക്കും ചേച്ചിമാർക്കുമൊന്നിച്ച് അണ്ടിപെറുക്കാൻ പോകുമ്പോൾ മയക്കം ഞെട്ടിയുണർന്ന അവ കാലുകൾക്കിടയിൽ വാലും പൂഴ്‌ത്തിവെച്ച് കാടുമൂടിയ ഇടവഴിയും താണ്ടി ബാലന്മാഷുടെ പറമ്പിലേക്ക് അപ്രത്യക്ഷരായി. ഈച്ചയാർത്തുകിടന്ന പറങ്കിമാങ്ങകൾ ചവിട്ടി അണ്ടി മുരുണ്ടിയെടുത്ത് വല്യമ്മ പാളയിൽ ഇടുന്നതിനിടെ ഞാൻ കിട്ടിയ സമയം ആർത്തിയോടെ കാഴ്ചകൾ കണ്ട് ഓടി നടന്നു. ആ പ്രദേശത്തെ തന്നെ ഏറ്റവും മധുരമുള്ള തേൻവരിക്കപ്ലാവിന്റെ മുകളിൽ പഴുത്തുനിൽക്കുന്ന ചക്കകൾ അണ്ണാറക്കണ്ണന്മാരെപ്പോലെ എന്നെയും കൊതിപ്പിച്ചു. താഴെ കൂനൂരി വീണുകിടക്കുന്ന ചീഞ്ഞ ചക്കകൾക്കു മീതെ തേനീച്ചകൾ ആറ്ത്തു. കുത്ത് പേടിച്ച് ഓടി നിരങ്ങി വീണ് കാൽമുട്ടിലെ തൊലി പോയി, കരഞ്ഞില്ല, കാരണം അതോടെ തീരും എല്ലാം... 'കണ്ണ് തേറ്റിയാ കുര്ത്തകേടാ... കണ്ണും മൂക്കും നോക്കാണ്ടെ ഓടിനടക്കണ്ടാന്നു പറഞ്ഞാ കേൾക്കില്യാ.... ഇനി പൊറത്തിറങ്ങിച്ചാ' അച്ഛമ്മ കണ്ണുരുട്ട്യാ പിന്നെ ആ ദിവസത്തെ സന്തോഷം മുഴുവൻ കെട്ടുപോകും. അതിലും ഭേദം ഇത്തിരി ദണ്ണം സഹിച്ച് മിണ്ടാതിരിക്കുന്നത് തന്ന്യാ.. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ഞെരടി മുട്ടിലുരച്ച് പുളിഞ്ചോട്ടിൽ ചെന്ന് പരതാൻ തുടങ്ങി. ഓടുപൊട്ടാത്ത വലിയ പുളിങ്ങകൾ കാണുമ്പോൾത്തന്നെ വായിൽ നിന്നും വെള്ളമൊലിക്കും. ശരിക്കും പഴുത്ത പുളിങ്ങ നാരോടെ ഉപ്പും പുരട്ടി ഈമ്പികഴിക്കാൻ നല്ല രുചി തന്നെ. അതിനേക്കാളും എനിക്കിഷ്ടം പഴുക്കാൻ തുടങ്ങിയ പച്ചപുളിയിലെ അരിമ്പ് നാവിലിട്ടാറാടുന്നതാണ്. പുളിപെറുക്കിയെങ്കിലും ഉപ്പ് തേടി അടുക്കളയിൽ പോകാൻ മിനക്കെട്ടില്ല, കാരണം കഴിപ്പൊട്ട് നടക്കുകയുമില്ല, ശകാരം കേൾക്കുകയും ചെയ്യും. ചാണകം മെഴുകിയ മുറ്റത്ത് പായിൽ ഉണങ്ങാനിട്ട ഉപ്പ് പുരട്ടിയ ചൂടൻ പുളിങ്ങ തിന്നലാണ് എളുപ്പം. അതിന് തന്നെയാണ് രുചിയും മെച്ചം. ഓടിപ്പോയി ഒരുപിടി പുളി വാരി വായിലിട്ടു.... ആഹ് കവിളും ചെവിയും കോച്ചിപിടിക്കുന്നു.... രുചി മുകുളങ്ങൾ പുളിരസത്തിൽ നീരാട്ടിലായി'.

ജീവിതത്തിന്റെ നെടിയ സത്യങ്ങളെയും കുറിയ നുണകളെയും വേർതിരിച്ചറിയുന്ന, പ്രവചനാത്മകമായ ഉൾക്കാഴ്ചകളുള്ള ബാല്യത്തിന്റെ അസാധാരണത്വങ്ങൾ ഈ രചനകളിലുടനീളം കാണാം. ചേലന്മാവിന്റെ മരണമവതരിപ്പിക്കുന്ന 'ബാല്യത്തിന്റെ അവസാനം', തന്റെ ജീവിതത്തിന് എന്നേക്കുമായി അച്ഛൻ പറഞ്ഞുതരുന്ന പാഠംപോലെ ഒരു വാക്യമുരുവിട്ടുകൊണ്ടു കിണറ്റിലിറങ്ങുന്ന കഥ, 'കൂട്ടിലെ പക്ഷി പറക്കാൻ മോഹിക്കരുത്' എന്ന, പെണ്ണിനു മാത്രം ബാധകമായ ലോകയാഥാർഥ്യം തന്നെ പഠിപ്പിച്ച തത്തമ്മയുടെ കഥ..... ഓരോന്നും ഉദാഹരണമാണ്.

ആഴമുള്ള കിണറ്റിലിറങ്ങിയ, ഭൂമിയിലെ തന്നെ ഏക പെൺകുട്ടി താനായിരിക്കുമെന്ന ആത്മവിശ്വാസവുമായി പുതിയൊരു ലോകത്തേക്കു തിരിച്ചുകയറുന്ന അനുഭവത്തിന്റെ വിവരണം നോക്കൂ: 'ഒടുവിൽ ഞാൻ തെങ്ങിൽ ബലത്തിൽ കെട്ടിയ കയറിൽ പിടിച്ച് കിണർ ഭിത്തിയിൽ ആഞ്ഞുചവിട്ടി ഉള്ളിലേയ്ക്കിറങ്ങി. കരുതിയതിലും കൂടുതൽ ദൂരമുണ്ടായിരുന്നു അടിയിലേക്ക്. വായുപ്രവാഹം കുറഞ്ഞ ആ കുഴിയിൽ ഭൂമിയോട് ഏറ്റവും അടുത്ത് ചേർന്നു നിൽക്കുമ്പോൾ ഞാൻ ആനന്ദത്തിലാറാടുകയായിരുന്നു. പൊട്ടിത്തകർന്ന ചാത്തന്റെ പാറയിൽ കിനിഞ്ഞു വീഴുന്ന ജലത്തുള്ളികളിൽ ഞാൻ കനിവോടെ തൊട്ടു. മരത്തിനുമുകളിൽ കയറിനിന്ന് താഴെ ഭൂമിയെ നോക്കുന്ന പോലെ കിണറിനുള്ളിൽ നിന്ന് ആകാശത്തേക്ക് മിഴിനീട്ടി....

രണ്ടുകൈയും ചുറ്റുവരമ്പിൽ കുത്തി താഴേക്ക് കൗതുകത്തോടെ നോക്കി ചിരിക്കുന്ന അച്ഛൻ.... പപ്പടവട്ടത്തിൽ ആകാശം. ആകാശത്തിനെ ഇത്ര ചെറുതായി ഞാനാദ്യം കാണുകയായിരുന്നു. കലപിലകൂട്ടി കടന്നുപോകുന്ന കിളിക്കൂട്ടങ്ങളെ വളരെ ചെറുതായിട്ട് എനിക്ക് കാണാമായിരുന്നു. കിണറിനുള്ളിലെ ലോകം വളരെ ചെറുതും ദൃഢവുമായിരുന്നു. കിണറിന്റെ പരിസരത്ത് കാവൽ നിൽക്കുന്ന വെള്ളക്കുന്നി മരത്തിന്റെ അവസാനത്തെ ഇലകൾ എന്റെ നേരെ അനുഗ്രഹാശിസ്സുകളെന്നപോലെ പറന്നുവീണു. ഒരുപക്ഷേ ഇനിയൊരിക്കലും കാണാനിടയില്ലാത്ത കാഴ്ചകൾ ആർത്തിയോടെ ഞാൻ നോക്കിനിന്നു. ആശങ്ക നിഴലിക്കുന്ന മുഖത്തോടെ വലിയച്ഛനും കൃഷ്‌ണേട്ടനും കിണറിനു പുറത്ത് എന്നെ ഉറ്റുനോക്കിക്കൊണ്ട് നിന്നു. മിണ്ടാൻ വാക്കുകൾ ഇല്ലാതെ രാജേട്ടൻ കിണറിനുള്ളിലും.

അധികനേരം അതിനകത്തു നിൽക്കാൻ അച്ഛൻ അനുവദിച്ചില്ല. പ്രാണവായു കുറഞ്ഞുപോകുമെന്ന കാരണം പറഞ്ഞ് മുകളിലേക്ക് കയറാൻ നിർബന്ധിച്ചു. തഴക്കവും പഴക്കവും വന്ന കിണറുപണിക്കാരെ അനുകരിച്ച് ഞാനും ചവിട്ടിക്കുതിച്ച് മുകളിലെത്തി. 'കൈവിട്ടാലും കാൽവിടരുത്. കാൽ വിട്ടാലും കൈവിടരുത്' എന്ന അച്ഛന്റെ നിർദ്ദേശം അക്ഷരംപ്രതി അനുസരിച്ചും മനസ്സിലുരുവിട്ടും ഞാൻ കിണറ്റിൽ നിന്നും കരയിലെത്തി.

ഒറ്റചക്രം ചെറിയ കമ്പിക്കൊളുത്തിട്ട വടിയിൽ ഉരുട്ടിക്കൊണ്ടുനടക്കുന്ന ബിച്ചുവിനോടു തോന്നിയ അസൂയ, തളപ്പയിട്ട് തെങ്ങിന്മുകളിൽ ചാടിക്കയറുന്ന വേലായുധൻ മാമനോടും അശോകൻ മാമനോടും തോന്നിയ ഇഷ്ടം, രണ്ടു ചക്രമുള്ള സൈക്കിളിൽ യാത്രചെയ്യുന്ന മൊയ്തീൻ മാമനോടുതോന്നിയ ആരാധന.... ഇതെല്ലാം കൂടെ എനിക്ക് എന്നോടുതന്നെ തോന്നി.

കിണറിൽ നിന്നും പുറത്തിറങ്ങിയ ഉടൻ അച്ഛനെ ഉമ്മവെച്ചു. വിവരമറിഞ്ഞ് അപ്പോഴാണ് അച്ഛമ്മ കിണറ്റിൻകരയിൽ എത്തിയത്. വരുംവരായ്കളെക്കുറിച്ച് അച്ഛനോട് കയർത്തുസംസാരിച്ച് അച്ഛമ്മ ദേഷ്യമടക്കി. അച്ഛച്ഛൻ കിടന്നകിടപ്പിൽ ഒന്നും മിണ്ടാതെ പല്ലുകടിച്ച് അമർഷമൊതുക്കി. അമ്മ 'അഹമ്മദിക്കാരി' എന്ന് വിളിച്ചാക്ഷേപിച്ചു. ദേവുചേച്ചി മൂക്കത്ത് വിരൽവെച്ച് അത്ഭുതത്തോടെ 'ശ്ശ്....' എന്ന് ശബ്ദമുണ്ടാക്കി. അയൽക്കാരെല്ലാം തോന്ന്യവാസി എന്നും പറഞ്ഞ് എന്നെ അവഗണിച്ചെങ്കിലും കിണറ്റിലിറങ്ങിക്കളഞ്ഞല്ലോ നീ എന്ന അത്ഭുതം അവരുടെ മുഖത്ത് തെളിഞ്ഞുകണ്ടു.

എന്റെ തൊടിയിലെ ഓരോ ഇഞ്ചിലും എന്റെ കാൽപ്പാടുകളുണ്ടെന്ന് ഞാൻ മനസ്സിൽ അഭിമാനിച്ചു. കിണറിനുള്ളിലെ ആ ലോകം ഞാൻ മാത്രം കണ്ടതാണെന്ന അഹങ്കാരം എന്റെ ആത്മവിശ്വാസത്തെ വാനോളമുയർത്തി.

ഉച്ചമയക്കത്തിനിടെ പതുക്കെ ഞാൻ വിളിച്ചുപറഞ്ഞു....
'കൈവിട്ടാലും കാൽ വിടരുത്.... കാൽവിട്ടാലും കൈവിടരുത്' '.

ബാല്യത്തിൽ ഒരു പെൺകുട്ടി കടന്നുപോകുന്ന ഓരോ വൈകാരികാനുഭവത്തെയും രമ പകർന്നുവയ്ക്കുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഭയങ്ങളും മോഹങ്ങളും നിരാശകളും അങ്കലാപ്പുകളും അജ്ഞാനങ്ങളും അത്ഭുതങ്ങളും.... ഒന്നും അവൾ മറച്ചുവയ്ക്കുന്നില്ല. നിസംശയം പറയാം, ഇത്രമേൽ സത്യസന്ധമായും ഇത്രമേൽ ചാരുതയോടെയും തന്റെ ബാല്യം പുനഃസൃഷ്ടിക്കുന്ന ആഖ്യാനങ്ങൾ മലയാളത്തിൽ മറ്റധികമില്ല.

'ഉറവ'യിൽ നിന്ന്:-

'ഭൂതകാല പ്രതാപത്തിനനുസരിച്ചുളെളാരു അവസാനം അർഹിച്ചിരുന്നു ആ മാവ്. എന്നാൽ വല്ലാത്തൊരു ജീവിതം സമ്മാനിച്ച ആ മഹാവൃക്ഷത്തെ ഒരു മറയുമില്ലാതെ വെട്ടി വിറകാക്കുകയാണ് പണിക്കാർ. മരത്തോട് മല്ലിട്ട് അവർ തളർന്നിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള തായ്ത്തടി അഠിയറവു പറയാൻ മടിച്ചു. ഒടുവിൽ പത്തുപന്ത്രണ്ടാളുകൾ കൂടി അതിനെ തള്ളിയിടുകതന്നെ ചെയ്തു. ആ മരം മുറിഞ്ഞുവീഴുന്നത് കാണാൻ കഴിയാതെ മുറ്റത്തെ മുല്ലത്തറയിൽ വന്നു കുത്തിയിരുന്നു. നാലുവർഷമായി ഈ മാവിൽ കായ്ഫലം കുറവായിട്ട്. നിറയെ ഇത്തിൾക്കണ്ണികൾ തഴച്ച് മാവുണങ്ങിത്തുടങ്ങിയിരുന്നു. ഒടുവിൽ വലിയൊരലർച്ചയോടെ ആ മരം മണ്ണിലേക്ക് മറിഞ്ഞുവീണു. ഞാനച്ഛമ്മയെ നോക്കി. അവർ ഉള്ളിലെ വിഷമം മറച്ചുപിടിക്കുന്നത് എനിക്ക് ശരിക്കും മനസ്സിലാവുന്നുണ്ടായിരുന്നു. ഒരുപക്ഷെ, അച്ഛച്ഛന്റെ മുറിഞ്ഞുവീണ തണലിനെയോർത്ത് അവർ സ്വയം പഴിക്കുകയായിരുന്നിരിക്കണം. മുഷിഞ്ഞ മുണ്ടിന്റെ കോന്തലയിൽ തെരുപ്പിടിച്ച് പല്ലു മുറുക്കെ കടിച്ച് അവർ മിറ്റവരമ്പിലേക്ക് മിഴിയെറിഞ്ഞ് കോലായിലെ കസേരയിൽ കൂനിക്കൂടിയിരുന്നു.

'തങ്കേ.... ഞാൻ പോവുകയാണ്. ഈ മിറ്റവരമ്പിൽ നിന്നെയും കാത്ത് നീ വരുവോളം ഞാനിരിക്കും' എന്ന് മരണത്തിനു തൊട്ടുമുൻപ് അച്ഛച്ഛൻ പറഞ്ഞിരുന്നുവെന്ന് അച്ഛമ്മ പറഞ്ഞിരുന്നത് എനിക്കോർമ വന്നു.

ഞാനമ്മയെയും നോക്കി. നീലംമുക്കി പിഴിഞ്ഞെടുത്ത വെളുത്ത തുണികൾ വെയിലത്തിടുകയായിരുന്നു അവർ. മുഖത്താവട്ടെ യാതൊരു ഭാവമാറ്റവുമില്ല. ഇതെല്ലാം ഇങ്ങനെതന്നെ അങ്ങ് നടക്കണമെന്നുള്ള മട്ട്. കോലായിൽ അച്ഛച്ഛൻ കിടന്നിരുന്ന കട്ടിൽ അകത്തേക്ക് മാറ്റിയിട്ടിരുന്നു. അഴുക്ക് പിടിച്ച വെറും നിലത്ത് മലർന്നുകിടന്ന് പടിഞ്ഞാറ്റയിൽ കിടക്കുന്ന കട്ടിലിനെ വെറുതെ നോക്കി. ഓർമവെച്ച കാലം മുതൽ കാണാൻ തുടങ്ങിയ ആ കട്ടിലും ഏതെങ്കിലുമൊരു മാവുമുത്തച്ഛന്റെ ശരീരം തന്നെയായിരുന്നിരിക്കും.

മുകളിലേക്ക് കണ്ണെറിഞ്ഞു. അവിടെ മണ്ണാച്ചാൻ വലകളിൽ കുരുങ്ങിക്കിടന്നാടുന്ന പ്രാണികളുടെ എരിപൊരി സഞ്ചാരം. ചുമരിലെ വിള്ളലുകളിലൂടെ ഉറുമ്പുകൾ വരിയിട്ടു നീങ്ങുന്നു. രാവിലെ കുടിച്ചതിന്റെ ബാക്കി അരിമണികളാണെന്നു തോന്നുന്നു അവ ചുമന്നുകൊണ്ടുപോകുന്നത്. നീറുന്ന കണ്ണുകൾ എപ്പോഴോ അടഞ്ഞുപോയി. സ്വപ്നത്തിൽ കളിവീടുണ്ടാക്കിക്കളിച്ച മാവിൻചോടുണ്ടായിരുന്നു. അതിന്റെ വലിയ വേരുകൾ ഭൂമിയെ അള്ളിപ്പിടിച്ച് പടർന്നുകിടക്കുന്നുണ്ടായിരുന്നു. കണ്ണുകളിൽ പുകഞ്ഞുനീറുന്ന വേദന മനസ്സിലേക്ക് പടർന്നു നൊന്തപ്പോഴാണ് ആ മാവിന്റെ വേരുകൾ എന്റെ മനസ്സിലും ആഴത്തിൽ അള്ളിപ്പിടിച്ചിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്. പാതി സ്വപ്നത്തിൽ കഥ പറഞ്ഞുതരാൻ അച്ഛച്ഛനും തട്ടിയുറക്കാനച്ഛമ്മയുമുണ്ടായിരുന്നു. അടുപ്പിലൂതി വിയർത്ത അമ്മയെയും വെളുവെളുത്ത പൊള്ളുന്ന ശരീരം തണുപ്പിക്കാൻ നിലത്ത് മലർന്നുകിടക്കുന്ന അച്ഛനും അച്ഛന്റെ ചിത്രം വരയ്ക്കുന്ന ചേച്ചിയുമുണ്ടായിരുന്നു. മുട്ടുകുത്തിയിരുന്ന് എല്ലാവരുടെ മുഖത്തേയ്ക്കും മാറിമാറി നോക്കി, ഉണ്ട്. എവിടെയും ഒരു ചെറിയ ദുഃഖത്തിന്റെ നിഴലാട്ടം കാണുന്നുണ്ട്. കാൽമുട്ടുകളിൽ തലതിരുകി ഞാൻ വിറച്ചുവിറച്ചു വിതുമ്പി. എന്റെ ബാല്യത്തിലെ വിലപ്പെട്ട നഷ്ടങ്ങളെയോർത്ത് ഞാൻ പിതുങ്ങിക്കരഞ്ഞു.

വലിയൊരു ശബ്ദം കേട്ട് ഞെട്ടിയുണർന്ന് തെക്കേപറമ്പിലേയ്‌ക്കോടി. ശൂന്യമായ തെക്കുപുറം എന്നനോക്കി വിളർത്തുനിന്നു. ഉറക്കത്തിൽനിന്നും പതുക്കെ ബോധത്തിലേക്കുവന്നു. ലോറിയിൽ തൊലിയുരിച്ച മരക്കഷ്ണങ്ങൾ അടുക്കിക്കൊണ്ടിരുന്നു. പാഴ്‌ച്ചില്ലുകളും പച്ചിലകളും പറമ്പിൽ കൂനകൂടി. മരച്ചീളുകൾ മണ്ണിൽ പരന്നുകിടന്നു. മരത്തിന്റെ ബാക്കിയായ വേരുകളിലൊന്നിൽ തൊട്ടു. അതിന്റെ കണ്ണുനീർ.... അതോ രക്തമോ? എന്റെ കൈയിൽ പശപോലെ ഒട്ടി. താങ്ങും തണലുമായിനിന്ന ആ മഹാവ്യക്തിത്വത്തിന്റെ അവസാനംകണ്ട് കുറ്റബോധത്തോടെ ഞാൻ വിറങ്ങലിച്ചുനിന്നു.

അനാഥമായിപ്പോയ എന്റെ അച്ഛച്ഛന്റെ കുഴിമാടത്തിൽ പുല്ലുകൾ മുളച്ച് പൊന്തിയിരുന്നു. ഒന്നുരണ്ട് മരച്ചീളുകൾ ആ കൂനയ്ക്കുമുകളിൽ തെറിച്ചുകിടക്കുന്നത് വിഷമത്തോടെ ഞാൻ കണ്ടു. മുന്നിലെ നിരത്തിലൂടെ കടന്നുപോകുന്നവർ മാവിനെക്കുറിച്ച് നല്ലവാക്കുകൾ പറയുന്നതുകേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആരും കാണാതെ ഞാനാ മണ്ണിൽ കമിഴ്ന്നുകിടന്നു. ഇക്കഴിഞ്ഞ നേരംവരെ മരംമുറി കാണാനുള്ള കൗതുകത്തിൽ വരുന്നവരുടെ തിരക്കായിരുന്നു അവിടെ. മരം ലോറിയിൽ കൊണ്ടുപോയി. ചില്ലകൾ വേണ്ടവരൊക്കെ പെറുക്കിക്കെട്ടി ചുമന്നുകടത്തി. ഇനി കുറച്ചു ചീളുകളും ഇലകളും മാത്രം. കൂടെ ഞാനും. ഭൂതകാലം ഓർമകളിൽ നിറഞ്ഞു. സ്മൃതിയിലെ മഞ്ഞും മഴയും വെയിലും ആ മാവുമായി ഇണപിരിയാതെ കിടക്കുന്നത് ഒട്ടൊരു പകപ്പോടെ ദർശിച്ചു. കരച്ചിൽ ഒട്ടൊന്നടങ്ങിയപ്പോൾ മലർന്നുകിടന്നു. വിളറിവെളുത്ത ആകാശം എന്നെ പുണർന്നു. ആറാമിന്ദ്രിയത്തിൽ പക്ഷിമൃഗാദികളുടെ സങ്കടങ്ങൾ എരിപൊരികൊണ്ടു. വീടും കൂടും നഷ്ടപ്പെട്ട അനേകം ജീവികൾ ആവലാതിയുമായി കരഞ്ഞുനടക്കുന്നത് എന്റെ ചെവിയിലലയടിച്ചു.

പടിഞ്ഞാറ് യാത്ര പറയുന്ന സൂര്യന്റെ ചുവപ്പുവീണ എന്റെ ശരീരത്തിൽ പുൽച്ചാടികൾ മേഞ്ഞുനടന്നു. പുളിയനുറുമ്പുകൾ കടിച്ച് കാൽത്തുടകൾ നീറുന്നുണ്ടായിരുന്നു. കണ്ണീർ വീണ് നനഞ്ഞ മുഖത്തും നെഞ്ചത്തും മണ്ണ് പറ്റിപ്പിടിച്ചിരുന്നു. ഇന്നുമുതൽ ഏകനായി ഉറങ്ങുന്ന അച്ഛച്ഛനെയോർത്ത് ഏങ്ങലടിച്ചുകൊണ്ടിരുന്നു. അച്ഛച്ഛനു മഴകൊള്ളാതിരിക്കാൻ, വെയിലടിക്കാതിരിക്കാൻ മഞ്ഞും കാറ്റും ഏൽക്കാതിരിക്കാൻ വൃക്ഷമുത്തച്ഛന്റെ കൈകൾ ഇന്നലെവരെ ഒരു പന്തലുപോലെ കിടന്നിരുന്നു. ഇന്ന്, തികച്ചുമനാഥനായി വിളറിയ ആകാശത്തേയ്ക്ക് നോക്കി മണ്ണിനടിയിൽ തനിച്ചു കിടക്കുകയാണെന്റെ അച്ഛച്ഛൻ... ഞാൻ പതുക്കെ തിരിച്ചുനടന്നു.

ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു. എന്റെ ബാല്യം ഇവിടെയാണവസാനിച്ചതെന്ന്. സംഭവബഹുലമായ ഒരു കുട്ടിക്കാലത്തിന്റെ അവസാനം. ഇന്നുമുതൽ ഞാനൊരു കുട്ടിയല്ല. എന്റെ കുട്ടിക്കാലത്തിന്റെ അവസാനവും ചേലന്മാവിന്റെ മരണവും ഒന്നിച്ചായിരുന്നു. അത് എത്രയോ നേരത്തെ ആയിപ്പോയെന്നും ഖേദത്തോടെ പറയട്ടെ.

കുളികഴിഞ്ഞുവന്നു. ആകാശത്തമ്പിളി നിലവിളക്കുയർത്തിയിരിക്കുന്നു. അങ്ങിങ്ങ് ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെ നോക്കി ഞാൻ പ്രാർത്ഥിച്ചു. എന്റെയച്ഛച്ഛനും മാവുമുത്തച്ഛനും വേണ്ടി മാത്രം. നിലാവിന്റെ നേർത്ത വെളിച്ചം എന്റെ പ്രാർത്ഥനയെ അനുകമ്പയോടെ ഏറ്റുവാങ്ങി'.

ഉറവ
രമ പൂങ്കുന്നത്ത്
കൈരളി ബുക്‌സ്
120 രൂപ