- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാത്യു കുഴൽനാടനോട് കലിപ്പു തീരാതെ സിപിഎം! പെരുവഴിയിലേക്ക് ഇറക്കിവിട്ട കുഞ്ഞുങ്ങൾക്കായി 'വീട് കുത്തിത്തുറന്നത് കോടതി അലക്ഷ്യം' എന്ന് അർബൻ ബാങ്ക്; കേസു കൊടുക്കാൻ നീക്കം; അജേഷിനായി അടച്ച തുക പിൻവലിക്കാൻ ബാങ്ക് ജീവനക്കാർക്ക് യൂണിയന്റെ നിർദ്ദേശവും
മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനോട് കലിപ്പു തീരുന്നില്ല സിപിഎമ്മിന്. കേരളാ ബാങ്കിന്റെ ജപ്തി നടപടി ചർച്ചാ വിഷയമാക്കിയ പശ്ചാത്തലത്തിൽ എംഎൽഎക്കെതിരെ വീണ്ടും രംഗത്തുവന്നിരിക്കുയാണ് സിപിഎം നിയന്ത്രിക്കുന്ന ബാങ്ക് അധികൃതർ. അർബൻ ബാങ്ക് ജപ്തി നടപടിയിൽ ഇടപെട്ട മാത്യു കുഴൽനാടൻ എംഎൽഎക്ക് എതിരെ നടപടിയെടുക്കാനാണ് ബാങ്കിന്റെ നീക്കം. ജപ്തി ചെയ്ത ബാങ്ക് വീട് കുത്തിത്തുറന്നത് കോടതി അലക്ഷ്യമാണെന്നാണ് ബാങ്ക് പറയുന്നത്. എംഎൽഎക്കെതിരായ എതിരെ നടപടി ചർച്ച ചെയ്യാൻ ഈ മാസം 16 ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം ബാലാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് കാണിച്ചു ബാങ്കിനെതിരെ പരാതി നൽകുമെന്ന് ഗൃഹനാഥൻ അജേഷ് പറഞ്ഞു.
രണ്ടു ദിവസം മുമ്പായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എംഎൽഎയും നാട്ടുകാരും ചേർന്ന് അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാൻ സാവകാശം നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ഹൃദ്രോഹത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെ പ്രായപൂർത്തിയാകാത്ത നാല് മക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴൽനാടൻ എംഎൽഎയെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും, എംഎൽഎയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മുഴുവൻ മൂവാറ്റു പുഴയിൽ ജപ്തിക്കിരയായ കുടുംബത്തെ ആര് സഹായിച്ചാലും അതിനെ സ്വാഗതം ചെയ്യുമെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ പറഞ്ഞു. എംഎൽഎ ശമ്പളത്തിൽ നിന്ന് പണം അടക്കാമന്നാണ് കരുതിയത്. മുഴുവൻ തുകയും അടയ്ക്കാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പിഴയും പലിശയും പിഴപ്പലിശയുമടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്നും എംഎൽഎയും പറഞ്ഞു.
അതേസമം സംഭവം വിവാദമായപ്പോൾ അജേഷിന്റെ ലോൺ ഇടതു യൂണിയൻ ഇടപെട്ട് അടക്കാനും നീക്കം നടത്തിയിരുന്നു. അജേഷ് പണം നിരസിച്ചതോടെ ഈ നീക്കവും പാളി. ഇതോടെ മൂവാറ്റുപുഴ ജപ്തി വിഷയത്തിൽ അജേഷിനായി സ്വരൂപിച്ച് ബാങ്കിലടച്ച പണം തിരിച്ചെടുക്കാൻ ബാങ്ക് ജീവനക്കാർക്ക് നിർദ്ദേശം ലഭിച്ചു. അജേഷ് സഹായം നിരസിച്ച സാഹചര്യത്തിൽ അടച്ച പണം തിരിച്ചെടുക്കാൻ ബാങ്ക് ജീവനക്കാരോട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നിർദ്ദേശം നൽകി.
സഹായം വേണ്ടെന്ന് വെച്ചത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സി പി അനിൽ പറഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പാ തുക പിരിവിട്ടെടുത്ത് തിരിച്ചെടുക്കുകയായിരുന്നു ഇന്നലെ ബാങ്ക് ജീവനക്കാർ ചെയ്തത്. എന്നാൽ ഈ തുക വേണ്ടെന്ന് അജേഷ് നിലപാട് അറിയിച്ചതോടെയാണ് തുക പിൻവലിക്കേണ്ടി വന്നത്.
വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാർത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാൻ തയ്യാറായത്. ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവരം അറിയിച്ചത്. ബാങ്ക് ജീവനക്കാർ അടയ്ക്കാൻ തീരുമാനിച്ച തുക വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴൽനാടൻ എം എൽ എ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാർ രംഗത്ത് വന്നത്. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യൽ മീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ടെന്നും അജേഷ് പറഞ്ഞു.
താൻ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തി. പല തവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ രംഗത്ത് വരുന്നത് അവരുടെ വീഴ്‌ച്ച മറയ്ക്കാനാണ്. ഇത്രയും നാൾ ജീവനക്കാർ തന്റെ വാക്കുകൾ കേൾക്കാൾ കൂടി തയ്യാറായിരുന്നില്ല എന്നും അജേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ