സാധാരണക്കാരുടെ ഡിക്ഷണറി ആയ അർബൺ ഡിക്ഷണറിയിൽ കുമ്മനടി ഇടം പിടിച്ചെന്ന മറുനാടൻ വാർത്തയ്ക്ക് പിന്നാലെ 'പിണുവടി'യും 'പിണറായടി'യും 'ഉമ്മനടി'യും ഡിക്ഷണറിയിൽ ഇടം പിടിച്ചെന്ന വാർത്ത സോഷ്യൽ മീഡിയിൽ സജീവമാകുന്നു. അമാനുഷികമായ കാര്യങ്ങൾ ചെയ്യുമെന്ന് സ്വയം പൊക്കിപ്പറയുക എന്നതാണ് 'പിണുവടി'ക്ക് നൽകിയിരിക്കുന്ന നിർവചനം. അതായത് സംഭവിക്കാൻ ഒരിക്കലും സാദ്ധ്യത ഇല്ലാത്ത കാര്യങ്ങൾ ഒരു ഉളുപ്പുമില്ലാതെ സ്വന്തം പേരിൽ തള്ളുന്നതെന്ന് അർഥം. ചെയ്യാത്ത കാര്യങ്ങൾ ചെയ്‌തെന്ന് അവകാപ്പെടുന്നതാണ് 'പിണറായടി'.

മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷനായ കുമ്മനം രാജശേഖരനെ ഏറ്റവും കൂടുതൽ ട്രോൾ ചെയ്തത് സി പി എം അനുഭാവികളാണ്. അവർക്കുള്ള പണി എന്ന തരത്തിലാണ് പിണറായടി. പിണുവടി എന്നീ വാക്കുകൾ സോഷ്യൽ മിഡിയയിൽ പ്രചരിക്കുന്നത്.

പിണറായിയുടെ മംഗലാപുരത്തെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ഈ പ്രയോഗങ്ങൾ സോഷ്യൽ മീഡിയിയിൽ സജീവമായത്. ബ്രണ്ണൻ കോളേജിലെ ഊരിപ്പിടിച്ച വാൾ, മദ്യനിരോധനം, എല്ലാവർക്കും വീട്, എല്ലാവർക്കും പെൻഷൻ എല്ലാം ശരിയാക്കൽ എന്നിങ്ങനെയുള്ള തള്ളിന്റെ പശ്ചാത്തലമാണ് ഈ പ്രയോഗങ്ങൾക്ക് പിന്നിൽ. മെട്രോ റെയിലിൽ കണ്ടത് പോലെ ആരാന്റെ കൊച്ചിന്റെ അച്ഛനാവുക എന്നതും സർവ്വനാശത്തിന്റെ കാരണമാവുക എന്നതും പിണുവടിയുടെ അർഥങ്ങളാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

ഒരു വ്യക്തിയെ പ്രൊജക്ട് ചെയ്ത് കാര്യങ്ങൾ നീക്കുകയും അവസാനം ഫലപ്രാപ്തിയിൽ ആ വ്യക്തിയെ തള്ളിമാറ്റി ഫലം അനുഭവിക്കുകയെന്ന നിർവചനവും സോഷ്യൽ മീഡിയ നൽകുന്നുണ്ട്.

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യലാണ് കുമ്മനടിയെങ്കിൽ, ടിക്കറ്റെടുത്തിട്ടും വണ്ടി കിട്ടാതെ പോയാൽ അതാണ് ഉമ്മനടി. കൊച്ചി മെട്രോയിൽ യാത്ര ചെയ്യാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ് അണികളുടെ തിരക്ക് മൂലം, ടിക്കറ്റെടുത്തിട്ടും മെട്രോയിൽ യാത്ര ചെയ്യാൻ പറ്റാതെ വന്നത്. എതായാലും സൈബർ പോരാളികൾ ഉണ്ടാക്കിയ പുതിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.