- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നതിനിടെ ഡൽഹിയിൽ മോദി-ജെയ്റ്റ്ലി-അമിത്ഷാ കൂടിക്കാഴ്ച; ദീപാവലിക്ക് മുമ്പ് മുഖം രക്ഷിക്കാൻ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും; നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും പിന്നാലെ കേന്ദ്ര സർക്കാരിന്റെ അടുത്ത 'മിന്നൽ നടപടി' കാത്ത് രാജ്യം
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ബിജെപി അധ്യക്ഷൻ അമിത്ഷായും ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു. ഉന്നതതല യോഗത്തിന്റെ പ്രധാന അജണ്ട രാജ്യത്തെ സാമ്പത്തിക സ്ഥിതി തന്നെയാണെന്നും ഇക്കാര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ന് ഉച്ചയോടെയാണ് യോഗം തുടങ്ങിയത്. അടിയന്തിര പ്രാധാന്യമുള്ള യോഗമായതിനാൽ കേരളത്തിൽ പര്യടനത്തിലായിരുന്ന അമിത്ഷായെ ഡൽഹിയിലേക്ക് ഉടൻ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ബംഗ്‌ളാദേശിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന ജെയ്റ്റ്‌ലിയും ഡൽഹിയിൽ യോഗത്തിനായി എത്തി. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിഷ്‌കരണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ദീപാവലിക്കു മുമ്പ് സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന നിലയിലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സാമ്പത്തിക മാന്ദ്യം പിടിച്ചു നിർത്താനും വളർച്ച കൂട്ടാനും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെ
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ബിജെപി അധ്യക്ഷൻ അമിത്ഷായും ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു. ഉന്നതതല യോഗത്തിന്റെ പ്രധാന അജണ്ട രാജ്യത്തെ സാമ്പത്തിക സ്ഥിതി തന്നെയാണെന്നും ഇക്കാര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ന് ഉച്ചയോടെയാണ് യോഗം തുടങ്ങിയത്.
അടിയന്തിര പ്രാധാന്യമുള്ള യോഗമായതിനാൽ കേരളത്തിൽ പര്യടനത്തിലായിരുന്ന അമിത്ഷായെ ഡൽഹിയിലേക്ക് ഉടൻ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ബംഗ്‌ളാദേശിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന ജെയ്റ്റ്‌ലിയും ഡൽഹിയിൽ യോഗത്തിനായി എത്തി. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിഷ്‌കരണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ദീപാവലിക്കു മുമ്പ് സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന നിലയിലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സാമ്പത്തിക മാന്ദ്യം പിടിച്ചു നിർത്താനും വളർച്ച കൂട്ടാനും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
കറൻസി നിരോധനവും അതിന് പിന്നാലെ ഇപ്പോൾ ജിഎസ്ടിയും നടപ്പാക്കപ്പെട്ടതോടെ രാജ്യത്തെ വ്യാവസായിക, കാർഷിക മേഖലകളിൽ വൻ തകർച്ചയുണ്ടാവുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ മുന്നറിയിപ്പ്. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നതെന്ന് സൂചന നൽകുന്ന വായ്പാനയ പ്രഖ്യാപനമാണ് ഇന്നലെ നടന്നത്.
നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചിരിക്കുകയാണ് ആർബിഐ. മോദി അധികാരത്തിലേറിയ ശേഷം പുറത്തുനിന്ന് വിമർശനങ്ങൾ പലതും ഉയർന്നെങ്കിലും ബിജെപിക്കുള്ളിൽ നിന്ന് സർക്കാരിനെതിരെ ആരും ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ യശ്വന്ത് സിൻഹയും അരുൺഷൂരിയും ഉൾപ്പെടെ ചില കോണുകളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ ജാഗ്രതക്കുറവ് പരാമർശിച്ചുള്ള പ്രസ്താവനകൾ വന്നത് മോദിക്ക് ക്ഷീണമായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ന് അടിയന്തിര യോഗം ചേരുന്നതെന്നാണ് വിവരം. അതേസമയം, നോട്ടു നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമർശനങ്ങൾക്ക് ഇന്നലെ മോദി മറുപടി പറയുകയും ചെയ്തിരുന്നു. ഒരു പാദത്തിലെ വളർച്ചാ നിരക്ക് താഴുന്നത് അത്ര വലിയ പ്രശ്‌നമല്ല. വസ്തുതകൾ വച്ചല്ല, വൈകാരികമായാണ് വിമർശനങ്ങൾ. നോട്ടു നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങളാണ്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എട്ടു തവണ ജിഡിപി 5.7 ശതമാനത്തിനു താഴെയായിരുന്നു - ഇതായിരുന്നു മോദിയുടെ പ്രതികരണം.
അതേസമയം, രാജ്യത്ത് പണപ്പെരുപ്പം ഉണ്ടാകുന്നതായും വിലക്കയറ്റം രൂക്ഷമാകുമെന്നും ആണ് വിലയിരുത്തൽ. ഇതിന് തടയിടാൻ എന്തു നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുകയെന്ന് ചർച്ചകളും സജീവമാണ്. 7.3 ശതമാനം വളർച്ചയുണ്ടാകുമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്ന സ്ഥാനത്ത് ഇത് 6.7 ശതമാനമായി കുറയുമെന്നാണ് ഇപ്പോൾ ആർബിഐ പറയുന്നത്. മാത്രമല്ല നാണ്യപ്പെരുപ്പം ഇനിയും കൂടുമെന്നും ആർബിഐ ഗവർണർ ഉർജിത് പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ സമസ്ത മേഖലകളിലും വൻ വിലക്കയറ്റത്തിനും ഇത് വഴിവെക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കാര്യമായ പഠനമോ മുന്നൊരുക്കമോ കൂടാതെയാണ് കറൻസി നിരോധനം നടപ്പാക്കിയതെന്നും ജിഎസ്ടി കൊണ്ടുവന്നതെന്നുമുള്ള ആക്ഷേപം നേരത്തേ മുതലേ ഉയരുന്നുണ്ട്. ഇതിനിടെയാണ് കറൻസി നിരോധനം മോദി സർക്കാർ നടപ്പാക്കി ഒരു വർഷം തികയുംമുമ്പേ രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത്. തൊഴിലില്ലായ്മയും രൂക്ഷമാണ് രാജ്യത്ത് എന്നതും കേന്ദ്രസർക്കാർ നേരിടുന്ന വലിയ പ്രതിസന്ധിയായിട്ടുണ്ട്. ഇതെല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തര ഫലങ്ങളാണ് എന്ന നിലയിലാണ് വിലയിരുത്തലുകൾ വരുന്നത്.
വളർച്ചാ നിരക്ക് താഴേക്കു പോകാതിരിക്കാനും നിക്ഷേപവും സാമ്പത്തിക വളർച്ചയും വർധിപ്പിക്കാനും എല്ലാ നടപടികളുമെടുക്കുമെന്ന് ഇന്നലെ മോദി പ്രഖ്യാപിച്ചിരുന്നു. 2022ൽ ഒരൊറ്റ കടലാസുകമ്പനി പോലും ഇന്ത്യയിൽ ഉണ്ടാകില്ല. രാജ്യത്തിന്റെ സാമ്പത്തികനില ശക്തമായി തുടരണം.
മൂന്നു വർഷം കൊണ്ട് 7.5 ശതമാനത്തിന്റെ വളർച്ച നേടിയതിനുശേഷം ഏപ്രിൽ ജൂൺ പാദത്തിൽ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നത് അംഗീകരിക്കുന്നു. വളർച്ച വീണ്ടും തിരികെ പിടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. അടുത്ത പാദത്തിൽ 7.7 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ആർബിഐ പറഞ്ഞിരിക്കുന്നത് - ഇതായിരുന്നു മോദിയുടെ പ്രതികരണം.