വിചാരവേദി ഉറൂബിന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി  കേരള കൾച്ചറൽ സെന്ററിൽ ചേർന്ന സാഹിത്യസദസ്സിൽ വച്ച് അദ്ദേഹത്തിന്റെ  രചനകൾ ചർച്ച ചെയ്തു. ഡോ. എൻ. പി. ഷീല 'സൂര്യകാന്തി' എന്ന കവിത ചൊല്ലിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. ഉറൂബ് മലയാള സാഹിത്യത്തിന് നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ആദ്യത്തെ അവാർഡ് ചിത്രമായ നീലക്കുയിൽ എന്ന സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതിയ ഉറുബ് സിനിമയുടെ ചരിത്രത്തിൽ സ്മരിക്കപ്പെടുമെന്നും സാംസി കൊടുമൺ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഭതപസ്സിന്റെ ഫലം' എന്ന ഉറൂബിന്റെ ലേഖനത്തെ പരാമർശിച്ചുകൊണ്ട് സംസാരിച്ചപ്പോൾ വിനോബജിയുമായി ഉറൂബിന്റെ കൂടിക്കാഴ്ചയും വിനോബാജിയുടെ കേരളത്തിലെ അന്നത്തെ സാഹചര്യത്തെ പറ്റിയുള്ള വീക്ഷണവും അദ്ദേഹം അനുസ്മരിച്ചു. കേരളത്തിൽ കമ്യൂണിസ്റ്റു ഗവണ്മെന്റ് അധികാരത്തിൽ വന്ന കാലം. കമ്യൂണിസത്തിന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമോ, കമ്യൂണിസത്തിന്റെ വിജയമോ എന്ന വാദപ്രതിവാദം നടക്കുന്നു. അന്ന് വിനോബാജി പങ്കെടുത്ത കാലടിയിലെ സർവ്വോദയ സമ്മേളനത്തിലും ഈ വിഷയം ചർച്ചക്ക് വന്നപ്പോൾ വിനോബാജി മന്ദസ്മിതം തൂകിക്കൊണ്ടു പറഞ്ഞു, ചെവിയുടെ വേദനക്ക് അലോപ്പതിയോ ആയുർവേദമോ എന്നതല്ല വിഷയം, ചെവിയുടെ വേദന മാറുകയാണ് വേണ്ടത്. കമ്യൂണിസ്റ്റുകാർ കുറച്ച് തപസ്സു ചെയ്തു. അതിന്റെ ഫലം കിട്ടി. ഫലം കിട്ടുമ്പോൾ അഹന്തയുണ്ടാകരുത്, സ്വന്തം കാര്യത്തിന് ഉപയോഗിക്കുകയുമരുത്. തപോഫലം സ്വന്തം കര്യത്തിനുപയോഗിച്ച ഒരു ഋഷിയുടെ ദാരുണമായ അന്ത്യത്തിന്റെ കഥ പറഞ്ഞുകൊണ്ട് വിനോബാജി എഴുന്നേറ്റു. വിനോബാജിയിലൂടെ ഉറൂബ് ഇന്നത്തെ ചില രാഷ്ട്രീയ സാഹചര്യങ്ങൾ പറയുന്നില്ലേ. ഉറുബിന്റെ ഈ ലേഖനത്തിന് ഇന്നും പ്രസക്തിയുണ്ട്, എഴുത്തുകാരൻ എഴുത്തിലൂടെ എന്നെന്നും ജീവിക്കുന്നു, ഭാഷക്ക് നൽകിയ സംഭാവന ഉൾക്കൊണ്ടുകൊണ്ട് വിചാരവേദി ഉറൂബിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ് എന്ന് സാംസി കൊടുമൺ പറഞ്ഞു നിർത്തി.

നാടകരംഗത്ത് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന, അമേരിക്കൻ നാടകങ്ങളെ കുറിച്ചുള്ള സമഗ്രമായ പഠനത്തിനായി ഫെലോഷിപ്പിൽ ഇവിടെ എത്തിയ പ്രൊഫ. ചന്ദ്രദാസിന്റെ സാന്നിധ്യംകൊണ്ട് സദസ്സ് ധന്യമായി. മലയാള നാടകത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായ പ്രൊഫ. ചന്ദ്രദാസിനെ സന്തോഷ് പാല പരിചയപ്പെടുത്തി. ജീവിതത്തിന്റെ നല്ലൊരു ഭാഗം നാടകപ്രസ്ഥാനത്തിനു വേണ്ടി മാറ്റി വച്ച പ്രൊഫ. ചന്ദ്രദാസ് നാടകത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കിട്ടു. അദ്ദേഹം അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ നാടവേദി, പുതിയ സാങ്കേതിക ശാസ്ത്രം, നാടകം എങ്ങനെയാണ് ഓരോ സാഹചര്യത്തിൽ സമരസപ്പെടുന്നത്, ശാസ്ത്രവും നാടകവും സമൂഹവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, കേരളത്തിൽ നാടകരംഗത്ത് വന്ന മാറ്റങ്ങൾ, അഭിനയത്തിലും അവതരണത്തിലും പുതുമയില്ലാത്തതുകൊണ്ട് പ്രൊഫഷണൽ നാടകങ്ങൾക്ക് സംഭവിച്ച പരാജയം, പരീക്ഷണ നാടകങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമാകുന്നത് അങ്ങനെ അദ്ദേഹം പറഞ്ഞ ഒത്തിരി കാര്യങ്ങൾ നാടകത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ സഹായകമായി.വാസുദേവ് പുളിക്കലിന്റെ അവതരണത്തോടെ ഉറുബ് സാഹിത്യ ചർച്ച ആരംഭിച്ചു. കുഞ്ഞിനൊരു കുപ്പായം എന്ന ചെറുകഥയും, ഉമ്മാച്ചു, സുന്ദരികളും സുന്ദര•ാരും എന്നീ നോവലുകളും അവലോകനം ചെയ്തു കൊണ്ട് മനുഷ്യമനസ്സുകളുടെ ഊഷ്മള വികാരങ്ങൾ സത്യസന്ധതയോടെ കഥകളിൽ അവതരിപ്പിച്ച ഉറൂബ് കണ്ട മനുഷ്യഹൃദയങ്ങളുടെ സുന്ദരരൂപം ഇന്നത്തെ സാഹിത്യകാര•ാർ കാണുന്നുണ്ടോ എന്ന് വാസുദേവ് സംശയം പ്രകടിപ്പിച്ചു. നോവൽ പ്രസ്ഥാനത്തിന്റെ വിഭിന്ന വശങ്ങലിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഡോ. ജോയ് റ്റി. കുഞ്ഞാപ്പു പ്രസംഗം ആരംഭിച്ചു. പുതിയ കഥ ആരു പറയുന്നോ അതാണ് പുതിയ നോവൽ. നോവലിലെ ദാർശനിക സന്ദേശം മാത്രമാണ് വായനക്കാരുടെ ഓർമ്മയിൽ നിൽക്കുന്നത്. ഉറുബിന്റെ നോവലുകൾ സ്മരിക്കപ്പെടുന്നതിന്റെ കാരണവും അതു തന്നെ. വ്യത്യസ്തമായ കഥകൾ പറഞ്ഞ ഉറൂബിനെ സ്വാതന്ത്ര്യസമരം സ്വാധീനിച്ചിട്ടുണ്ട്. പുന്നപ്ര വയലാർ വരെ അദ്ദേഹത്തിന്റെ അറിവിന്റെ ഭാഗമായി പ്രതിഫലിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ തീഷ്ണതയുടെ ഊർജ്ജം കാലഘട്ടവുമായി ഇഴചേർത്തിരിക്കുന്നതും ചരിത്ര പശ്ചാത്തലവും ഉറൂബിന്റെ നോവലുകൾക്ക് പ്രത്യേക മാനം നല്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രയോഗ പ്രത്യേകതയുള്ള എഴുത്തുകാരനാണ് ഉറൂബ്, അദ്ദേഹത്തിന്റെ ഉമ്മാച്ചുവിലെ മാപ്പിള ഭാഷാപ്രയോഗം അസൂയാർഹമാണ് എന്ന് ഡോ. എൻ. പി. ഷീല അഭിപ്രായപ്പെട്ടു. പല ഭാവങ്ങൾ പ്രകടിപ്പിക്കുന്നതാണ് ഉറൂബിന്റെ കഥാപാത്രങ്ങൾ. സാഹിത്യത്തെ സത്യസന്ധതയോടെ സമീപിച്ച എഴുത്തുകാരനായിരുന്നു ഉറൂബ്. ധർമ്മപുത്രർ എന്ന പേരിൽ അറിയപ്പെട്ടിരിന്ന ഉറൂബ് ആ പേര് അന്വർത്ഥമാക്കിയിട്ടുണ്ട്. ഇത് ഞാനാണല്ലൊ എന്ന് വായനക്കാർക്ക് തോന്നിപ്പിക്കും വണ്ണം കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ചാതുര്യം ഉറുബിനുണ്ടായിരുന്നു എന്ന് ഡോ. ഷീല വ്യക്തമാക്കി. സാഹിത്യ സദസ്സിന്റെ മറ്റൊരു പ്രത്യേകത അമേരിക്കൻ മലയാളി എഴുത്തുകാരുടെ ഗുരു എന്ന് വിശേഷിപ്പിക്കാവുന്ന ന്യൂയോർക്കിനോട് വിട പറഞ്ഞ് ഏറെ വർഷങ്ങളായി കാലിഫോർണിയായിൽ താമസമാക്കിയ  ജോയൻ കുമരകത്തിന്റെ സാന്നിധ്യമായിരുന്നു. സാഹിത്യത്തെ പറ്റി അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ പങ്കു വച്ചുകൊണ്ടുള്ള സംഭാഷണം പതിവു പോലെ സരസമായിരുന്നു.

യാഥാർത്ഥ്യങ്ങളിൽ മനസ്സുറപ്പിച്ച എഴുത്തുകാരനായിരുന്നു ഉറുബ്, സാഹിത്യത്തിൽ മത്സരം വന്നതോടെ ലക്ഷ്യത്തിന് മാറ്റം വന്നു, പഴയകാല രചനകൾ ആറിത്തണത്ത ആവിഷ്‌ക്കരണമായി ആധുനികർ കാണുമ്പോഴും ഉറൂബിന്റേത് ഉൽകൃഷ്ട സാഹിത്യ രചനകളായി നിലനിൽക്കുന്നു എന്ന് ജോൺ വേറ്റം പറഞ്ഞു. ഉറുബ് ജീവിച്ചിരുന്ന കാലഘട്ടം മലയാള സാഹിത്യത്തിന്റെ സുവർണ്ണകാലമായിരുന്നു, മലയാള സിനിമയുടെ വഴിത്തിരിവ് സൃഷ്ടിച്ചത് ഉറൂബാണ്, 1950 കളിലെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പശ്ത്താലത്തിൽ എഴുതിയ നോവലുകൾ സാഹിത്യത്തിന് ഒരു മുതൽ കൂട്ടാണെന്ന് പി. റ്റി. പൗലോസ് അഭിപ്രായപ്പെട്ടു. കഥ ഒന്നും തന്നെ ഇല്ലാത്ത കഥയെഴുത്തുകാർക്ക് കഥ എങ്ങനെയാണ് എഴുതേണ്ടതെന്ന് ഉറൂബിന്റെ കഥകൾ വായിച്ചു പഠിക്കുന്നത് ഫലപ്രദമാകുമെന്നും ഏതു സാധാരണക്കാരനും വായിച്ചാൽ മനസ്സിലാക്കാവുന്ന ദുരൂഹതകൾ ഇല്ലാത്ത സരള ലളിതമായ രീതിയിലാണ് ഉറൂബ് തന്റെ കഥാപാടവം വ്യക്തമക്കുന്നത് എന്നും വെറും ഭാര്യ, മാംസവും ചേതനയും എന്നീ കഥകൾ അവലോകനം ചെയ്തു കൊണ്ട് ഡോ. നന്ദകുമാർ ചാണയിൽ പറഞ്ഞു.