സെറ്റിൽ എല്ലാവരോടും കമ്പനി അടിക്കുന്ന താരമാണ് നടി ഉർവശി. അതുകൊണ്ട് തന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയമായിരുന്നു കുസൃതിക്കാരിയായ ഉർവശി. ഉർവശിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു നടൻ മുരളിയെ ദേഷ്യം പിടിപ്പിക്കുക. എന്നത്. തക്കം കിട്ടുമ്പോഴൊക്കെ എന്തെങ്കിലും ഒക്കെ ഒപ്പിക്കുകയും ചെയ്യും.

ഒരിക്കൽ ഭരതം സിനിമയുടെ സെറ്റിൽ വെച്ച് ഉർവശി ഒരു കുസൃതി ഒപ്പിച്ചു. അന്ന് മുരളിയെ എല്ലാവരും ചീത്ത വിളിക്കുകയും ചെയ്തു. ആസംഭവത്തെ കുറിച്ച് ഉർവശി വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ വിവരിക്കുകയും ചെയ്തു. ആ സംഭവം ഇങ്ങനെ,

മുരളിച്ചേട്ടനെ ദേഷ്യം പിടിപ്പിക്കാൻ എളgപ്പമായിരുന്നു. എല്ലാവരും കേൾക്കെ ഉറക്കെ മുരളി എന്നു ഞാൻ വിളിക്കും. ചേട്ടാ എന്ന് പതുക്കെയെ പറയു. ആ വിളി കേട്ടാൽ മതി മുഖം ചുവക്കും. ദേ കൊച്ചേ ഈ കൈ കണ്ടോ? ഇതുകൊണ്ടോന്നു കിട്ടിയാൽ ഇരുപ്പതാ എന്നു പറഞ്ഞ് കൈ ചൂണ്ടികൊണ്ടു വരും.

ഭരതത്തിന്റെ ലോക്കേഷൻ. കലക്ടറേറ്റിൽ വച്ചുള്ള സീൻ. ഏട്ടൻ മരിച്ചു എന്ന കാര്യം ലാലേട്ടൻ അറിയുന്നു. മുരളിച്ചേട്ടൻ കാണിക്കുന്ന ഫോട്ടോയിൽ നിന്നാണ് ആ വിവരം ലാലേട്ടൻ അറിയുന്നത്. അത്ര വൈകാരികമായ രംഗം ഷൂട്ട് ചെയ്യുകയാണ്. കട്ട് പറഞ്ഞപ്പോൾ ഞാൻ പതിവുപോലെ മുരളി...ചേട്ടാ എന്നു വിളിച്ചു. മുരളിച്ചേട്ടൻ ഓടി വന്ന് ഗുരുത്വമിലായ്മ കാണിക്കുന്നോ എന്നു ചോദിച്ച് ചൂണ്ടുവിരൽ കൊണ്ട് കൈയിൽ ഒരടി തന്നു.

എനിക്ക വേദനിച്ചില്ല. പക്ഷെ കുറച്ചുകഴിഞ്ഞപ്പോൾ നീരു വന്നു കൈ വീർത്തു. സെറ്റിലാകെ പ്രശ്നമായി. ചിലർ ഐസ് വയ്ക്കാൻ പറയുന്നു. ചിലർ ആശുപത്രിയിൽ പോകാൻ പറയുന്നു. സംഭവത്തിന് എരിവു കൂട്ടാനായി ഞാൻ വേദന അഭിനയിക്കാൻ തുടങ്ങി. ഒരു പെൺകുട്ടിയോട് ഇങ്ങനെ ചെയ്യാമോ എന്ന് ലാലേട്ടനും സിബിയങ്കിളും ചോദിച്ചതോടെ മുരളിച്ചേട്ടൻ ടെൻഷനാകാൻ തുടങ്ങി. ഉള്ളിലെ കുട്ടിക്ക് കുഞ്ഞു കുറ്റബോധം തോന്നിതുടങ്ങി. പക്ഷെ തോറ്റുതരുമോ? നെയ്പോലെ ഇരുന്നിട്ടാണ്, ആൾക്കാരെ പറ്റിക്കാനാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കാൻ നോക്കുന്നുണ്ട്. ഇടയ്ക്ക് സമാധാനം കിട്ടാതെ വന്നു കൈയിലേക്കു നോക്കും.

അവസാനം പോകാൻ നേരം എടീ ധന്വന്തരം കുഴമ്പുണ്ടോ ഉണ്ടെങ്കിൽ കുറച്ച് തേച്ചിട്ടു കിടന്നാൽ മതി. നാളേക്കു മാറും. അതും പറഞ്ഞ് വേഗം പുറത്തേക്കു പോയി. അത്ര പാവമായിരുന്നു മുരളിച്ചേട്ടൻ. പക്ഷെ പുറമെ കാണിക്കില്ല. ഒരു ഷോയുടെ ഭാഗമായി ഞാനും മുരളിച്ചേട്ടനും ലളിതചേച്ചിയും അമേരികയിൽ പോയി. അവിടെ ഇറങ്ങിക്കഴിഞ്ഞ് മനോജർ മുൻകൂട്ടി പറയാത്ത ഒന്നു രണ്ടു സ്റ്റുഡിയോയിൽ ഞങ്ങളെ കൊണ്ടുപോയി പാട്ടുപാടിച്ചു. ഇത് മുരളിച്ചേട്ടന് ഇഷ്ടമായില്ല. ഒടുവിൽ വേദിക്കടുത്ത് എത്തിയപ്പോൾ അയാളെ ഓടിച്ച് അടിക്കാൻ തുടങ്ങി. പരിചയമില്ലാത്ത സ്ഥലത്ത് അനാവശ്യമായി പെൺകുട്ടികളെ എന്തിന് കൊണ്ടുപോയി എന്നുചോദിച്ചായിരുന്നു അടി.

അത്ര കരുതലായിരുന്നു അവർക്കെല്ലാം. അന്നൊക്കെ ലോക്കെഷനിൽ ഷൂട്ട് കഴിഞ്ഞ് ഞങ്ങളോക്കെ സുരക്ഷിതരായി മടങ്ങി എന്ന് ഉറപ്പുവരുത്തിയിട്ടെ അവരൊക്കെയും പോകുമായിരുന്നുള്ളു. ഈ പ്രതിഭകൾക്കൊപ്പമാണ് അഭിനയിച്ചത്. അകന്നു നിന്നു സംസാരിക്കുന്ന ആരുമില്ല. മനസ്സിൽ ഒന്നുമുറപ്പിച്ച് മറ്റൊന്നു പ്രവർത്തിച്ച് അപകടത്തിൽ പെടുത്തുന്നവരുമില്ല.

ആ മുഖങ്ങളിൽ പലരും മാഞ്ഞുപോയി. ഓർക്കുമ്പോൾ വലിയൊരു ശൂന്യതയാണ്. ഇന്ന് മാലയാള സിനിമയിൽ, അപരിചിതരായ ആൾക്കൂട്ടത്തിനിടയിൽ ഞാനൊറ്റയ്ക്കു നിൽക്കുന്നതു പോലെ... അതിസുന്ദരമായ ആ മഴക്കാലം തോർന്നു പോയിരിക്കുന്നു. ഇപ്പോൾ പെയ്യുന്നത് മരം മാത്രമാണ്...