വാഷിങ്ടൺ: പ്രസിഡന്റ് ബൈഡൻ ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്ത കാതലിൻ ഹിക്‌സിന്റെ നിയമനം യു.എസ്. സെനറ്റ് ശബ്ദ വോട്ടോടെ അംഗീകരിച്ചു. ഫെബ്രുവരി 8 തിങ്കളാഴ്ച വൈകീട്ടായിരുന്നു സെനറ്റ് കൺഫർമേഷൻ. ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്ഥാനത്തേക്ക് സെനറ്റ് അംഗീകാരം നൽകുന്ന ആദ്യ വനിതയാണ് കാതലിൻ. ഒബാമ ഭരണത്തിൽ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായിരുന്നു. ബെഡന്റെ പെന്റഗൺ ട്രാൻസിഷ്യൻ ടീമിനെ നയിച്ചതും കാതലിനാണ്.

റിട്ടയേർഡ് ജനറൽ ലോയ്‌സ് ഓസ്റ്റിനെ ഡിഫൻസ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ന്യൂക്ലിയർ മോഡേനൈസേഷനെ പിന്തുണക്കുന്നുവെന്ന് കാതലൻ സെനറ്റ് അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. ദേശീയ സുരക്ഷിതത്വത്തെ യാതൊരു വിധത്തിലും ബാധിക്കാതെ ഡിഫൻസ് ബഡ്ജറ്റ് വെട്ടിചുരുക്കുന്നതിനെകുറിച്ചു തുറന്ന ചർച്ചയാകാമെന്ന് കാതലിൻ അഭിപ്രായപ്പെട്ടു.

ഒബാമ ഭരണത്തിൽ ആക്ടിങ് ഡെ.ഡിഫൻസ് സെക്രട്ടറിയായി ക്രിസ്റ്റീൻ ഫോക്‌സ് ആറുമാസം പ്രവർത്തിച്ചിരുന്നുവെങ്കിലും സെനറ്റ് കൺഫർമേഷൻ ഇല്ലായിരുന്നു. ഡിഫൻസ് ബഡ്ജറ്റിൽ 10 ശതമാനമെങ്കിലും കുറവ് വരുത്തണമെന്ന പുരോഗമന ചിന്താഗതിക്കാരായ ഡമോക്രാറ്റിക് സെനറ്റർമാരുടെ അഭിപ്രായത്തോടു കാതലിൻ പ്രതികരിച്ചില്ല.