ക്യ രാഷ്ട്രസഭ എന്നത് അമേരിക്കയ്ക്കും രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങൾക്കും അല്ലാതെ കാര്യമായി ഒരു രാജ്യത്തിനും ഗുണം ചെയ്യുന്നില്ലെങ്കിലും പലപ്പോഴും ലോകത്തെ ഒരുമിപ്പിച്ചു നിർത്തുന്നത് ഈ സംഘടന തന്നെയാണ്. യുദ്ധം മുതൽ കഷ്ടകാലത്തെ സഹായം വരെ ഐക്യ രാഷ്ട്രസഭയ്ക്ക് നിർണ്ണായകമായ പങ്കാണുള്ളത്. ആ സംവിധാനം തകർത്തെറിയാനുള്ള തീരുമാനത്തിലാണ് ട്രംപ്. യെരുശലേം വിഷയത്തിൽ അമേരിക്കൻ പിടിവാശി തോറ്റതോടെ ഐക്യ രാഷ്ട്രസഭയെ തന്നെ പ്രതിസന്ധിയാലാക്കിയുള്ള പടപ്പുറപ്പാടിലാണ് അമേരിക്കൻ പ്രസിഡന്റ്. ആദ്യ ഘട്ടമായി യുഎന്നിനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച് കുഴപ്പം ഉണ്ടാക്കാൻ ആണ് നീക്കം.

യുഎന്നിന്റെ ബജറ്റിൽ നിർണായകമായ വെട്ടിക്കുറയ്ക്കലുകൾക്കായി വിലപേശുമെന്ന് യുഎസ് ഗവൺമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. 20182019 കാലത്തേക്കുള്ള യുഎൻ ബജറ്റ് 285 മില്യൺ ഡോളറായി വെട്ടിക്കുറയ്ക്കുമെന്നാണ് യുഎന്നിനുള്ള യുഎസ് മിഷൻ ഞായറാഴ്ച വ്യക്തമാക്കിയിരുന്നത്. യുഎന്നിന്റെ മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് ഫക്ഷനുകൾക്കുള്ള ധനസഹായവും വെട്ടിക്കുറയ്ക്കുമെന്നാണ് മിഷൻ പറയുന്നത്.യുഎന്നിന്റെ കാര്യക്ഷമതാക്കുറവും അധികച്ചെലവിടലും കുപ്രസിദ്ധമാണെന്നും അമേരിക്കൻ ജനതയുടെ ഉദാരശീലം ഇനിയും ഇത്തരത്തിൽ ദുരുപയോഗപ്പെടുത്താൻ ഇനിയും അനുവദിക്കില്ലെന്നാണ് യുഎന്നിലെ യുഎസ് അംബാസിഡറായ നിക്കി ഹാലെ പറയുന്നത്.

അമേരിക്കൻ പ്രസിഡന്റ് ട്രംപ് ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ നടപടിയെ യുഎൻ ജനറൽ അസംബ്ലി വോട്ട് ചെയ്ത് പരാജയപ്പെടുത്തിയതിന്റെ പകയെന്നോണമാണ് ഇത്തരത്തിൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കാൻ യുഎസ് തയ്യാറെടുക്കുന്നത്. ട്രംപിന്റ യെരുശലേം തീരുമാനത്തെ യുഎൻ പൊതുസഭ എതിർത്ത് വോട്ട് ചെയ്താൽ അമേരിക്ക യുഎന്നിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത തുകയിൽ വൻ വെട്ടിക്കുറയ്ക്കൽ നടത്തുമെന്ന് ഡിസംബർ 21ന് നടന്ന വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ഹാലെ താക്കീത് നൽകിയിരുന്നു.

എന്നാൽ ട്രംപിന്റെ തീരുമാനത്തെ 128 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തപ്പോൾ വെറും ഒമ്പത് രാജ്യങ്ങൾ മാത്രമായിരുന്നു അനുകൂലിച്ചിരുന്നത്. നിരവധി രാജ്യങ്ങൾ വിട്ട് നിൽക്കുകയും ചെയ്തിരുന്നു. ജെറുസലേമിന്റെ അവസാന സ്റ്റാറ്റസ് ഇസ്രയേലും ഫലസ്തീനും തമ്മിൽ നേരിട്ട് വിലപേശി തീരുമാനിച്ചതാണെന്നും അതിൽ വ്യത്യാസം വരുത്തരുതെന്നും യെമനും തുർക്കിയും വാദിച്ചിരുന്നു. എന്നാൽ തങ്ങൾ ഇക്കാര്യത്തിൽ അമേരിക്കയുടെ പക്ഷത്താണെന്നായിരുന്നു ഗ്വാട്ടിമാല പറഞ്ഞത്. നിലവിൽ ഇസ്രയേലിലെ ടെൽഅവീവിലുള്ള തങ്ങളുടെ എംബസി ജെറുസലേമിക്കേക്ക് മാറ്റാൻ പദ്ധതിയിടുന്നുവെന്നും ഗ്വാട്ടിമാല വ്യക്തമാക്കിയിരുന്നു.