ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധകാലത്ത് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാലയത്തിൽ കണ്ടെത്തി.നീണ്ട 77 വർഷങ്ങൾക്ക് ശേഷമാണ് വിമാനം കണ്ടെത്തുന്നത്.ക്ലേയ്റ്റൻ കഹിൾസ് എന്ന സാഹസികദൗത്യ വിദഗ്ധന്റെ പര്യവേഷണമാണ് ഒടുവിൽ ഫലം കണ്ടത്.തെക്കൻ ചൈനയിലെ കുന്മിങ്ങിൽനിന്നുള്ള 13 യാത്രക്കാരുമായാണ് വിമാനം കാണാതായത്. എന്നാൽ കഴിഞ്ഞ മാസം കണ്ടെത്തിയ വിമാനത്തിൽ ശരീരാവശിഷ്ടങ്ങളൊന്നുമില്ലായിരുന്നു.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനനാളുകളിൽ യുഎസ് വ്യോമസേനാംഗം ഷെറെറുടെ വീട്ടിലേക്ക് ഒരു ടെലിഗ്രാം വന്നു. അദ്ദേഹം ഉൾപ്പെടെ സഞ്ചരിച്ച സി 46 ട്രാൻസ്‌പോർട്ട് വിമാനം മോശം കാലാവസ്ഥയിൽ അരുണാചൽ പ്രദേശിനടുത്ത് പർവതനിരകളിൽ കാണാതായി. അന്വേഷിക്കുന്നുണ്ട്. വിവരങ്ങൾ പിന്നാലെ അറിയിക്കാം. ഷെറെറുടെ ഒരു വയസ്സുള്ള കുഞ്ഞുമായി ഭാര്യ കരഞ്ഞു തളർന്നു.

1945 ജനുവരി ആദ്യയാഴ്ച കാണാതായ വിമാനം സേനയുടെ വിസ്മൃതിയിലാണ്ടെങ്കിലും അന്നത്തെ ഒരു വയസ്സുകാരൻ ബിൽ ഷെറെർ മറക്കാൻ ഒരുക്കമായിരുന്നില്ല. അച്ഛന്റെ ഓർമകൾക്കൊപ്പം വളർന്ന ബിൽ, ഏതാനും വർഷം മുൻപു ക്ലേയ്റ്റൻ കഹിൾസ് എന്ന സാഹസികദൗത്യ വിദഗ്ധനെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചത് കഴിഞ്ഞമാസം ഫലം കണ്ടു. ഹിമാലയത്തിലെ മഞ്ഞണിഞ്ഞൊരു കൊടുമുടിയിൽ, 77 വർഷങ്ങളായി പുതഞ്ഞുകിടക്കുന്ന വിമാനം!

ലിസു ഗോത്രവർഗക്കാരെയും കൂട്ടി അരുവികളും കാടും കടന്നുള്ള യാത്രയ്ക്കിടെ ദൗത്യസംഘത്തിലെ 3 പേർ മഞ്ഞുകാറ്റിൽപ്പെട്ടു മരിച്ചു. ഇന്ത്യയും ചൈനയും മ്യാന്മറും ഉൾപ്പെട്ട പ്രദേശത്ത് ഒട്ടേറെ യുഎസ് വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയിൽ കാണാതായിട്ടുണ്ട്.