ന്ത്യയെ കരുവാക്കി ആഗോള ശക്തിയായി മുന്നേറാനുള്ള ചൈനയുടെ നീക്കത്തെ തടയാൻ അമേരിക്ക ഒരുങ്ങുന്നു. ചൈന തുടർച്ചയായി അവകാശവാദം ഉന്നയിക്കുന്ന സൗത്ത് ചൈന കടലിൽ ഇന്ത്യയുമായി ചേർന്ന് സംയുക്ത നാവിക പരിശോധന നടത്താനുള്ള അമേരിക്കയുടെ ശ്രമം അതിനുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.

സൗത്ത് ചൈന കടലിന്റെ പേരിൽ മേഖലയിലെ രാജ്യങ്ങളുമായൊക്കെ കടുത്ത സംഘർഷത്തിലാണ് ചൈന. ജപ്പാനും സൗത്തുകൊറിയയും വിയറ്റ്‌നാമുമൊക്കെ ഇക്കാര്യത്തിൽ ചൈനക്കെതിരാണ്. ഈ എതിർപ്പിന് ആക്കം കൂട്ടുകയെന്നതാണ് അമേരിക്കയുടെ പുതിയ തന്ത്രം. അതിന് കൂട്ടുപിടിക്കുന്നത് ഇന്ത്യയെയും.

സൗത്ത് ചൈന കടലിലെ സ്പ്രാറ്റ്‌ലിയിൽ ഏഴ് മനുഷ്യനിർമ്മിത ദ്വീപുകൾ സ്ഥാപിക്കാനുള്ള നീക്കവുമായി ചൈന മുന്നോട്ടുപോവുകയാണ്. ജപ്പാനും കൊറിയയുമൊക്കെ ഇതിനെ എതിർക്കുന്നുണ്ടെങ്കിലും ചൈന അത് കണക്കിലെടുക്കുന്നില്ല. സൗത്ത് ചൈന കടലിലെ ചൈനീസ് അധിനിവേശത്തിനെതിരെ കൂടുതൽ ഏഷ്യൻ രാജ്യങ്ങൾ യോജിച്ച് നിൽക്കണമെന്നാണ് അമേരിക്കയുടെ പക്ഷം.

ഇന്ത്യയുമായി ചേർന്ന് സമീപകാലത്തായി സൈനിക സഹകരണത്തിന് അമേരിക്ക തയ്യാറാകുന്നത് ചൈനയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്. കഴിഞ്ഞവർഷം ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നാവികാഭ്യാസം നടത്തിയ ഇന്ത്യയും അമേരിക്കയും ഇക്കുറി കുറേക്കൂടി കടന്ന് സൗത്ത് ചൈന കടലിൽ നാവിക പരിശോധനകൾക്കുള്ള ചർച്ചകളിലാണ്.

എന്നാൽ, മറ്റൊരു രാജ്യവുമായി ചേർന്ന് നാവിക പരിശോധനകൾ നടത്താൻ ഇന്ത്യ തയ്യാറല്ലെന്ന് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ പ്രഖ്യാപിത നിലപാടാണത്. അതിൽ മാറ്റം വരുത്താനുള്ള സാധ്യതയില്ലെന്നാണ് സൈനിക കേന്ദ്രങ്ങൾ നൽകുന്ന സൂചന. മാത്രമല്ല അമേരിക്കയുമായി ചേർന്നുള്ള നാവിക പരിശോധന ചൈന അംഗീകരിക്കില്ലെന്നും അത് മേഖലയിൽ സംഘർഷത്തിന് കാരണമാകുമെന്നും ഇന്ത്യയ്ക്ക് വ്യക്തമായറിയാം.

ഏദൻ കടലിലെ കൊള്ളക്കാർക്കുവേണ്ടിയുള്ള തിരച്ചിലിൽ സഹകരിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ സ്വീകരിച്ചിരുന്നില്ലെന്ന് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. സ്വന്തം നിലയ്ക്കാണ് ഇന്ത്യ പരിശോധന നടത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ കൊടിക്കീഴിലല്ലാതെ, മറ്റൊരു രാജ്യവുമായി ചേർന്ന് സൈനിക പരിശോധന നടത്തില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്.