ദുബായ്: പേർഷ്യൻ ഉൾക്കടലിൽ അമേരിക്കൻ നേവിയും ഇറാൻ സേനയും തമ്മിലുള്ള സംഘർഷം അടുത്തിടെയായി രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഏറെക്കാലമായി അധികാരപരിധി സംഘനത്തിന്റെ പേരിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ നിലനിൽക്കുണ്ടെങ്കിലും അടുത്തിടെ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് കാര്യങ്ങളെത്തുന്നത് മേഖലയിൽ സംഘർഷ സാധ്യത വർധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.

പേർഷ്യൻ ഉൾക്കടലിൽവച്ച് ഒരു ഇറാൻ പട്രോൾ ബോട്ട് അമേരിക്കൻ യുദ്ധക്കപ്പലിൽ ഇടിച്ച സംഭവത്തെ ചൊല്ലിയാണ് പുതിയ തർക്കം. പ്രദേശത്ത് അമേരിക്ക അനാവശ്യമായി സൈനികസാന്നിധ്യം വർധിപ്പിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തോടെയാണ് മേഖലയിൽ യുഎസിന്റെ സൈനികസാന്നിധ്യം വർധിച്ചത്. രണ്ടാം ലോക മഹായുദ്ധകാലം മുതൽതന്നെ ഇവിടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ ഉണ്ടെങ്കിലും അടുത്തകാലത്ത് ഇത് വളരെയേറെ വർധിച്ചിട്ടുണ്ട്.

1979ലെ ഇറാൻ വിപഌവത്തിനുശേഷവും 91ലെ ഗൾഫ് യുദ്ധത്തിനുശേഷവുമെല്ലാം പടിപടിയായി അമേരിക്ക ഇവിടെ സേനാ സാന്നിധ്യം കൂട്ടി. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം ഇത് വീണ്ടും വർധിക്കാൻ കാരണമായി. ഇപ്പോൾ പേർഷ്യൻ ഉൾക്കടലിൽ മാത്രമല്ല, മറിച്ച് ഇടുങ്ങിയ ഹോർമൂസ് കടലിടുക്കിൽപോലും അമേരിക്കൻ കപ്പലുകൾ പട്രോളിങ് നടത്തുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നത്. തങ്ങളുടെ മൊത്തം എണ്ണ കയറ്റുമതിയിൽ മൂന്നിലൊന്നും വിതരണത്തിന് പോകുന്ന മേഖലയിൽ അമേരിക്ക എന്തിന് കരുത്തുകാട്ടുന്നുവെന്നാണ് ഇറാന്റെ ചോദ്യം. ഇതാണ് ഇപ്പോൾ അവരെ പ്രകോപിതരാക്കുന്നതും.

ഇപ്പോൾ എതിർപ്പ് രൂക്ഷമായതിനു പിന്നിൽ ഇറാന് റഷ്യൻ പിന്തുണയുണ്ടെന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നു. 1980ലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഈ മേഖലയിൽ ഇറാൻ വ്യാപകമായി കടൽ മൈനുകൾ നിക്ഷേപിച്ചിരുന്നു. ഇതോടെ നിരവധി വാണിജ്യക്കപ്പലുകൾ മുങ്ങുന്ന സ്ഥിതിയുമുണ്ടായി. 1988ൽ അമേരിക്കൻ യുദ്ധക്കപ്പലും മൈനിൽത്തട്ടി മുങ്ങുന്നതിന്റെ വക്കിലെത്തി. ഇതോടെയാണ് അമേരിക്കയും ഇറാനും തമ്മിൽ പേർഷ്യൽ ഗൾഫിലെ ആധിപത്യത്തിന്റെ പേരിൽ പോരു ശക്തമാക്കുന്നത്.

അന്ന് അമേരിക്ക ഇറാന്റെ രണ്ട് ഓയിൽ റിഗ്ഗുകൾ ആക്രമിക്കുകയും ആറ് ഇറാൻ കപ്പലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. കുറച്ചുമാസങ്ങൾക്കകം മറ്റൊരു സംഭവത്തിൽ ഹോർമൂസ് കടലിടുക്കിലുണ്ടായിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള മിസൈലേറ്റ് ദുബായിലേക്കു പോയ ഇറാൻ എയറിന്റെ ഫ്‌ളൈറ്റ് തകരുകയും 290 പേർ കൊല്ലപ്പെടുകയും ചെയ്തു.

യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തതെന്നായിരുന്നു അമേരിക്കൻ ഭാഷ്യം. അതേസമയം, ഇപ്പോൾ സ്ഥിതിഗതികൾ ഇതിലും വഷളായ സാഹചര്യത്തിൽ ഇത്തരത്തിൽ തെറ്റിദ്ധാരണ മൂലമുള്ള ആക്രമണങ്ങളും വെടിവയ്പുകളും ഉണ്ടാകുന്നതായും ഇത് വർദ്ധിച്ചുവരാൻ സാധ്യത കൂടുതലാണെന്നതും മേഖലയിൽ സംഘർഷസാധ്യത വർധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, അമേരിക്കയെ പോലെ തന്നെ ഇറാനും ഒരു ആണവശക്തിയായി മാറിയതാണ് അവരെ ചൊടിപ്പിക്കുന്നതെന്നാണ് ഇറാൻ അധികൃതർ പറയുന്നത്. ഇതിനു പിന്നാലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇരട്ട പൗരത്യമുള്ള പലരേയും ഇറാൻ അറസ്റ്റ് ചെയ്തിരുന്നു. ഇതും അമേരിക്കയുടെ ദേഷ്യത്തിന് കാരണമായതായാണ് സൂചന.

ഇത്തരത്തിൽ ഇരു രാജ്യങ്ങളുടെ സേനകളും നേർക്കുനേർ ഏറ്റുമുട്ടലിന്റെ വക്കുവരെ എത്തിയ 31 സംഭവങ്ങൾ ഈവർഷം മാത്രം ഉണ്ടായി. എതിർ സേനയുടെ കപ്പൽ അടുത്തുകാണുമ്പോൾ ആക്രമണമുണ്ടാകുമോ എന്ന സംശയങ്ങളാണ് പലപ്പോഴും ഉയരുന്നത്. ഇത്തരത്തിൽ അബദ്ധത്തിൽ ഒരു ഏറ്റുമുട്ടലുണ്ടായാൽ അത് വലിയൊരു യുദ്ധത്തിലേക്ക് മാറുമെന്ന ആശങ്കയാണ് പേർഷ്യൻ കടലിലേതെന്നാണ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.