ന്യൂയോർക്ക്: അപേക്ഷകരുടെ ബാഹുല്യത്തെത്തുടർന്ന് അഞ്ചുമാസം മുമ്പ് നിർത്തിവെച്ച എച്ച്1ബി വിസകൾ അമേരിക്ക പുനരാരംഭിച്ചു. ഇന്ത്യൻ ടെക്കി കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വലിയ ആശ്വാസം പകരുന്ന നടപടിയാണിത്. വിദേശത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരുടെ വൻതോതിലുള്ള കുടിയേറ്റം തടയുമെന്ന ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയായിരുന്നു വിസ നൽകൽ നിർത്തിവെച്ചത്.

എച്ച് -1ബി വിസയിലെ പ്രീമിയം പ്രോസസിങ്ങാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുനരാരംഭിച്ചത്. 2018 സാമ്പത്തിവർഷം വരെയാണ് വിസ നൽകൽ. 65,000 എച്ച്-1ബി വിസയും യുഎസ് കോളേജ് സിസ്റ്റത്തിലൂടെ വരുന്നവർക്ക് 20,000 വിസയുമാണ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യൻ കമ്പനികൾ കൂടുതലായും ഉപയോഗിക്കുന്നത് എച്ച്-1ബി വിസയാണ്. 70 ശതമാനത്തോളം കേസുകളിൽ വിസ ലഭിക്കാറുണ്ട് എന്നതുകൊണ്ടാണ് ഇത് കൂടുതൽ സ്വീകാര്യമാകുന്നത്.

നിലവിലുള്ള അപേക്ഷകളിൽ വേഗത്തിൽ തീർപ്പ് കൽപിക്കലാണ് പ്രീമിയം പ്രോസസിങ്. തത്കാൽ പോലുള്ള സേവനമാണിത്. 1225 ഡോളറാണ് ഇതിന് ചാർജ് ചെയ്യുന്നത്. പ്രീമിയം പ്രോസസിങ് ആവശ്യപ്പെടുകയാണെങ്കിൽ യുഎസ സിറ്റിസൺ ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 15 ദിവസത്തിനുള്ളിൽ വിസ നൽകുന്ന സംവിധാനമാണിത്. ഉദ്യോഗസ്ഥരെ തിടുക്കത്തിൽ അമേരിക്കയിലേക്ക് അയക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കും മറ്റ് ഉന്നതർക്കും ഈ വിസാ സമ്പദ്രായമാണ് പ്രിയങ്കരം. സാധാരണ നിലയ്ക്ക് വിസ നടപടികൾ പൂർത്തിയായി വരാൻ മൂന്നുമുതൽ ആറുവരെ മാസമെടുക്കും.

പുതിയതായി എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്നവർ സാധാരണ രീതിയിൽത്തന്നെ അപേക്ഷിക്കണം. നിലവിലുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനുതന്നെ ആറുമാസമെങ്കിലുമെടുക്കുമെന്ന് ഇമിഗ്രേഷൻ സർവീസ് അധികൃതർ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് വിസ നൽകൽ താൽക്കാലികമായി നിർത്തിവെച്ചത്. പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ അമേരിക്കയിലേക്ക് അയക്കേണ്ടിയിരുന്ന കമ്പനികൾ ഇതോടെ പ്രതിസന്ധിയിലായി. അവരെ സഹായിക്കുന്നതിനാണ് പ്രീമിയം പ്രോസസിങ് ആരംഭിച്ചിട്ടുള്ളത്.

ഇക്കഴിഞ്ഞ ആറുമാസംകൊണ്ട് ഇന്ത്യൻ കമ്പനികൾ അവർക്ക് അമേരിക്കയിൽവേണ്ട യഥാർഥ ജീവനക്കാരുടെ എണ്ണം തിട്ടപ്പെടുത്തുകയായിരുന്നു. എച്ച്-1ബി വിസ കിട്ടാതെ വന്നതോടെ, പലരും പദ്ധതികൾ വെട്ടിച്ചുരുക്കുകയും സമാന്തര മാർഗങ്ങൾ തേടുകയും ചെയ്തു. അമേരിക്കൻ സാങ്കേതിക വിദ്യയെയും അമേരിക്കൻ കമ്പനികളുമായുള്ള സഹകരണത്തെയും അമിതമായി ആശ്രയിച്ചുവന്ന ഇന്ത്യൻ കമ്പനികൾക്ക് അതൊരു പുനർവിചിന്തനത്തിനും അവസരമൊരുക്കി.

ഇപ്പോൾ പ്രീമിയം പ്രോസസിങ് ആരംഭിച്ചത് ട്രംപ് ഭരണകൂടത്തിന്റെ മനംമാറ്റത്തിന് സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. കൂടുതൽ സാങ്കേതിക വിദഗ്ധരെ അമേരിക്കയിലേക്ക് ആകർഷിക്കുകയെന്നതാണ് സർക്കാരിന്റെ പുതിയ മനോഭാവം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഐടി മേഖല യൂറോപ്പിനെയും മറ്റു മേഖലകളെയും കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതും ഈ മനംമാറ്റത്തിന് കാരണമായിട്ടുണ്ട്.