പേങ്യാംഗ്: യുഎസ് എയർഫോഴ്സിന്റെ ബി-1ബി ലാൻസർ ബോംബറുകൾ ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ ഉത്തരകൊറിയയുടെ സമുദ്രാതിർത്തിയിലൂടെ പരീക്ഷണപ്പറക്കൽ നടത്തിയത് പ്യോൻഗ്യാംഗിനെ പ്രകോപിപ്പിച്ചു. ഞങ്ങളുടെ മിസൈലുകൾ കാണാൻ അമേരിക്കയ്ക്ക് ധൃതിയായെന്നാണ് ഈ നീക്കത്തിലൂടെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് യുഎന്നിൽ പ്രസംഗിക്കവെ ഇതിനുള്ള പ്രതികരണമെന്നോണം ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോൻഗ് ഹോ ഇന്നലെ താക്കീത് നൽകിയിരിക്കുന്നത്. തങ്ങളുടെ റോക്കറ്റുകൾ യുഎസ് മെയിൻലാൻഡ് സന്ദർശിക്കേണ്ടത് ട്രംപ് ഇതിലൂടെ അനിവാര്യമാക്കിയിരിക്കുന്നുവെന്നും യോൻഗ് പറയുന്നു. 

പുതിയ നീക്കം തങ്ങളുടെ ശക്തിപ്രകടനമായിരുന്നുവെന്നും ഉത്തരകൊറിയക്കെതിരെ ട്രംപിന് സ്വീകരിക്കാൻ സാധിക്കുന്ന നിരവധി സൈനികനീക്കങ്ങളിലൊന്ന് ഇതിലൂടെ വെളിപ്പെടുത്തുകയായിരുന്നുവെന്നുമാണ് പെന്റഗൺ പ്രതികരിച്ചിരിക്കുന്നത്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോൻഗ്-ഉന്നിനെ ഭ്രാന്തൻ എന്ന് വിളിച്ചാക്ഷേപിച്ച ട്രംപിന്റെ മനോഭാവത്തെയും യോൻഗ് ഹോ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ട്രംപ് വാക്കുകൾ പ്രയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹത്തിന് അടിസ്ഥാനപരമായ സാമാന്യബുദ്ധിയില്ലാത്തതാണ് ഇതിന് കാരണമെന്നും യോൻഗ് പരിഹസിച്ചു.

തങ്ങളുടെ റോക്കറ്റുകൾക്ക് നേരെ ട്രംപ് നിരന്തരം പരിഹാസം പൊഴിക്കുന്നതിനെയും യോൻഗ് അപലപിച്ചിരിക്കുന്നു. ഉത്തരകൊറിയ ആണവശക്തിയായി മാറാൻ ഇനി ഏതാനും ചുവടുകൾ മാത്രം വച്ചാൽ മതിയെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ട്രംപ് ഒരു ആത്മഹത്യാദൗത്യത്തിലാണ് എത്തിയിരിക്കുന്നതെന്നും ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി താക്കീത് നൽകുന്നു. തന്റെ വായയിൽ നിന്നും വരുന്ന ഏറ്റവും മോശം വാക്കുകളെക്കുറിച്ച് ട്രംപിന് മനസിലാക്കാൻ സാധിക്കുന്നില്ലെങ്കിലും അതിന്റെ പ്രത്യാഘാതം അദ്ദേഹം അനുഭവിക്കുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്നും യോൻഗ് പറയുന്നു.

ഇതിന് മുമ്പില്ലാത്ത വിധത്തിൽ ഉൻ പരീക്ഷണത്തിന് വിധേയനാകുമെന്ന് വെള്ളിയാഴ്ച ട്രംപ് താക്കീത് നൽകി അടുത്ത ദിവസമാണ് യുഎസ് ബോംബർ വിമാനങ്ങളെ ഇവിടേക്ക് അയച്ച് തങ്ങളുടെ സൈനിക ശക്തി കാട്ടിക്കൊടുത്തിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു. ഉത്തരകൊറിയയുടെ ഏറ്റവുംവടക്കുള്ള ഡീമിലിട്ടറൈസ്ഡ് സോണിലൂടെയാണ് ഇന്നലെ യുഎസ് പോർവിമാനങ്ങൾ പറന്നിരിക്കുന്നത്. 21ാം നൂറ്റാണ്ടിൽ ഇതുവരെ ഒരു യുഎസ് ഫൈറ്റർ അല്ലെങ്കിൽ ബോംബർ വിമാനങ്ങളും പറക്കാത്ത ഒരു പ്രദേശമാണിത്. ഉത്തരകൊറിയയുടെ ധിക്കാരപരമായ നടപടികൾക്കുള്ള ഏറ്റവും വലിയ താക്കീതെന്ന നിലയിലാണ് ഈ സോണിലൂടെ പോർവിമാനങ്ങളെ പറത്തിയിരിക്കുന്നതെന്നാണ് പെന്റഗൺ വക്താവ് വിശദീകരിക്കുന്നത്.

ഇക്കഴിഞ്ഞ ആഴ്ചകൾക്കിടെ ഉത്തരകൊറിയ അതിന്റെ ആറാമത്തെ ന്യൂക്ലിയർ ബോംബും ഭൂഖണ്ഡാന്തര മിസൈലുകളും പരീക്ഷിച്ചിരുന്നു. യുഎസും അതിന്റെ സഖ്യകക്ഷികളും ഉയർത്തുന്ന ഭീഷണിക്ക് മുന്നിൽ പിടിച്ച് നിൽക്കാനും പ്രതിരോധിക്കാനുമാണ് തങ്ങൾ ഇത്തരം പരീക്ഷണങ്ങൾ നടത്താൻ നിർബന്ധിതരാകുന്നതെന്നാണ് പ്യോൻഗ്യാൻഗ് ഇതിനെ ന്യായീകരിച്ചിരിക്കുന്നത്.