വാഷിങ്ടൺ: എയ്ഡ്‌സ് രോഗികൾ ഉപയോഗിക്കുന്ന ഡാരാപ്രിം എന്ന മരുന്നിന്റെ വില കുത്തനേ കൂട്ടിയത്  ഉത്പാദകരായ അമേരിക്കൻ ഫാർമസി കമ്പനി കുറച്ചു. വില വർദ്ധനവിനെ തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് മരുന്നിന്റെ വില കുറയ്ക്കുന്നതെന്ന് ടേറിങ്ങ് ഫാർമസ്യൂട്ടിക്കൽ കമ്പനി മേധാവി മാർട്ടിൻ ഷേ്രകലി പറഞ്ഞു. പക്ഷേ എത്ര ശതമാനമാണ് വില കുറയ്ക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഓഗസ്റ്റിലാണ് ഡാരാപ്രിമിന്റെ ഉടമസ്ഥാവകാശം ടേണിങ് ഫാർമസ്യൂട്ടിക്കൽസ് സ്വന്തമാക്കിയത്. തുടർന്ന് മരുന്നിന്റെ വില 13.50 ഡോളറിൽ നിന്ന് 750 ഡോളറായി കമ്പനി വർദ്ധിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ  മരുന്നിന്റെ വിൽപനയിലൂടെ ലഭിക്കുന്ന തുക പുതിയ ചികിത്സാ രീതികളെപ്പറ്റി ഗവേഷണം നടത്തുന്നതിന് ഉപയോഗപ്പെടുത്തുമെന്ന് വില വർദ്ധനവിനെ ന്യായീകരിച്ചു കൊണ്ട് ഷിക്രേലി പറഞ്ഞു. വിമർശനം ഉന്നയിക്കുന്നവർ ഫാർമസ്യൂട്ടിക്കൽ മേഖലയെ കുറിച്ച് മനസ്സിലാക്കാതെയാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഒറ്റയടിക്ക് കമ്പനി വില വർധിപ്പിച്ചത് 5,000 ശതമാനമായിരുന്നു.

എന്നാൽ തങ്ങൾ വില കുറയ്ക്കാൻ തയ്യാറാണെന്നും ഡാരാപ്രിമിന്റെ വില വർദ്ധിപ്പിച്ചത്  കമ്പനിക്ക് ലാഭം ഉണ്ടാക്കിയെങ്കിലും അത് വളരെ ചെറിയ തോതിൽ മാത്രമാണെന്നുമാണ് ഷിക്രേലി ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.  

യുകെയിൽ, നാഷണൽ ഹെൽത്ത് സർവ്വീസ് ആണ് ഈ മരുന്ന് പ്രധാനമായും വാങ്ങുന്നത്. വിൽപനക്കാരും ഗവൺമെൻരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വില നിർണയിച്ചിരുന്നത്. രോഗികൾക്ക് കുറഞ്ഞ ചെലവിൽ മരുന്നു ലഭിക്കാൻ ഇത് സഹായിച്ചിരുന്നു. അമേരിക്കയിൽ മെഡികെയർ  മെഡിക്കാസിഡ് സിസ്റ്റം പ്രയോജനപ്പെടുകത്തി സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഗവൺമെന്റുമാണ് ഡാരാപ്രിം വാങ്ങുന്നത്.

ഒരു ഡോളറാണ് മരുന്നിന്റെ ഉത്പാദന ചെലവ്.  ദ ഇൻഫക്ഷസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്ക, എച്ച്.ഐ.വി മെഡിസിൻ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ മരുന്നിന്റെ വില വർധനവിനെതിരേ രംഗത്തു വന്നിരുന്നു.  വില വർധന നീതീകരിക്കാനാവില്ലെന്നും, രോഗബാധിതരെ മുറിപ്പെടുത്തുന്നതാണിതെന്നും, ആരോഗ്യ സംരക്ഷണ സംവിധാനത്തിനു ചേർന്നതല്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.