ന്യൂയോർക്ക്: ആരാണ് അമേരിക്കൻ പ്രിസഡന്റ്? ഹിലറി ക്ലിന്റണോ ഡോണൾ!ഡ് ട്രംപോ? ഇന്ന് അമേരിക്ക വിധിയെഴുതും. ഇന്ത്യൻ സമയം രാത്രിയോടെ വോട്ടെടുപ്പ് തുടങ്ങും. നാളെ ഫലവും എത്തും. ഹിലറി ക്ലിന്റൻ ജയിച്ചാൽ അവർ അമേരിക്കയുടെ ആദ്യ വനിതാപ്രസിഡന്റാകും. ആദ്യ ഘട്ടത്തിൽ ഹിലരിയുടെ വിജയം ഏവരും ഉറപ്പിച്ചു. ഏറെ പിന്നിലായിരുന്നു ട്രംപ്. എന്നാലിപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ട്രംപും മുന്നേറുകയാണ്. അതുകൊണ്ട് തന്നെ ഒപ്പത്തിനൊപ്പമാണ് മത്സരം. പ്രവചനങ്ങൾ സാധ്യതയൊന്നുമില്ല.

ഹിലറി ക്ലിന്റണെതിരായ ഇ-മെയിൽ കേസിൽ കഴമ്പില്ലെന്നും ക്രിമിനൽ നടപടിക്കു വകുപ്പില്ലെന്നും എഫ്ബിഐ ഇന്നലെ പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ അവസാനദിനം ഹിലറിക്കു വലിയ ആശ്വാസമേകുന്ന താണ് ഈ വെളിപ്പെടുത്തൽ. അതിനിടെ അട്ടിമറിക്കപ്പെട്ട സംവിധാനമാണു ഹിലറിയെ സംരക്ഷിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. ഹിലറിയുടെ ആറരലക്ഷം ഇമെയിലുകൾ ഒരാഴ്ച കൊണ്ട് എഫ്ബിഐ പരിശോധിച്ചുവെന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുമെന്നും ട്രംപ് ചോദിക്കുന്നു. ഇതോടെ ഈ വിഷയവും ചൂടേറിയ ചർച്ചയാകുന്നു.

ഇഞ്ചോടിഞ്ഞ് വോട്ടെടുപ്പാണെന്നാണ് സർവ്വേ ഫലങ്ങൾ. ഹിലറിക്ക് 291.9 ഇലക്ടറൽ വോട്ടുകളും ട്രംപിന് 245.3 വോട്ടുകളും ലഭിക്കുമെന്നു പ്രവചനം. (ജയിക്കാൻ വേണ്ടത് 270 വോട്ട്) ജനകീയ വോട്ടിൽ 48.3 % ഹിലറിക്കും 45.4 % ട്രംപിനും. സ്ത്രീകളും ന്യൂനപക്ഷങ്ങളും ഹിലറിക്കൊപ്പം. വെള്ളക്കാരും പുരുഷന്മാരും ട്രംപിനെ പിന്തുണയ്ക്കുന്നുവെന്നു റിപ്പോർട്ട്. പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കുന്ന മറ്റു പ്രധാന സ്ഥാനാർത്ഥികൾ: ഗാരി ജോൺസൺ (ലിബർട്ടേറിയൻ പാർട്ടി), ജിൽ സ്റ്റെയ്ൻ (ഗ്രീൻ പാർട്ടി), ഇവാൻ മക്മുള്ളിൻ (സ്വതന്ത്രൻ). ഇവർക്ക് ആരും വലിയ സാധ്യത നൽകുന്നില്ല.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പുറമേ, യുഎസ് പാർലമെന്റിലെ അധോസഭയായ ജനപ്രതിനിധി സഭയിലെ (കോൺഗ്രസ്) മുഴുവൻ സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പ് (435 സീറ്റ്) നടക്കുന്നുണ്ട്, ഉപരിസഭയായ സെനറ്റിലെ മൂന്നിലൊന്ന് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ്, പ്രാദേശിക തിരഞ്ഞെടുപ്പുകൾ എന്നിവയും ഇന്നാണ്.

വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായി പ്രചരണത്തിൽ സജീവമാകുന്നത് ഡമോക്രാറ്റിന്റെ ടിം കെയ്‌നും റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് പെൻസുമാണ്. സെനറ്റിലേക്കും കോൺഗ്രസിലേക്കുമായി ആറ് ഇന്ത്യൻ വംശജർ ഡമോക്രാറ്റിക് പാർട്ടിക്കായി മൽസരരംഗത്ത്. പ്രമീള ജയപാലും പീറ്റർ ജേക്കബും മലയാളികൾ.