വാഷിങ്ടൺ: 2006നു ശേഷം ആദ്യമായി യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു. 0.25 ശതമാനമാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പലിശ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ നിലവിലുള്ള നിരക്കായ 0-0.25 ശതമാനത്തിൽ നിന്ന് 0.25- 0.05 ശതമാനമായി വർധിക്കും.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചത് ആഗോള തലത്തിൽ പ്രതിഫലനങ്ങൾ സൃഷ്ടിക്കും. ഇത് യുകെയിലും മറ്റും പലിശ നിരക്ക് വർധിപ്പിക്കാൻ കാരണമായേക്കും. കൂടാതെ വികസ്വര രാജ്യങ്ങളിൽ ഇത് ഏറെ ബാധ്യത സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. നിലവിൽ വളർച്ചാ നിരക്ക് മെല്ലെയുള്ള വികസ്വര രാജ്യങ്ങൾക്ക് യുഎസ് ഫെഡറൽ നിരക്കിലുള്ള വർധന മോശമായി ബാധിക്കാനിടയുണ്ട്.

പലിശ നിരക്കിൽ വന്നിരിക്കുന്ന വർധന ഡോളറിനെ ശക്തിപ്പെടുത്തുമെന്നും കരുതുന്നു. 2008-ൽ യുഎസിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രാജ്യം പൂർണമായും കരകയറിയെന്നാണ് പലിശ നിരക്ക് വർധന സൂചിപ്പിക്കുന്നത്. യുഎസ് സമ്പദ് ഘടന ശക്തിപ്രാപിക്കുകയാണെന്നും നവംബർ മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്നും ഏതാനും ആഴ്ചകൾക്കു മുമ്പു തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അന്നേ സൂചന ലഭിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് താഴ്ന്നത് പലിശ നിരക്ക് വർധിപ്പിക്കാൻ പ്രേരകമായ ഘടകമാണ്.