ന്യൂയോർക്ക്: യുഎസ് ഗ്യാസ് വിലയിൽ കുത്തനെ ഇടിവു രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ഒരു ഗ്യാലൻ ഗ്യാസോലൈന്റെ ശരാശരി വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 25 സെന്റ് കുറഞ്ഞിരിക്കുകയാണ്. 2009-നു ശേഷം ഏറ്റവും വിലക്കുറവ് രേഖപ്പെടുത്തുന്നത് ഇപ്പോഴാണെന്നാണ് പറയപ്പെടുന്നത്. അഞ്ചര വർഷത്തിനുള്ളിൽ ഗ്യാസോലൈന്റെ വില ഏറ്റവും കുറഞ്ഞ നിരക്കിലായെന്ന് ലണ്ട്ബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

സാധാരണ ഗ്രേഡിലുള്ള ഗ്യാസോലൈന്റെ വില ഡിസംബർ 19ലെ കണക്കനുസരിച്ച് 2.47 ഡോളറായി കുറഞ്ഞിരിക്കുകയാണ്. ഡിസംബർ അഞ്ചിനെക്കാൾ 25 സെന്റ് കുറവാണ് ഗ്യാസ് വിലയിൽ രണ്ടാഴ്ച കൊണ്ട് കുറഞ്ഞത്. ഈ വർഷം മേയിൽ ഏറ്റവും വില കൂടി നിന്ന സമയത്തെക്കാൾ ഒരു ഗ്യാലന് 1.25 ഡോളറാണ് വിലക്കുറവ് ഉണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞതാണ് ഗ്യാസ് വിലയിലും കുറവു സംഭവിക്കാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. നാല് ആഴ്ച അടുപ്പിച്ച് ക്രൂഡ് ഓയിൽ വിലയിൽ കുറവു വന്നത് യുഎസ് ക്രൂഡ് ഓയിലിന്റെ വിപണിയെ തളർത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ക്രൂഡ് ഓയിൽ വില 14.2 ശതമാനമാണ് കുറഞ്ഞത് വെള്ളിയാഴ്ച എണ്ണവിലയിൽ 5.1 ശതമാനം വർധന രേഖപ്പെടുത്തി ബാരലിന് 57.13 ഡോളർ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

ഗ്യാസ് വില സംബന്ധിച്ച് സർവേ നടത്തിയ 48 യുഎസ് സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയത് ലോംഗ് ഐലൻഡിലാണ്. ഗ്യാലന് 2.82 ഡോളരാണ് ഇവിടത്തെ വില. ഏറ്റവും കുറഞ്ഞ വില ടുൽസയിലും. ഗ്യാലന് 2.06 ഡോളറും.