വാഷിങ്ടൺ: അമേരിക്കയിൽ പലിശ നിരക്കുകളിൽ മാറ്റം ഉണ്ടാവില്ല. നിരക്ക് വർധിപ്പിക്കുമെന്ന അഭ്യൂഹം തള്ളി യു.എസ്. ഫെഡറൽ റിസർവ് പുതിയ ധനനയം പ്രഖ്യാപിച്ചു. പൂജ്യം മുതൽ 0.25 ശതമാനം വരെയാണ് ഇപ്പോഴത്തെ പലിശ നിരക്ക്. 2008 ഡിസംബർ മുതൽക്കുള്ള അതേ നിരക്ക് തുടരാനാണ് തീരുമാനം. ഇതിനാൽ ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ല.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച സുസ്ഥിരമായ നിലയിലാണെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും മാന്ദ്യത്തിന്റെ പ്രവണത കാണുന്ന സാഹചര്യത്തിലാണ് പഴയനില  തുടരാൻ തീരുമാനിച്ചതെന്ന് ഫെഡറൽ റിസർവ് അധ്യക്ഷ ജാനറ്റ് യെല്ലൻ വ്യക്തമാക്കി. ചൈന കറൻസി യുവാന്റെ വിലയിടിഞ്ഞത് ഉൾപ്പടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് തീരുമാനം.

യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്താത്തത് ഇന്ത്യൻ ഓഹരി വിപണിക്കും നേട്ടമായി. മുംബൈ ഓഹരി സൂചിക സെൻസെക്‌സ് 400 പോയിന്റ് കുതിക്കുകയും ദേശീയ സൂചിക നിഫ്റ്റി 8,000 പോയന്റ് മറികടക്കുകയും ചെയ്തു. ഓഗസ്റ്റ് 31ന് ശേഷം നിഫ്റ്റി ആദ്യമായാണ് 8,000 പോയന്റ് മറികടക്കുന്നത്.

കമ്മിറ്റി മെമ്പർ ജെഫ്രി ലാക്കർ മാത്രമാണ് കാൽ ശതമാനം വർധന ആവശ്യപ്പെട്ടത്. ആഗോള സാമ്പത്തിക നില നിരക്ക് ഉയർത്താൻ തക്ക അന്തരീക്ഷമല്ല നൽകുന്നതെന്ന് ഫെഡറൽ റിസർവ് അധ്യക്ഷ ജാനറ്റ് എലൻ പറഞ്ഞു. അമേരിക്കയ്ക്ക് പുറത്തുള്ള ചലനങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും എലൻ കൂട്ടിച്ചേർത്തു.

സാമ്പത്തികമാന്ദ്യത്തിൽനിന്ന് രക്ഷനേടാൻ 2008ൽ  പലിശനിരക്കുകൾ 0.25 ശതമാനത്തിലേക്ക് താഴ്‌ത്തിയശേഷം ഇതുവരെ ഉയർത്തിയിട്ടില്ല. ആഭ്യന്തര സാമ്പത്തികനില മെച്ചപ്പെട്ടതോടെ യു.എസ്. പലിശനിരക്ക് കൂട്ടുമെന്ന അഭ്യൂഹം ലോകമെങ്ങും ചലനമുണ്ടാക്കിയിരുന്നു. തുടർന്നാണ് ഓഹരിവിപണികൾ ഇടിയുകയും സ്വർണവില താഴുകയും ചെയ്തത്. ഈ വർഷാവസാനത്തോടെ പലിശനിരക്ക് കൂട്ടിയേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.

വാണിജ്യ ബാങ്കുകളുടെ ഹ്രസ്വകാല വായ്പാ പലിശ കാൽ ശതമാനത്തിൽ താഴെയാണ് ഇപ്പോൾ. പലിശ കൂട്ടിയില്ലെങ്കിലും ലോക സാമ്പത്തിക നില സംബന്ധിച്ച് ഫെഡറൽ റിസർവ് പ്രകടിപ്പിച്ച വിപരീതാഭിപ്രായം വിപണിയെ ബാധിക്കുമെന്നും കരുതുന്നുണ്ട്. ഫെഡറൽ റിസർവ് തീരുമാനത്തിനു പിന്നാലെ സ്വർണവില ഉയർന്നു.

ആഗോള സ്ഥിതി മെച്ചപ്പെട്ടാൽ ഈ വർഷം തന്നെ പലിശ നിരക്കുകൾ ഉയർത്താനാണ് ഫെഡറൽ റിസർവിന്റെ തീരുമാനം. സമ്പദ്ഘടന 2.1 ശതമാനം വളർച്ച ഈ വർഷം നേടുമെന്നാണ് വിലയിരുത്തൽ. ഇനി ഒക്ടോബറിലും ഡിസംബറിലുമാണ് കേന്ദ്ര ബാങ്കിന്റെ നയ രൂപവത്കരണ യോഗമുള്ളത്.