വംശീയമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ആരോപിച്ച് 2005-ൽ അമേരിക്ക നരേന്ദ്ര മോദിയെ വിസ നിഷേധിച്ച് കുറേക്കാലം ഭ്രഷ്ടനാക്കിയിരുന്നു. എന്നാൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായ മോദിയെ അംഗീകരിക്കാതിരിക്കാൻ അമേരിക്കക്കായില്ല. സർവ്വവിധ ആദരവോടെയും മോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഒബാമ വിരുന്നും നൽകി. വിസാനിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മോദിയും ഒബാമയും ചർച്ച ചെയ്തിട്ടേയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറിച്ച് വികസനത്തിലൂന്നിയായിരുന്നു ഇരുവരുടെയും ചർച്ചകൾ മുന്നോട്ട് നീങ്ങിയത്. ഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധത്തിൽ വിപ്ലവകരമായ മാററങ്ങൾക്കാണീ സന്ദർശനം വഴിയൊരുക്കിയിരിക്കുന്നതെന്നാണ് വിവിധ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

മറ്റ് ചില നേതാക്കൾ ചെയ്യും പോലെ വിരുന്നുണ്ട് കറങ്ങി തിരിച്ച് പോരുകയല്ല മോദി ചെയ്തത്. പകരം ഇന്ത്യയെക്കുറിച്ച് അമേരിക്കക്കാർക്കിടിയിലുള്ള തെറ്റായ ഇമേജുകളെ പൊളിച്ചടുക്കാനും ഇന്ത്യയുടെ ഇന്നത്തെ സ്ഥാനം എന്താണെന്ന് അവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞുവെന്നതാണ് മോദിയുടെ വിജയം. അതിന് പുറമെ 25,000 കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടു വരാനും തന്റെ സന്ദർശനത്തിലൂടെ മോദിക്ക് കഴിഞ്ഞിരിക്കുന്നു. അടുത്ത മൂന്ന് വർഷത്തിനിടയിൽ ഈ നിക്ഷേപം ഇന്ത്യയിലേക്കൊഴുകും.

യുഎസ് ഇന്ത്യ ബിസിനസ്സ് കൗൺസിലാണ് ഇന്ത്യയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വൻ നിക്ഷേപം നടത്താനൊരുങ്ങുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യുഎസിൽ നിന്ന് ഇന്ത്യയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന നിക്ഷേപത്തിന്റെ വെറും 20 ശതമാനം മാത്രമാണീ തുകയെന്നാണന്നറിയുന്നത്. എഫ്‌സിസിഐ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യയെ ഒരു മാനുഫാക്ചറിങ് ഹബാക്കാനുള്ള മോദിയുടെ നീക്കങ്ങൾക്ക് ഇത് കനത്ത പിന്തുണയേകുമെന്നാണ് എഫ്‌ഐസിസി പറഞ്ഞിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ സഹകരണത്തിന്റെ കാര്യത്തിൽ തങ്ങൾക്കുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.