വാഷിങ്ടൺ: യോഗ പാന്റ്‌സുകൾ അസഭ്യ വസ്ത്രധാരണത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അമേരിക്കൻ സംസ്ഥാനം. ശരീരത്തിലെ ഭാഗങ്ങൾ എടുത്തുകാട്ടുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോഴാണ് യോഗ പാന്റുകളേയും അക്കൂട്ടത്തിൽ പെടുത്തിക്കൊണ്ട് മൊണ്ടാന സംസ്ഥാനം ബിൽ കൊണ്ടുവന്നിരിക്കുന്നത്. മൊണ്ടാന റെപ്രസന്റേറ്റീവ് ഡേവിഡ് മൂറാണ് ബിൽ 365 എന്നു പേരിട്ട് യോഗ പാന്റ്‌സിനും നിരോധനം ഏർപ്പെടുത്തിയത്.

ശരീരത്തിലെ ഭാഗങ്ങൾ എടുത്തുകാട്ടുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിർമ്മാണം മൊണ്ടാനയിൽ അരങ്ങേറുകയാണ്. നിതംബം, ലൈംഗികാവയവങ്ങൾ, ഇടുപ്പ്, മുലക്കണ്ണ് (പുരുഷന്മാർക്കും ഇതു ബാധകം) എന്നിവ പുറമേ വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് സംസ്ഥാനത്ത് വിലക്കുന്നത്.  അക്കൂട്ടത്തിൽ യോഗ പാന്റുകളേയും ഉൾപ്പെടുത്തിയതാണ് വിചിത്രമായിരിക്കുന്നത്.

യുഎസിന്റെ 30 ബില്യൺ ഡോളറിന്റെ വിപണിയാണ് യോഗ പാന്റ്‌സിന്റെ നിരോധനത്തോടെ സാരമായി ബാധിക്കപ്പെടുന്നത്. അതേസമയം മൂറിന്റെ ഈ തീരുമാനം എങ്ങും ചർച്ചാ വിഷയമായിരിക്കുകയാണ്. കൂടെ എതിർപ്പുകളും ഉയരുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് അഞ്ചു വർഷം വരെ ജയിൽ ശിക്ഷ നൽകുന്ന തരത്തിലുമാണ് നിയമനിർമ്മാണം നടത്തുന്നത്.
ആദ്യത്തെ തവണ നിയമലംഘനം നടത്തുന്നവർക്ക് ആറു മാസത്തെ തടവും 500 ഡോളർ പിഴയുമാണ് ശിക്ഷ. രണ്ടാമതും നിയമം ലംഘിക്കുന്നവർക്ക് ഇതിന്റെ ഇരട്ടിയാണ് ശിക്ഷ. എന്നാൽ മൂന്നാമതും ഇതേ കുറ്റം ആവർത്തിച്ചാൽ അഞ്ചു വർഷം വരെ ജയിൽവാസവും 10,000 ഡോളർ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

ഇതാദ്യമായല്ല യോഗ പാന്റുകൾ വിവാദത്തിൽ പെടുന്നത്. കഴിഞ്ഞ വർഷം അമേരിക്കയിലെ തന്നെ ഒരു ഹൈസ്‌കൂളിൽ ലെഗ്ഗിംസ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥിനികളെ വിലക്കിയിരുന്നു. ആൺകുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന വസ്ത്രധാരണമാണിതെന്നും ക്ലാസ്മുറികൾക്ക് പറ്റിയ വേഷവിധാനമല്ല ലെഗ്ഗിംസ് എന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. ഇതിൽ പ്രതിഷേധിച്ച് ഇല്ലിനോയിസ് ഹാവൻ മിഡ്ഡിൽ സ്‌കൂളിലെ അഞ്ഞൂറിലധികം വിദ്യാർത്ഥിനികൾ യോഗ പാന്റും ലെഗ്ഗിംസും ധരിച്ചുകൊണ്ട് സ്‌കൂളിൽ പ്രകടനം നടത്തിയിരുന്നു.