ഫ്‌ലോറിഡ: മകളേയും ആറു പേരക്കുട്ടികളേയും വെടി വച്ചുകൊന്ന ശേഷം 51കാരൻ ആത്മഹത്യ ചെയ്തു. സെൻട്രൽ ഫ്‌ലോറിഡയിൽ നിന്നും 30 കിലോമീറ്റർ അകലെ ബെൽ എന്ന സ്ഥലത്താണ് ദാരുണമായ സംഭവമുണ്ടായത്. കൊല്ലപ്പെട്ട പേരക്കുട്ടികൾ മൂന്നു മുതൽ പത്തുവയസു വരെ പ്രായമുള്ളവരാണ്.

ഡോൺ സി സ്പീരിറ്റ് എന്നയാളാണ് ഇരുപത്തെട്ടുകാരിയായ മകളേയും പേരക്കുട്ടികളേയും വെടിവച്ചു കൊന്നത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ഇയാൾ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസിൽ വിളിച്ചു പറഞ്ഞിരുന്നു. തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് കാണുന്നത് ഏഴു മൃതദേഹങ്ങളാണെന്ന് ഗിൽക്രിസ്റ്റ് കൗണ്ടി ഷെരീഫ് റോബർട്ട് ഷെൽട്ട്‌സ് വ്യക്തമാക്കി. പൊലീസ് എത്തിയ ഉടൻ തന്നെ ഇയാൾ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.

കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 2001-ൽ മകനെ വെടി വച്ചു കൊന്ന കേസിൽ മൂന്നു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഡോൺ സ്പീരിറ്റ്. ഇയാളുടെ പതിമൂന്നും എട്ടും വയസുള്ള ആൺമക്കൾക്കൊപ്പം വേട്ടയ്ക്ക് പോകവേ ഇളയമകന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. അബദ്ധത്തിൽ വെടിയേറ്റു മരിച്ചതെന്ന് കോടതിയിൽ തെളിഞ്ഞുവെങ്കിലും ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിനാണ് 2003 മുതൽ മൂന്നു വർഷത്തേക്ക് കോടതി ഇയാളെ ജയിലിലടച്ചത്.