വാഷിങ്ടൺ: കള്ളനെന്നു വിചാരിച്ച് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. യുഎസിലെ നോർത്ത് കരോളൈനയിലാണ് ദാരുണ സംഭവം നടന്നത്. ജോലിക്കുപോയിരുന്ന ഭാര്യ നേരത്തേ തിരിച്ചെത്തിയതാണു കാരണം.

നോർത്ത് കരോളൈനയിലെ ഗോൾഡ്‌സ്‌ബോറോ സ്വദേശിയായ ബില്ലി വില്യംസ്(49) ആണ് ഭാര്യ ജീനയെ സ്വന്തം വീടിനു മുന്നിൽ വെടിവച്ചു കൊന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രി ഡ്യൂട്ടിക്കായി വൈകിട്ട് ആറിന് വീട്ടിൽനിന്നു പോയതായിരുന്നു ജീന. പിറ്റേന്നു രാവിലെ എട്ടിനേ വീട്ടിൽ തിരിച്ചെത്തൂ എന്നും ഭർത്താവ് ബില്ലിയോടും രണ്ടു മക്കളോടും പറഞ്ഞിരുന്നു.

എന്നാൽ രാത്രിയായപ്പോൾ ജീന വീട്ടിലേക്കു മടങ്ങിവന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികളിലൊരാൾ മുൻ വാതിലിൽ എന്തോ ശബ്ദം കേട്ടു.

വീടിനുള്ളിൽ അതിക്രമിച്ചു കയറാൻ ആരെങ്കിലും ശ്രമിക്കുന്നതായിരിക്കുമെന്നാണ് കുട്ടി കരുതിയത്. ഉടൻതന്നെ അച്ഛൻ ബില്ലിയെ വിളിച്ചെഴുന്നേൽപ്പിച്ചു.

കള്ളനായിരിക്കുമെന്നു കരുതി തന്റെ തോക്കുമായാണ് ബില്ലി വാതിൽ തുറക്കാൻ എത്തിയത്. വാതിൽതുറന്നപ്പോൾ പോർച്ചിൽ കണ്ട വ്യക്തിക്കു നേർക്ക് നിറയൊഴിക്കുകയും ചെയ്തു. പോർച്ചിൽ വെളിച്ചമില്ലാതിരുന്നതിനാൽ സ്വന്തം ഭാര്യയാണ് നിൽക്കുന്നതെന്നു തിരിച്ചറിയാൻ ബില്ലിക്കായില്ല.

ബില്ലി ഒറ്റത്തവണയേ വെടിയുതിർത്തുള്ളൂവെങ്കിലും അത് ജീനയുടെ കഴുത്തിലാണു തറച്ചത്. ജീന സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൊലീസെത്തുമ്പോൾ മരിച്ചുകിടക്കുന്ന ജീനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബില്ലി.

സംഭവത്തിൽ ബില്ലിക്കെതിരേ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അന്വേഷണം നടപടികൾ പുരോഗമിക്കുന്നു.