ബേയ്ജിങ്: ഉത്തരകൊറിയക്കെതിരെ ദിവസേനയെന്നോണം വെല്ലുവിളി മുഴക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ് എന്തുകൊണ്ടാണ് വെല്ലുവിളിക്കപ്പുറത്തേക്ക് പോവാത്തത്? ഉത്തരകൊറിയയുടെ യഥാർഥശേഷിയെന്തെന്ന് അറിയാത്തതാണ് അതിന് പ്രധാന കാരണം. മറ്റൊന്ന് കൊറിയക്ക് ചൈന നൽകുന്ന പിന്തുണയാണ്. യുദ്ധം തുടങ്ങിയാൽ, ചൈനയുടെ നിലപാട് നിർണായകമായിരിക്കുമെന്ന് ട്രംപിനറിയാം.

അമേരിക്ക ഉത്തരകൊറിയയെ ആദ്യം ആക്രമിക്കുകയാണെങ്കിൽ അതിൽ ചൈന ഇടപെടുമെന്ന് ചൈനീസ് ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസ് അതിന്റെ എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു. മറിച്ച് ഉത്തരകൊറിയയാണ് ആക്രമണത്തിന് തുടക്കമിടുന്നതെങ്കിൽ, ചൈന കാഴ്ചക്കാരനായി നിഷ്പക്ഷമനോഭാവത്തിൽ നിൽക്കുമെന്നും പത്രം പറയുന്നു.

അമേരിക്കയും ദക്ഷിണകൊറിയയും ആക്രമണത്തിന് തുടക്കമിടുകയും ഉത്തരകൊറിയയിലെ കിമ്മിന്റെ ഭരണത്തെ തുടച്ചുനീക്കാൻ ശ്രമിക്കുകയും ചെയ്താൽ ചൈന ഇടപെടും. ഉത്തരകൊറിയയിലെ രാഷ്ട്രീയത്തെ ഇല്ലാതാക്കുന്നതിനെയൊന്നും ചൈന അംഗീകരിക്കില്ല. മറിച്ച്, തങ്ങളുടെ മിസൈലുകളുപയോഗിച്ച് ഉത്തരകൊറിയയാണ് ആക്രമണത്തിന് തുടക്കമിടുന്നതെങ്കിൽ അതിലിടപെടുകയില്ലെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.

വാക്കുകളിലൂടെയല്ലാതെ, പ്രവർത്തിയിലൂടെ ഉത്തരകൊറിയയെ പ്രകോപിപ്പിക്കാൻ ട്രംപ് തയ്യാറാകാത്തത് ചൈനയുടെ ഈ മനോഭാവം അറിഞ്ഞുകൊണ്ടാണെന്ന് വ്യക്തമാണ്. പസഫിക്കിലെ അമേരിക്കയുടെ സൈനിക കേന്ദ്രമായ ഗുവാമിനെ ആക്രമിക്കുമെന്ന് കിം ഭീഷണിപ്പെടുത്തിയതോടെ, മേഖലയിലെ സംഘർഷം മുമ്പൊന്നുമില്ലാത്തവിധം മൂർഛിച്ചിട്ടുണ്ട്.

ഉത്തരകൊറിയ പ്രതീക്ഷിക്കുന്നതുപോലയാകില്ല അമേരിക്കയുടെ പ്രത്യാക്രമണമെന്ന് ട്രംപും തിരിച്ചടിച്ചു. ഗുവാം ആക്രമിക്കുകയാണെങ്കിൽ, കിം ജോങ് ഉന്നും ഉത്തരകൊറിയയിലെ ജനങ്ങളും പിന്നെ ശേഷിക്കുന്നുണ്ടാവില്ലെന്ന് പെന്റഗൺ തലവൻ ജയിംസ് മാറ്റിസ് പ്രഖ്യാപിച്ചതും സംഘർഷ സാധ്യത വർധിപ്പിച്ചിട്ടുണ്ട്.

ചൈനയുടെ സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് ഉത്തരകൊറിയ. വൻതോതിൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഉത്തരകൊറിയ ഇപ്പോഴത്തെനിലയിൽത്തന്നെ തുടരേണ്ടത് അവരുടെ ആവശ്യമാണ്. അമേരിക്കയുടെ ഭീഷണിക്കുമുന്നിൽ കൊറിയ വഴങ്ങാതിരിക്കുന്നതിനാണ് കിമ്മിനെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള നിലപാട് ചൈന കൈക്കൊണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.