ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ നിന്നും റോജർ ഫെഡറർ പുറത്തായി. ഇതൊടെ തുടർച്ചായായി ആറ് പ്രാവശ്യം കിരീടം നേടാമെന്നുള്ള ഫെഡററുടെ ആഗ്രഹമാണ് പൊലിഞ്ഞത്. ക്വാർട്ടർ ഫൈനലിൽ ചെക്കിന്റെ തോമസ് ബെർഡിക്കാണ് ഫെഡററെ അട്ടിമറിച്ചത്. സ്‌കോർ 76, 64, 36, 63.


17 തവണ ഗ്രാന്റ് സ്ലാം കിരീടം നേടുകയും 33 തവണ ഗ്രാൻഡ് സ്ലാം സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്ത താരമാണ് ഫെഡറർ. 2003ന് ശേഷം യു എസ് ഓപ്പണിൽ ഡേവിഡ് നൽബാൻഡ്യനോട് തോല്വി നാലാം റൗണ്ടിൽ വഴങ്ങിയതിന് ശേഷം ഫെഡററുടെ മോശം പ്രകടനമാണിത്. സെമിയിൽ ബ്രിട്ടന്റെ ആൻഡി മുറെയായിരിക്കും ബെർഡിക്കിന്റെ എതിരാളി. എന്റെ പ്രകടനം മെച്ചപ്പെടുത്താൻ സാധിച്ചില്ല. ഇതെന്റെ ജീവിതത്തിലെ മികച്ച നിമിഷങ്ങളിലൊന്നുമല്ല. മത്സരശേഷം 26കാരനായ ബെർഡിക്ക് പറഞ്ഞു. സെമിയിൽ ഇതിനെക്കാളും മികച്ച പ്രകടനം കാഴ്ച്ചവെക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യമായിട്ടാണ് ബെർഡിക്ക് യു എസ് ഓപ്പണിന്റെ സെമിയിൽ പ്രവേശിക്കുന്നത്. 2010ൽ വിംമ്പ്ൾഡണിൽ ഫൈനലിലെത്തിയതിന് ശേഷം ഗ്രാന്റ് സ്ലാമിൽ ബെർഡിക്കിന്റെ മികച്ച പ്രകടനമായിരുന്നു ഇത്.

ഫെഡററുടെ നിഴൽ മാത്രമായിരുന്നു ബെർഡിക്കിനെതിരെയുള്ള മത്സരത്തിൽ കണ്ടത്. എയ്‌സുകളുടെ രാജകുമാരനായ ഫെഡറർ ബെർഡിക്കിനു മുന്നിൽ പതറുന്നതാണ് കണ്ടത്. ബെർഡിക്കിന്റെ മുന്നിൽ പ്രതിരോധം നഷ്ടപ്പെട്ട കാവൽ ഭടന്റെ അവസ്ഥയായിരുന്നു ഫെഡറർക്ക്. ഒന്നാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ ബെർഡിക്ക് രണ്ടാം സെറ്റിലും മികച്ച പ്രകടനം കാഴ്ച്ചവച്ച് തന്റെ അപ്രമാദിത്വം തുടർന്നു. എന്നാൽ മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചു വന്ന പ്രതീക്ഷയേകി. ആദ്യ പോയിന്റ് നഷ്ടമായ ഫെഡറർ, 43 എന്ന നിലയിലേക്ക് തിരിച്ചു വന്നു. പിന്നീട് ബെർഡിക്ക് പഴുതു നൽകാതെ ഫെഡറർ സെറ്റ് സ്വന്തമാക്കി. എന്നാൽ ഫെഡററുടെ മോഹം തകർത്ത് കൊണ്ട് മികച്ച രീതിയിലാണ് നാലാം റൗണ്ടിൽ ബെർഡിക്ക് റാക്കറ്റേന്തിയത്. തുടക്കത്തിൽ തന്നെ ലീഡ് പിടിച്ചെടുത്ത ബെർഡിക്ക് ബ്രേക്കിന്റെ സമയത്ത് തന്നെ 53 എന്ന സ്‌കോറിന് മുന്നിലായിരുന്നു.

പുരുഷ വിഭാഗത്തിൽ ബ്രിട്ടന്റെ ഒളിംപിക്‌സ് ജേതാവ് ആൻഡി മുറെയും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. ക്രൊയേഷ്യയുടെ സിലിക്കിനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് മുറെ സെമിയിൽ ഇടം നേടിയത്. സ്‌കോർ 36, 76, 62, 60.