വാഷിങ്ടൺ: 2016ൽ ഇന്ത്യയിൽ ഗോരക്ഷാ സംഘങ്ങളുടെ അക്രമം വർധിച്ചതായി യുഎസിലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട്. അക്രമ സംഭവങ്ങൾ പ്രധാനമായും മുസ്ലീങ്ങൾക്കെതിരാണ്. ഗോ രക്ഷകർക്കെതിരെ നടപടിയെടുക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടെന്നും യുഎസ് റിപ്പോർട്ട് പറയുന്നു. ഓരോ രാജ്യത്തെയും മത സ്വാതന്ത്ര്യത്തെ തരം തിരിച്ചാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്.

ബിജെപി സർക്കാരിന് കീഴിൽ തീവ്ര ഹിന്ദു ദേശീയവാദി സംഘടനകൾ അഴിച്ചുവിടുന്ന അക്രമങ്ങളിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് വലിയ ആശങ്കയാണുള്ളതെന്നും മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോർട്ട് പറയുന്നു. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണാണ് പുറത്തുവിട്ടത്. ഗോരക്ഷകരുടെ ആക്രമണങ്ങളിൽ ഇരകളാകുന്നവരിൽ ഏറെയും മുസ്ലിംങ്ങളാണ്. ആൾക്കൂട്ട കൊലപാതങ്ങളും ആക്രമണങ്ങളും വലിയ രീതിയിൽ വർധിച്ചു.

മുസ്ലിംങ്ങളോടൊപ്പം ക്രിസ്ത്യാനികൾക്ക് നേരെയും ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും വൻതോതിൽ നടക്കുന്നു. അവരുടെ സ്വത്തുക്കൾ വ്യാപകമായി നശിപ്പിക്കപെടുന്നുവെന്നും റിപ്പോർട്ട് പറയുന്നു. മത പ്രചോദിത കൊലപാതകങ്ങൾ, ആക്രമണങ്ങൾ, കലാപം, വിവേചനം, നശീകരണ പ്രവർത്തനങ്ങൾ, വ്യക്തികളുടെ മതവിശ്വാസങ്ങളിലുള്ള കൈക്കടത്തൽ എന്നിവ വർധിച്ചുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2016ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 300ലധികം അക്രമസംഭവങ്ങളാണ് നടന്നത്. 2015ൽ ഇത് 177 ആണെന്നാണ് റിപ്പോർട്ടിലുള്ളത്.