- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാന്റെ എണ്ണ കപ്പലുകൾ ആദ്യമായി പിടിച്ചെടുത്ത് അമേരിക്ക; ട്രംപ് ഭരണണകൂടം പിടിച്ചെടുത്തത് ഉപരോധം മറികടന്ന് വെനസ്വേലയിലേക്ക് എണ്ണയുമായി പോയ ഇറാന്റെ നാലു കപ്പലുകൾ; സൈനിക ബലം ഉപയോഗിക്കാതെ കീഴ്പ്പെടുത്തിയ കപ്പലുകൾ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കൊണ്ടു പോയതായി റിപ്പോർട്ട്: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം
വാഷിങ്ടൻ: അമേരിക്കൻ ഭരണകൂടത്തിന്റെ ഉപരോധം മറികടന്ന് വെനസ്വേലയിലേക്ക് എണ്ണയുമായി പോയ ഇറാന്റെ നാലു കപ്പലുകൾ യുഎസ് ഭരണകൂടം പിടിച്ചെടുത്തു. എണ്ണ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ഇറാന്റെ കപ്പൽ അമേരിക്ക പിടിച്ചെടുക്കുന്നത്. സൈനിക ബലം പ്രയോഗിക്കാതെ ഹോർമുസ് കടലിടുക്കിന് അടുത്ത് നിന്നാണ് അമേരിക്ക ഇറാന്റെ നാലു കപ്പലുകളും പിടിച്ചെടുത്തത്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വോൾസ്ട്രീറ്റ് ജേർണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുക്കുന്നത്. അതുകൊണ്ട് തന്നെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വെനസ്വേലയിലേക്ക് 1.116 മില്ല്യൺ അസംസ്കൃത എണ്ണയുമായി പോയ കപ്പലുകളാണ് പിടിച്ചെടുത്തത്. ഇത് ഇറാനെയും വെനസ്വേലയേയും ചൊടിപ്പിച്ചിട്ടുണ്ട്. വെനസ്വേലയിലേക്ക് എണ്ണ കടത്താൻ ശ്രമിച്ച നാലു കപ്പലുകൾ പിടിച്ചെടുക്കണമെന്നു കാട്ടി ജൂലൈ രണ്ടിന് യുഎസ് പ്രോസിക്യൂട്ടർമാർ കേസ് ഫയൽ ചെയ്തിരുന്നു. ഈ നടപടിയോടെ യുഎസിന്റെ എതിർചേരിയിൽ നിൽക്കുന്ന രണ്ട് രാജ്യങ്ങൾക്കുമേൽ സാമ്പത്തിക സമ്മർദ്ദമാണ് ട്രംപ് ഭരണകൂടം കൊണ്ടുവന്നിരിക്കുന്നത്.
ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങി മധ്യപൂർവേഷ്യയിലെ ഇറാന്റെ സ്വാധീനം വരെയുള്ള കാരണങ്ങൾ നിരത്തിയാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ സമാധാന കാര്യങ്ങൾക്കുവേണ്ടിയാണ് തങ്ങളുടെ ആണവ പദ്ധതിയെന്ന നിലപാടാണ് ഇറാന്റേത്. ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള രാജ്യത്തിന് എണ്ണ വിറ്റുവരവിൽനിന്നുള്ള വരുമാനം ഇല്ലാതാക്കാനാണ് യുഎസിന്റെ നീക്കം.
ലൂണ, പാൻഡി, ബെറിങ്, ബെല്ല എന്നീ പേരുകളിലുള്ള കപ്പലുകളാണ് അടുത്തിടെ പിടിച്ചെടുത്തത്. നിലവിൽ ഹൂസ്റ്റണിലേക്കാണ് ഇവയെ കൊണ്ടുപോകുന്നത്. ഹൂസ്റ്റണിൽ എത്തിക്കുമ്പോൾ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എത്തുമെന്നാണ് വിവരം. അതേസമയം, സൈനിക ബലം ഉപയോഗിക്കാതെയാണ് കപ്പലുകൾ പിടിച്ചെടുത്തതെന്നാണ് വിവരം. കപ്പലിലുണ്ടായിരുന്ന ആർക്കും ശാരീരികമായ ക്ഷതവും ഏറ്റിട്ടില്ല. പകരം കപ്പലിന്റെ ക്യാപ്റ്റനെയും കപ്പൽ ഉടമസ്ഥരേയും ഇൻഷുറൻസ് കമ്പനിയേയും ഭീഷണിപ്പെടുത്തി കപ്പൽ പിടിച്ചെടുക്കുക ആയിരുന്നു.