വാഷിങ്ടൻ: കോവിഡ് പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യ ചെയ്ത സഹായങ്ങൾ രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമേരിക്ക. ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

യുഎസിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, ബ്ലിങ്കനുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.

കോവിഡ് പോരാട്ടത്തിൽ ഏറെ വിഷമകരമായ ഘട്ടത്തിൽ അമേരിക്ക നൽകിയ ശക്തമായ പിന്തുണയ്ക്കും സഹായങ്ങൾക്കും ജയ്ശങ്കർ, ജോ ബൈഡൻ ഭരണകൂടത്തിനു നന്ദി അറിയിച്ചു.

 

ജനുവരി 20ന് ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരു മന്ത്രി യുഎസ് സന്ദർശിക്കുന്നത്. യുഎസുമായുള്ള ബന്ധം സമീപഭാവിയിൽ ഏറെ ഊഷ്മളമായെന്നും അതു തുടരുമെന്നും ജയ്ശങ്കർ പറഞ്ഞു.

കോവിഡ് ഉൾപ്പെടെ ഇരുരാജ്യങ്ങളും നേരിടുന്ന നിർണായകമായ പ്രശ്നങ്ങൾ മറികടക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന് ബ്ലിങ്കൻ പറഞ്ഞു.

യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. ചൈന സ്വാധീനം വർധിപ്പിക്കുന്ന ഇന്തോ-പസിഫിക് മേഖലയിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും വിലയിരുത്തിയെന്നാണു റിപ്പോർട്ട്.