ബ്രിട്ടന് പിന്നാലെ അമേരിക്കയും ഇന്ത്യയിൽനിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്കുമേൽ കൂടുതൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നു. സ്റ്റുഡന്റ് വിസയിലെത്തുന്നവർ ഓരോവർഷവും അമേരിക്കയിൽ താമസിക്കുന്നതിനുള്ള പെർമിറ്റിനായി അപേക്ഷിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് പരിഗണനയിലുള്ളത്. ദേശീയ സുരക്ഷയുടെ ഭാഗമായി ട്രംപ് ഭരണകൂടം ഈ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയാൽ, അത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ ബാധ്യതയാവും.

ഇപ്പോഴും പരിഗണനാ ഘട്ടത്തിൽ മാത്രമാണ് നിർദേശങ്ങൾ. ഇത് നടപ്പിലാവാൻ ഒന്നരവർഷമെങ്കിലുമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഈ നിർദേശങ്ങൾ ഇപ്പോൾ പരിഗമിക്കുന്നത്.

2016-ലെ കണക്കനുസരിച്ച് അമേരക്കയിലെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലുമായി 166,000 ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള വിദ്യാർത്ഥികളാണ് അമേരിക്കയിലെ വിദേശവിദ്യാർത്ഥികളിൽ 47 ശതമാനവും. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ കൂടുതലായി ബാധിക്കുക ഈ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെയാവും.

ഓരോ കോഴ്‌സിന്റെയും കാലാവധി മുൻകൂട്ടി നിശ്ചയിച്ചാവും താമസിക്കാനുള്ള പെർമിറ്റ് നൽകുക. പുതിയ കോഴ്‌സിന് ചേരുകയോ കോളേജ് മാറുകയോ ചെയ്താലും പെർമിറ്റിന് വീണ്ടും അപേക്ഷിക്കണം. യഥാസമയം കോഴ്‌സ് പൂർത്തിയാക്കാനായില്ലെങ്കിലും പെർമിറ്റിന് വീണ്ടും അപേക്ഷിക്കേണ്ടിവരും.

ഹോംലാൻഡ് സെക്യൂരിറ്റിയുടെ നിർദേശങ്ങളെ അമേരിക്കൻ കോളേജുകളും സർവകലാശാലകളും എതിർക്കുമെന്നുറപ്പാണ്. വിദേശവിദ്യാർത്ഥികൾ അമേരിക്കയിലേക്ക് വരുന്നത് വൻതോതിൽ കുറയ്ക്കുന്നതിനാകും ഈ നിയന്ത്രണങ്ങൾ വഴിവെക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടനിൽ സ്റ്റുഡന്റ് വിസ നിയന്ത്രണങ്ങൾ വിദ്യാർത്ഥികളുടെ എണ്ണത്തെ വൻതോതിൽ ബാധിച്ചിരുന്നു.

വിദ്യാർത്ഥികളുടെ എണ്ണത്തിലെ കുറവ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയാകും. ഇന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾവഴി മാത്രം അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളാണ് നടക്കുന്നത്. 64,000-ത്തോളം ജോലികളിലും അവർ ഏർപ്പെടുന്നുണ്ട്. ഇതവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഒരു ഭരണകൂടത്തിനും കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.